നിർമിതബുദ്ധി (AI) ജോലി നഷ്ടപ്പെടുത്തുമോ? വലിയ ചർച്ചയാണ് ലോകത്തെവിടെയും നടക്കുന്നത്. എഐ പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും മനുഷ്യജീവിതം കൂടുതൽ ആയാസ രഹിതമാക്കുമെന്നും ശാസ്ത്രജ്ഞരടക്കം പറയുന്നുണ്ടെങ്കിലും മിക്കവരും അതൊന്നും കണക്കിലെടുക്കാറില്ല. അതിനിടെ രക്ഷാപ്രവർത്തന രംഗത്ത് വലിയ പ്രതീക്ഷയാണ് എഐ നൽകുന്നത് എന്നാണ് ബിബിസി റിപ്പോർട്ടുചെയ്യുന്നത്.

To advertise here,

മനുഷ്യർ വളരെയധികം സമയമെടുത്ത് ചെയ്യുന്ന തിരച്ചിൽ പോലെയുള്ള ദൗത്യങ്ങളിൽ എഐക്ക് മണിക്കൂറുകൾക്കുള്ളിൽ നിർണായക സൂചനകൾ നൽകാൻ കഴിയും. വലിപ്പെട്ട ജീവനുകൾ രക്ഷിക്കുന്നതിലടക്കം ഏറെ നിർണായകമായിരിക്കും ആ മണിക്കൂറുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന രക്ഷാദൗത്യങ്ങളുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിബിസി ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്.

വിദൂരവും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിൽ കാണാതായവരെയും പർവതാരോഹകരെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. എന്നാൽ പല സന്ദർഭങ്ങളിലും നിർമിതബുദ്ധിക്ക് മണിക്കൂറുകൾക്കുള്ളിൽ ഈ ജോലി ചെയ്യാൻ കഴിയും. അതുവഴി ജീവൻ രക്ഷിക്കാനും സാധിക്കും.

അനുഭവസമ്പത്തുള്ള ഇറ്റാലിയൻ പർവതാരോഹകനും ഓർത്തോപീഡിക് സർജനുമായ നിക്കോള ഇവൽഡോയെ കാണാതായ സമയത്ത് തിരച്ചിലിൽ നിർണായക പങ്കുവഹിച്ചത് എഐ ആണ്. 66 വയസ്സുള്ള ഡോക്ടർ തിങ്കളാഴ്ച ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തിനുവേണ്ടി തിരച്ചിൽ തുടങ്ങിയത്. എവിടെ പോകുന്നു എന്ന കാര്യം അദ്ദേഹം സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ കാർ ഒരു ഗ്രാമത്തിൽ കണ്ടെത്തിയതായിരുന്നു ഏക സൂചന. അവിടെനിന്ന് ആൽപ്‌സിലെ രണ്ട് കൊടുമുടികളിൽ ഏതെങ്കിലും ഒന്നിലേക്കാകാം അദ്ദേഹം പോയത് എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തകർ എത്തി. അദ്ദേഹത്തിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ അൻപതിലധികം രക്ഷാപ്രവർത്തകർ ഒരാഴ്ചയോളം കാൽനടയായി തിരച്ചിൽ നടത്തി. ഹെലികോപ്റ്റർ നിരവധി തവണ പറന്നും അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചു. സെപ്റ്റംബറിന്റെ അവസാനം മഞ്ഞുവീഴ്ച ആരംഭിച്ചതോടെ അദ്ദേഹത്തെ ജീവനോടെ കണ്ടെത്താനുള്ള പ്രതീക്ഷകൾ മങ്ങി. തിരച്ചിൽ നിർത്തിവെക്കുകയും ചെയ്തു.

2025 ജൂലായിൽ മലയിടുക്കുകളിലെ നിന്നുള്ള മഞ്ഞ് ഭൂരിഭാഗവും ഉരുകിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇത്തവണ രക്ഷാപ്രവർത്തകർ നൂതന സാങ്കേതികവിദ്യയുടെ സഹായം തേടി. എഐ ഡ്രോണുകൾ എടുത്ത ആയിരക്കണക്കിന് ഫോട്ടോകൾ വിശകലനം ചെയ്യാൻ കഴിവുള്ള എഐ സോഫ്റ്റ്‌വെയർ അവർ ഉപയോഗിച്ചു. രണ്ട് ഡ്രോണുകൾക്ക് പ്രദേശത്തിന്റെ മുഴുവൻ ചിത്രങ്ങൾ പകർത്താൻ അഞ്ച് മണിക്കൂർ മാത്രമേ എടുത്തുള്ളൂ. അന്നേദിവസം തന്നെ അവ വിശകലനം ചെയ്ത് രക്ഷാപ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങൾ നിർദേശിച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം എഐ തിരിച്ചറിഞ്ഞ സ്ഥലങ്ങളിലൊന്നിൽ കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് മൃതദേഹം വീണ്ടെടുത്തു.

ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭാവിയിൽ ആളുകളെ കാണാതാകുമ്പോൾ എഐ സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് തെളിയിക്കാൻ ഈ സംഭവത്തിന് കഴിഞ്ഞു. തിരച്ചിൽ ദൗത്യങ്ങളിൽ എഐ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നത് ഇതാദ്യമല്ല.

2021-ൽ പോളണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് വ്രോക്‌ളോവിലെ ഒരു സ്പിൻഓഫ് കമ്പനി വികസിപ്പിച്ച സോഫ്റ്റ്‌വെയർ കാണാതായ 65 -കാരനെ കണ്ടെത്താൻ സഹായിച്ചിരുന്നു. സംഭവത്തിൽ സമയം വളരെ വിലപ്പെട്ടതായിരുന്നു. കാണാതായ വ്യക്തിക്ക് അൽസ്‌ഹൈമേഴ്‌സ് രോഗമുണ്ടായിരുന്നു. കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് പക്ഷാഘാതവും സംഭവിച്ചിരുന്നു. SARUAV എന്ന സോഫ്റ്റ്‌വെയർ പ്രദേശത്തിന്റെ 782 ഏരിയൽ ചിത്രങ്ങൾ വിശകലനം ചെയ്യുകയും നാല് മണിക്കൂറിനുള്ളിൽ കാണാതായ വ്യക്തിയെ കണ്ടെത്തുകയും ചെയ്തു.

രണ്ട് വർഷങ്ങൾക്ക് ശേഷം ഇതേ അൽഗോരിതം ഓസ്ട്രിയൻ ആൽപ്സിൽ കാണാതായ മറ്റൊരാളുടെ മൃതദേഹം കണ്ടെത്താനും ഉപയോഗിച്ചു. യുകെയിലെ ലേക്ക് ഡിസ്ട്രിക്റ്റ് സെർച്ച് ആൻഡ് മൗണ്ടൻ റെസ്‌ക്യൂ അസോസിയേഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ 2023-ൽ സ്‌കോട്ടിഷ് ഹൈലാന്റ്‌സിലെ ഗ്ലെൻ എറ്റീവയിൽ കാണാതായ ഒരു കാൽനടയാത്രക്കാരന്റെ മൃതദേഹം കണ്ടെത്താൻ ഉപയോഗിച്ചിരുന്നു.

അതിനിടെ, യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോയിലെ ഗവേഷകർ അടുത്തിടെ ഒരു മെഷീൻ ലേണിങ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. കാണാതായ ഒരാൾ എങ്ങനെയൊക്കെ പെരുമാറാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാൻ സഹായിക്കുന്നതാണിത്. ഡ്രോണുകളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ സംവിധാനം കാടുകൾ പോലുള്ള ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ ഏറെ അനുയോജ്യമാണെന്ന് ഗവേഷകർ പറയുന്നു.