
വിസ്വാര എഐ ലാബ്സ് സ്ഥാപകരായ രാജ് ദണ്ഡേക്കർ, ശ്രീദത്ത് പാനാട്ട്, രജത് ദണ്ഡേക്കർ
കോഴിക്കോട്: അമേരിക്കയിൽ സ്റ്റാർട്ടപ്പ് തുടങ്ങാൻ ലഭിച്ച 5.3 ലക്ഷം ഡോളർ (3.75 കോടി രൂപ) ഉപേക്ഷിച്ച് ഇന്ത്യയിൽ സ്റ്റാർട്ടപ്പ് ആരംഭിച്ച് ഒരു മെയ്ക്ക് ഇൻ ഇന്ത്യ വിപ്ളവം സൃഷ്ടിച്ച് കോഴിക്കോട്ടുകാരൻ.
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് തുടങ്ങി എന്നുമാത്രമല്ല, രണ്ടുവർഷം തികയുമ്പോഴേക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ രണ്ടുപേർക്ക് അവസരമൊരുക്കി, അവർക്ക് ഒരോരുത്തർക്കും 35,000 ഡോളർ (31 ലക്ഷം രൂപ) വാർഷികപ്രതിഫലം നൽകാനുള്ള സാമ്പത്തികഭദ്രത കൈവരിക്കുകയുംചെയ്തു. കോഴിക്കോട് പെരുമൺപുറ ക്ഷേത്രത്തിനുസമീപം ‘ശ്രീലക’ത്തിൽ ശ്രീദത്ത് പാനാട്ടും രണ്ടുസുഹൃത്തുക്കളും ചേർന്നാരംഭിച്ച ‘വിസ്വാര എഐ ലാബ്സാ’ണ് നിർമിതബുദ്ധിയിലൂന്നിയുള്ള പ്രവർത്തന-ഗവേഷണങ്ങളിലൂടെ വിജയത്തിന്റെ ഇന്ത്യൻ മാതൃകയൊരുക്കുന്നത്.
ചെന്നൈ ഐഐടി പഠനം കഴിഞ്ഞ് മാസച്യുസെറ്റ്സ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ശ്രീദത്ത് ആഗോളതലത്തിൽനടന്ന റൈസ് അലയൻസ് ബിസിനസ് പ്ളാൻ മത്സരത്തിൽ 450 ഗവേഷണസംഘങ്ങളോട് മത്സരിച്ചത്. അതിൽ രണ്ടാംസ്ഥാനം നേടിയാണ് മൂന്നേമുക്കാൽ കോടിയുടെ സമ്മാനം കരസ്ഥമാക്കുന്നത്. എന്നാൽ, അതുപ്രകാരം അവിടെ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനാണ് ആ പണം ചെലവിടേണ്ടത്.
ഈ സമ്മാനം സ്വീകരിക്കാതെ പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ച ശ്രീദത്ത്, ചെന്നൈ ഐഐടിയിൽ സഹപാഠികളായിരുന്ന ഇരട്ടസഹോദരങ്ങളായ രാജ് ദണ്ഡേക്കറും രജത് ദണ്ഡേക്കറുമായി ചേർന്നാണ് പുണെയിൽ ‘വിസ്വാര’ തുടങ്ങിയത്. രണ്ടുവർഷംകൊണ്ട് അഞ്ചുകോടി വാർഷിക വിറ്റുവരവ് കൈവരിച്ച ഈ സ്റ്റാർട്ടപ്പ്, മെഷീൻ ലേണിങ് ആസ്പദമാക്കിയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ എഐ വത്കരണം, വ്യവസായമേഖലയിലെ എഐ വത്കരണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റാർട്ടപ്പിന്റെ പ്രധാനപ്രവർത്തനം. ഈ വർഷം ആദ്യമായി എഐയിലെ നൂതനഗവേഷണത്തിന് (ലാർജർ പാർട്ടിക്കിൾ ടു നാനോ) തുടക്കമിടാൻ രണ്ട് യുവഗവേഷകർക്ക് ഇന്റേൺഷിപ്പ് നൽകാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് രണ്ടുപേർക്ക് 31 ലക്ഷം രൂപവീതം ഒരുവർഷത്തേക്ക് പ്രതിഫലമായി നൽകിയത്.
കംപ്യൂട്ടർ സയൻസ്, എഐ, മെഷീൻ ലേണിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ഏതിലെങ്കിലും പിഎച്ച്ഡി ചെയ്യുന്നവർക്കും ഗവേഷണം പൂർത്തീകരിച്ചവർക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഇന്റേൺഷിപ്പിലൂടെ മുന്നോട്ടുവെക്കുന്ന നൂതനാശയം പ്രബന്ധമായി അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കാനും ആലോചനയുണ്ട്.
Content Highlights: Kozhikode native forgoes $5.3M US startup offer to launch `Make in India` AI venture, achieving Rs 5 Crore annual revenue in 2 years.
Published: 20 Nov 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented