യുഎസ്, യുകെ എന്നിവിടങ്ങളില്‍ കര്‍ശനമായ പ്രായ സ്ഥിരീകരണ നിയമം നടപ്പാക്കിയതോടെ പോണ്‍ഹബ്ബ് വെബ്‌സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി കമ്പനി. അഡള്‍ട്ട് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നല്‍കി അവരുടെ പ്രായം വ്യക്തമാക്കണമെന്ന നിയമം നടപ്പാക്കിയ മേഖലകളില്‍ വെബ്‌സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 80 ശതമാനം ഇടിവുണ്ടായെന്നാണ് കമ്പനി പറയുന്നത്.

To advertise here,

ഈ സാഹചര്യത്തില്‍ പ്രായം സ്ഥിരീകരിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് പോണ്‍ ഹബ്ബിന്റെ മാതൃസ്ഥാപനമായ അയ്‌ലോ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ സമീപിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ ഫലപ്രദമല്ലെന്നും അവ ഇന്റര്‍നെറ്റിലെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് ഉപഭോക്താക്കളെ തള്ളിവിടുകയാണെന്നും കമ്പനി ആരോപിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ രീതി പ്രായോഗികമല്ലെന്നും സൈറ്റ് അധിഷ്ഠിത പ്രായപരിധി ഉറപ്പാക്കല്‍ സംവിധാനങ്ങളില്‍ അടിസ്ഥാനപരമായി പിഴവുകളുണ്ടെന്നും വിപരീതഫലം ഉണ്ടാക്കുന്നവയാണെന്നും ഗൂഗിളിനും മൈക്രോസോഫ്റ്റിനും അയച്ച കത്തില്‍ അയ്‌ലോ പറയുന്നതായി വയേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

അഡള്‍ട്ട് വെബ്‌സൈറ്റുകളില്‍ പ്രായം സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താക്കള്‍ തേഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നുണ്ട്. വ്യക്തമായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഈ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ നല്‍കുകയും ആ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രായം സ്ഥിരീകരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ പുറത്തുള്ള കമ്പനികളില്‍ ഐഡികളും ബയോമെട്രിക് വിവരങ്ങളും സൂക്ഷിക്കുന്നതില്‍ ഗുരുതരമായ അപകടസാധ്യതയുണ്ടെന്ന് അയ്‌ലോ ചൂണ്ടിക്കാണിക്കുന്നു.

പ്രായപരിധി നിര്‍ബന്ധമാക്കിയതിനാല്‍, പ്രായനിയന്ത്രണങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാത്ത മറ്റ് അഡള്‍ട്ട് സൈറ്റുകള്‍ക്കായുള്ള തിരച്ചില്‍ വര്‍ധിച്ചതായി തങ്ങള്‍ കണ്ടെത്തിയെന്നും പോണ്‍ഹബ്ബിന്റെ ബ്രാന്‍ഡ് ആന്റ് കമ്മ്യൂണിറ്റി പ്രസിഡന്റ് അലക്‌സ് കെകെസി പറഞ്ഞു. അത്തരം വെബ്‌സൈറ്റുകള്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണെന്നും അലക്‌സ് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് നേരിട്ട് പ്രായ സ്ഥിരീകരണ സംവിധാനങ്ങള്‍ അവതരിപ്പിക്കാന്‍ പോണ്‍ ഹബ്ബ് ആവശ്യചപ്പെടുന്നത്. ഈ പുതി സംവിധാനം വഴി ഫോണുകളും, ടാബ് ലെറ്റുകളും കംപ്യൂട്ടറും ഉപയോഗിച്ച് ഉപഭോക്താവിന്റെ പ്രായം സ്ഥിരീകരിക്കാനാവും. സുരക്ഷിതമായ എപിഐ ഉപയോഗിച്ച് ആ വിവരം വെബ്‌സൈറ്റുകളുമായി പങ്കിടുകയുംവ ചെയ്യാം. ഇതുവഴി ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കാനാവുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.