പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ നിന്ന് പിന്മാറാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കമ്പനി ഇത് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. 2027-ൽ ഇന്ത്യയിൽ നിന്നും പിന്മാറാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നാണ് വൺപ്ലസ് പ്രതികരിച്ചത്.

To advertise here,

വൺപ്ലസ് 16 ഇന്ത്യയിലെത്തില്ല

എന്നാൽ വൺപ്ലസ് 16 സ്മാർട്ഫോൺ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്നാണ് വിവരം. ടിപ്സ്റ്റർ ദേബയൻ റോയിയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ഈ ഫോൺ ചൈനയിൽ മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത. വൺപ്ലസിന്റെ മാതൃകമ്പനിയായ ഒപ്പോയിൽ (OPPO) നടക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് വൺപ്ലസിന്റെ ഉൽപ്പന്നങ്ങളേയും ബാധിക്കുന്നത്. ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് വൺപ്ലസ് പതുക്കെ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. പകരം ബജറ്റ് ഫോണുകളിലേക്ക് മാറും. കഴിഞ്ഞ വർഷം വൺപ്ലസ് 15 ചൈനയിൽ ഇറങ്ങി ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിയിരുന്നു, എന്നാൽ ഇത്തവണ അത് ഉണ്ടാകില്ല.

വൺപ്ലസിന്റെ ഓക്സിജൻ ഒഎസ് , റിയൽമിയുടെ റിയൽമി യുഐ എന്നിവ ഒഴിവാക്കി പകരം ഒപ്പോയുടെ കളർ ഒഎസ് അവതരിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്ന് മാറി, വൺപ്ലസ് എൻ6 , നോർഡ് സിഇ 6 ലൈറ്റ് , വരാനിരിക്കുന്ന വൺപ്ലസ് എൻ6എക്സ് തുടങ്ങിയ ബജറ്റ്, മിഡ് റേഞ്ച് ഫോണുകളിലാകും കമ്പനി ഇനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഫ്ലാഗ്ഷിപ്പ് വിപണി കീഴടക്കാൻ ഒപ്പോ

വൺപ്ലസ് ഫ്ലാഗ്ഷിപ്പ് വിപണിയിൽ നിന്ന് പിന്മാറുന്നതോടെ, ഓപ്പോയെ കമ്പനിയുടെ ഇന്ത്യയിലെ ഏക ഫ്ളാഗ്ഷിപ്പ് ഫോൺ ബ്രാൻഡാക്കി മാറ്റും. ഒപ്പോ ഫൈൻഡ് എക്സ്10 അൾട്രാ ഇന്ത്യയിൽ അവതരിപ്പിക്കില്ലെങ്കിലും, ഫൈൻഡ് എക്സ്10 പ്രോ മാക്സ് , ഫൈൻഡ് എക്സ്10, ഫൈൻഡ് എക്സ്10 പ്രോ എന്നിവയോടൊപ്പം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

2027-ലെ ഒപ്പോയുടെ ഏറ്റവും മികച്ച മോഡലായ ഫൈൻഡ് എക്സ്10 പ്രോ മാക്സിൽ അതിഗംഭീര ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2K ഫ്ലാറ്റ് LTPO OLED ഡിസ്പ്ലേ, പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്കായി മൂന്ന് 200MP ക്യാമറകൾ, മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ചിപ്സെറ്റ്, 8,000 മുതൽ 9,000mAh വരെ വലിയ ബാറ്ററി കപ്പാസിറ്റി, IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയ മികച്ച സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കും.

ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുതിയ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോണിനായി കാത്തിരിക്കുന്നവർക്ക് ഇത് നിരാശാജനകമായ വാർത്തയാണ്. എങ്കിലും ബജറ്റ് ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ വിപണിയിലെത്തുന്ന പുതിയ വൺപ്ലസ് N6x മികച്ചൊരു ഓപ്ഷനായിരിക്കും.