ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച പിക്‌സല്‍ 9എ സ്മാര്‍ട്‌ഫോണ്‍ ഏപ്രില്‍ 16 ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ച് കമ്പനി. ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, തായ്‌വാന്‍, മലേഷ്യ എന്നിവിടങ്ങളിലും ഇതേ ദിവസം തന്നെയാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക. അതേസമയം യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളില്‍ ഏപ്രില്‍ പത്തിന് തന്നെ പിക്‌സല്‍ 9എയുടെ വില്‍പന ആരംഭിക്കും. മാര്‍ച്ച് 19 നാണ് ഫോണ്‍ അവതരിപ്പിച്ചത്. ഏപ്രില്‍ പത്തിന് മുമ്പ് തന്നെ ഫോണ്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫോണിന്റെ അനുബന്ധ ഭാഗത്തിന്റെ തകരാറിനെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു. 

To advertise here,

ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും തീയതി വ്യക്തമാക്കിയിരുന്നില്ല. 49999 രൂപയാണ് ഇന്ത്യയില്‍ പിക്‌സല്‍ 9എ യുടെ വില. 8ജിബി റാം+256 ജിബി സ്റ്റോറേജിന്റെ ഒരു ഓപ്ഷന്‍ മാത്രമാണ് വിപണിയിലെത്തുക. 

സവിശേഷതകള്‍

പിക്സല്‍ 8എ സ്മാര്‍ട്ഫോണില്‍ നിന്ന് വിവിധ മാറ്റങ്ങളുമായാണ് പിക്സല്‍ 9എ എത്തിയിരിക്കുന്നത്. പിക്സല്‍ ഫോണുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ക്യാമറ ബമ്പ് ഒഴിവാക്കിയാണ് പിക്സല്‍ 9എ തയ്യാറാക്കിയിരിക്കുന്നത്. 

48 എംപി പ്രധാന സെന്‍സറും 13 എംപി അള്‍ട്രാ വൈഡ് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയാണിതില്‍. പ്രൈമറി സെന്‍സര്‍ ഉപയോഗിച്ച് വസ്തുക്കളുടെ കൂടുതല്‍ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഒരു മാക്രോ മോഡ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 എംപിയാണ് സെല്‍ഫി ക്യാമറ. 

6.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 2700 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നെസുണ്ട്. ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്പ്സെറ്റാണ് ഇതില്‍. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 

5100 എംഎഎച്ച് ആണ് ബാറ്ററി. ക്യുഐ വയര്‍ലെസ് ചാര്‍ജിങ്ങും 23 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഐപി 68 റേറ്റിങും ഫോണിനുണ്ട്. 

മറ്റ് പിക്സല്‍ ഫോണുകളെ പോലെ ജെമിനൈ എഐ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും സെക്യൂരിറ്റി അപ്ഡേറ്റും ഫോണില്‍ ലഭിക്കും.