ഗൂഗിൾ എർത്ത് പ്ലാറ്റ്ഫോമിൽ ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് എഐ നിർമിത ഉപഗ്രഹ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അത് പിൻവലിച്ച് കമ്പനി. ഗവേഷകരും ഓപ്പൺ-സോഴ്സ് ഇന്റലിജൻസ് വിദഗ്ധരും ആശങ്ക ഉന്നയിച്ചതോടെയാണ് 24 മണിക്കൂറിനുള്ളിൽ ഈ ഫീച്ചർ ഗൂഗിൾ പിൻവലിച്ചത്.

To advertise here,

ജൂലായ് 30-ന് പുറത്തിറക്കിയ ഈ ഫീച്ചർ ഗൂഗിളിന്റെ നാനോ ബനാന 2 ഇമേജ്-ജെനറേഷൻ ടെക്‌നോളജിയുടെ പിൻവലത്തോടെ പ്രവർത്തിക്കുന്നതായിരുന്നു. ഉപയോക്താക്കൾക്ക് ലൊക്കേഷനിലേക്ക് സൂം ചെയ്യാനും ഗൂഗിൾ എർത്ത് ഉപഗ്രഹം, 3D-മാപ്പിങ് ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കി സെക്കൻഡുകൾക്കുള്ളിൽ ചിത്രങ്ങൾ നിർമ്മിക്കാനും അനുവദിക്കുന്നതായിരുന്നു ഈ ഫീച്ചർ. ഉപയോക്താക്കളുടെ ഭാവനയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തതാണിതെന്ന് കമ്പനി പറഞ്ഞിരുന്നു.

എന്നാൽ വിശ്വാസ്യതയ്ക്ക് ഉപയോക്താക്കളെപ്പോലെതന്നെ ഗൂഗിളും പ്രാധാന്യം നൽകുന്നുവെന്ന് ഈ ഫീച്ചർ താത്കാലികമായി പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ പറഞ്ഞു. ‘ഗൂഗിൾ എർത്തിൽ നിന്ന് ഈ ഫീച്ചർ പിൻവലിക്കുകയാണ്. ജനറേറ്റ് ചെയ്ത ചിത്രങ്ങൾ മറ്റുള്ളവർക്ക് കാണാൻ കഴിയില്ല’ - ഗൂഗിൾ വ്യക്തമാക്കി.

ഓപ്പൺ-സോഴ്സ് ഗവേഷകനായ ഹെൻക് വാൻ എസ്സ് അടക്കമുള്ളവർ ഈ ഫീച്ചറിനെതിരെ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരുന്നു. 'മെക്‌സിക്കൻ അതിർത്തിയിലെ അഭയാർഥികൾ, ഇറാനിലെ ഒരു ആണവ നിലയം, ആംസ്റ്റർഡാമിലെ ഒരു അപകടം, ഗാസയിലെ ബോംബ് ഗർത്തമുള്ള ആശുപത്രി എന്നിവയുടെ ഉപഗ്രഹചിത്രം നിർമിക്കാൻ ശ്രമിച്ചു. ഒന്നും ഗൂഗിൾ നിരസിച്ചില്ല.' - ഹെൻക് വാൻ എസ്സ് X-ൽ എഴുതി.

'ഗൂഗിൾ എർത്ത് അപ്ഡേറ്റ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇന്റർനെറ്റിൽ വേഗത്തിൽ പ്രചരിപ്പിക്കാനും കഴിയുന്ന വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉപഗ്രഹ ചിത്രങ്ങൾ നിർമ്മിക്കുന്നത് എളുപ്പമാക്കുന്നു. ഇത് ഉപഗ്രഹ ചിത്രങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നശിപ്പിക്കുകയും പത്രപ്രവർത്തകരുടെയും ഗവേഷകരുടെയും ജോലികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്‌തേക്കാം.' - അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ - വിശകലന വിദഗ്ധനായ ബ്രാഡി ആഫ്രിക്ക് AFP-വാർത്താ ഏജൻസിയോട് പറഞ്ഞു,

ഇത്തരം പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് പുതിയ ഫീച്ചർ മണിക്കൂറുകൾക്കകം ഗൂഗിൾ പിൻവലിച്ചത്. ഈ ഫീച്ചർ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളിൽ ഡിജിറ്റൽ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തിയിരുന്നുവെന്ന് ഗൂഗിൾ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെ ഗൗരവമായി കാണുന്നുവെന്നും ഗൂഗിൾ പ്രതികരിച്ചിട്ടുണ്ട്.