ഒരു പുതിയ ഐഫോൺ വരുന്നുണ്ടെങ്കിൽ, അതോടൊപ്പം പഴയ പതിപ്പുകളുടെ വില കുറയുക പതിവാണ്. പുതിയത് വാങ്ങുന്നതിനുപകരം ഇങ്ങനെ വിലകുറയുന്നത് കാത്ത് പഴയ പതിപ്പുകൾ വാങ്ങുന്നവർ ഏറെയുണ്ട്. എന്നാൽ ആ പതിവുകളൊക്കെ ഇത്തവണ തെറ്റാനാണ് സാധ്യത. ഒട്ടേറെ പ്രത്യേകതകളുണ്ട് ഇത്തവണത്തെ ആപ്പിൾ ലോഞ്ച് ഇവന്റിന്.
ആദ്യമായി ആപ്പിൾ ഒരു ഫോൾഡബിൾ സ്ക്രീൻ ഐഫോൺ പുറത്തിറക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ആപ്പിളിന്റെ നാഴികക്കല്ലായ ഈ പരിപാടിക്ക് നേതൃത്വം നൽകുക പുതുതായി ചുമതലയേറ്റ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോൺ ടെർനസ് ആയിരിക്കും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. കൂടാതെ, പുതിയ ഐഫോണുകൾ രംഗപ്രവേശം ചെയ്യുന്നത് ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം നേരിടുകയും കമ്പനികൾ ഉപകരണങ്ങൾ നിർമിക്കാൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്.
ഇതിനെല്ലാം പുറമേ ആപ്പിൾ ഇത്തവണ സെപ്റ്റംബർ ഒൻപതിന് നടക്കുന്ന പരിപാടിയിൽ ഐഫോൺ 18 ബേസ് മോഡലുകൾ പുറത്തിറക്കില്ലെന്നാണ് വിവരം. പകരം ഈ ബേസ് മോഡലുകൾ അടുത്തവർഷം മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും അവതരിപ്പിക്കുക. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് അല്ലെങ്കിൽ ഐഫോൺ 18 അൾട്രാ എന്നിവയാണ് ഇത്തവണ ഈ സീരീസിൽ പുറത്തിറക്കുക. ഒപ്പം ഫോൾഡബിൾ ഫോണും.
സാധാരണ നാലോ അഞ്ചോ മോഡലുകൾ ഉൾപ്പെടുന്ന ഒരു പുതിയ സീരീസ് വരുമ്പോൾ പഴയ സീരീസിലെ ബേസ് മോഡലുകൾക്ക് വില കുറയാറുണ്ട്. എന്നാൽ ഇത്തവണ ഐഫോൺ 18 ബേസ് മോഡലുകൾ പുറത്തിറക്കുന്നതുവരെ അതിനായി കാത്തിരിക്കേണ്ടിവരും. അതായത് അടുത്തവർഷം മാർച്ച്, ഏപ്രിൽ മാസങ്ങൾവരെ ഐഫോൺ 17 നിലവിലെ വിലയിൽ വിൽപ്പന തുടർന്നേക്കും. അതുവരെ ഐഫോൺ 17-ന്റെ പുതുമ നഷ്ടപ്പെടാതെ തുടരുകയും ചെയ്യും.
എന്നാൽ ഇതിൽ മറ്റൊരു തടസ്സം നിലനിൽക്കുന്നുണ്ട്. മെമ്മറി ചിപ്പ് വിലവർധനയെത്തുടർന്ന് നിർമാണച്ചെലവ് കൂടിയതിനാൽ പൊതുവേ ഐഫോൺ 18 സീരീസിന് മുൻപതിപ്പുകളേക്കാൾ വിലകൂടുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചിലപ്പോൾ ഐഫോൺ 18 ബേസ് മോഡൽ കൂടിയ വിലയ്ക്ക് വിൽക്കുകയും ഐഫോൺ 17 ബേസ് മോഡൽ നിലവിലെ വിലയിൽത്തന്നെ നിലനിർത്താനും സാധ്യതയുണ്ട്. ഇനി വില കുറയ്ക്കുന്നതിനുപകരം പതിവ് തെറ്റിച്ച് ഐഫോൺ 17 മോഡൽ പൂർണമായും പിൻവലിക്കില്ലെന്ന് ആരു കണ്ടു! അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇത്തവണ ഐഫോൺ 18ഇ എന്ന പേരിൽ ഒരു വിലകുറഞ്ഞ പതിപ്പുകൂടി അവതരിപ്പിക്കാനിടയുണ്ട്. എന്തായാലും സെപ്റ്റംബറോടെ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾ വിപണിയിൽനിന്ന് പിൻവലിക്കപ്പെടും.
പുതിയ 18 പ്രോ മോഡലുകളുടെ വില
ഐഫോൺ 18 പ്രോയുടെ പ്രാരംഭവില ഇന്ത്യയിൽ ഏകദേശം 1,39,900 രൂപയായിരിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 17 പ്രോയുടെ പ്രാരംഭവില 1,34,900 രൂപയായിരുന്നു. കൂടാതെ, ഇതിന്റെ 256 ജിബി മോഡലിന് ഏകദേശം 1,44,900 രൂപ വില കണക്കാക്കുന്നു. അതേസമയം, ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ പ്രാരംഭവില 1,54,900 രൂപയ്ക്കും 1,59,900 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിവരങ്ങൾ.
Content Highlights: Apple's upcoming September 9 event is set to break tradition by debuting its first foldable device and iPhone 18 Pro models under new leadership, while delaying the budget-friendly base models and postponing customary price cuts on the iPhone 17 due to rising component costs.
Published: 07 Sept 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented