ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോണാണ് ഐഫോൺ ഡ്യുവോ. പാസ്പോർട്ട് പോലെ മടക്കാനാവുന്ന വലിയ ഫോൾഡബിൾ സ്ക്രീനുൾപ്പെടെ രണ്ട് ഡിസ്പ്ലേകളുള്ള അത്യാകർഷകമായ ആഡംബര സ്മാർട്ഫോണാണിത്. ഐഫോൺ ഡ്യുവോ എന്ന പേര് കേട്ടപ്പോൾ ആദ്യം ഓർമവന്നത്, അതേ പേരിൽത്തന്നെ മുൻപ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ച സർഫേസ് ഡ്യുവോ എന്ന ഡിവൈസിനെയാണ്. കൂടുതൽ പരിശോധിച്ചപ്പോൾ ഈ രണ്ട് ഡിവൈസുകളും തമ്മിൽ പേരിൽ മാത്രമല്ല അല്ലാതെയും അവിശ്വസനീയമാംവിധമുള്ള സാമ്യതകളുണ്ട്. 2020-ൽ അവതരിപ്പിക്കപ്പെട്ട സർഫേസ് ഡ്യുവോ എന്ന ഫോൾഡബിൾ ഡിവൈസിന്റെ അടിസ്ഥാന ഡിസൈൻ കാഴ്ചപ്പാടുകളോട് സമാനത പുലർത്തുംവിധമാണ് ഐഫോൺ ഡ്യുവോ ഒരുക്കിയിരിക്കുന്നത്.

To advertise here,

ഇരു ഡിവൈസുകളും തമ്മിലുള്ള പ്രധാന വ്യത്യാസം സർഫേസ് ഡ്യുവോ ഒരു ഫ്ലെക്സിബിൾ ഫോൾഡബിൾ സ്ക്രീനിനു പകരം രണ്ട് വെവ്വേറെ സ്ക്രീനുകൾ ഹിഞ്ച് വഴി ബന്ധിപ്പിച്ച ഡ്യുവൽ സ്ക്രീൻ ഡിവൈസ് ആയിരുന്നെങ്കിൽ, ഐഫോൺ ഡ്യുവോ ഒരു ഒറ്റ ഫ്ലെക്സിബിൾ ഫോൾഡബിൾ സ്ക്രീനാണ് ഉപയോഗിക്കുന്നത്. എങ്കിലും, ഇരു ഫോണുകളുടെയും രൂപകൽപ്പന പരിശോധിച്ചാൽ താഴെ പറയുന്ന പ്രധാന സാമ്യതകൾ കാണാൻ സാധിക്കും. 

  • പേരിലെ സാമ്യത: ഇരു ഡിവൈസുകൾക്കും "ഡ്യുവോ" എന്ന പേരാണ് നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് സർഫേസ് ഡ്യുവോ ഇറക്കി ആറ് വർഷത്തിനുശേഷമാണ് ആപ്പിൾ അതേ പേരിൽ ഐഫോൺ ഡ്യുവോ അവതരിപ്പിച്ചിരിക്കുന്നത്.
  • പാസ്പോർട്ട് സ്റ്റൈൽ ഡിസൈൻ: സാധാരണ ഫോൾഡബിൾ ഫോണുകളിൽ കാണുന്ന വീതികുറഞ്ഞ നീളമേറിയ രൂപത്തിനു പകരം, അല്പം വീതിയുള്ള പാസ്പോർട്ട് ഫോർമാറ്റിലാണ് രണ്ട് ഫോണുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. മടക്കിവെക്കുമ്പോൾ ഒരു പാസ്പോർട്ടിന്റെ വലുപ്പത്തിൽ കയ്യിലൊതുക്കാൻ ഇത് സഹായിക്കുന്നു.
  • കനവും ഭാരവും കുറവ്: നിവർത്തുമ്പോൾ ഇരു ഡിവൈസുകളുടെയും കനം കുറവാണ്. മടക്ക് നിവർത്തുമ്പോൾ സർഫേസ് ഡ്യുവോയ്ക്ക് 4.8 മില്ലിമീറ്റർ കനമുണ്ടായിരുന്നപ്പോൾ ഐഫോൺ ഡ്യുവോയ്ക്ക് 5.2 മില്ലിമീറ്റർ കനമാണുള്ളത്. ഭാരത്തിന്റെ കാര്യത്തിലും ഇവ വളരെ അടുത്താണ്. സർഫേസ് ഡ്യുവോയ്ക്ക് 250 ഗ്രാമും ഐഫോൺ ഡ്യുവോയ്ക്ക് 254 ഗ്രാമുമാണ് ഭാരം.
  • ഡിസ്പ്ലേ വലുപ്പം: നിവർത്തുമ്പോൾ വലിയൊരു വർക്ക്സ്പേസ് നൽകാൻ ഇരു ഫോണുകൾക്കും സാധിക്കുന്നു. സർഫേസ് ഡ്യുവോ നിവർത്തുമ്പോൾ രണ്ട് സ്ക്രീനുകൾ ചേർന്ന് 8.1 ഇഞ്ച് വിസ്തൃതിയും, ഐഫോൺ ഡ്യുവോയുടെ ഫോൾഡബിൾ സ്ക്രീൻ നിവർത്തുമ്പോൾ 7.6 ഇഞ്ച് വിസ്തൃതിയും ലഭിക്കും.
  • മൾട്ടിടാസ്കിങ്ങും സ്റ്റൈലസ് സപ്പോർട്ടും: രണ്ട് ആപ്പുകൾ ഒരേസമയം വശങ്ങളിൽ തുറന്നുവെച്ച് പ്രവർത്തിപ്പിക്കാനുള്ള മൾട്ടിടാസ്കിങ് സൗകര്യം ഇരു ഫോണുകളുടെയും പ്രധാന സവിശേഷതയാണ്. കൂടാതെ, സർഫേസ് ഡ്യുവോ സർഫേസ് പെൻ പിന്തുണച്ചതുപോലെ ഐഫോൺ ഡ്യുവോ ആപ്പിൾ പെൻസിൽ പിന്തുണയ്ക്കുന്നുണ്ട്.
  • ഫിംഗർപ്രിന്റ് സ്കാനർ സുരക്ഷ: രണ്ട് ഫോണുകളിലും ഫിംഗർപ്രിന്റ് സ്കാനറുണ്ട് എന്നതും മറ്റൊരു സമാനതയാണ്.

 

ഈ സമാനതകൾക്ക് കാരണമെന്ത് ? 

ആറ് വർഷം മുൻപ് പുറത്തിറങ്ങിയ മൈക്രോസോഫ്റ്റ് സർഫേസ് ഡ്യുവോയും 2026-ൽ പുറത്തിറങ്ങിയ ഐഫോൺ ഡ്യുവോയും തമ്മിലുള്ള സാമ്യതയ്ക്ക് കാരണം അന്വേഷിച്ചുപോയാൽ ഒരു പത്ത് വർഷം പിന്നോട്ടുപോവേണ്ടിവരും. 2017 ജൂണിൽത്തന്നെ ഡ്യുവൽ-സ്ക്രീൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്റുകൾ ആപ്പിൾ ഫയൽ ചെയ്തിരുന്നു. 2020 മാർച്ചിലാണ് ഇതിന് അനുമതി ലഭിച്ചത്. അന്ന് മൈക്രോസോഫ്റ്റിന്റെ എതിരാളി എന്ന നിലയിലാണ് ആപ്പിളിന്റെ ഫോൾഡബിൾ ഡിവൈസിനെക്കുറിച്ചുള്ള വാർത്തകൾ വന്നത്. കാരണം, സർഫേസ് ഡ്യുവോയെപ്പോലെ, രണ്ട് വ്യത്യസ്ത സ്ക്രീനുകൾ കാന്തിക സംവിധാനത്തിലൂടെയോ ഹിഞ്ച് വഴിയോ കൂട്ടിയിണക്കി, ഒറ്റ സിസ്റ്റമായി പ്രവർത്തിപ്പിക്കുന്ന രീതിയാണ് ആപ്പിൾ പേറ്റന്റുകളിൽ വിശദീകരിച്ചിരുന്നത്.

മൈക്രോസോഫ്റ്റിന്റെ സർഫേസ് ഡ്യുവോയ്ക്ക് പക്ഷേ വിപണിയിൽ സ്വീകാര്യത ലഭിച്ചില്ല. ഹാർഡ്‌വേർ മികച്ചതായിരുന്നുവെങ്കിലും ഡ്യുവൽ സ്ക്രീനിന് അനുയോജ്യമായി ആപ്പുകൾ പ്രവർത്തിക്കുന്നില്ലെന്നത് ഉൾപ്പെടെ സോഫ്റ്റ്‌വേർ തലത്തിൽ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന്, രണ്ട് വെവ്വേറെ സ്ക്രീനുകൾക്ക് പകരം ഒറ്റ ഫോൾഡബിൾ സ്ക്രീനുള്ള 'നിയോൺ' (Neon) എന്ന് വിളിപ്പേരിട്ട് സർഫേസ് ഡ്യുവോ 3 വികസിപ്പിക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരുന്നുവെങ്കിലും 2023 തുടക്കത്തിൽ മൈക്രോസോഫ്റ്റ് ഈ പദ്ധതി പൂർണമായും ഒഴിവാക്കുകയും 2023 സെപ്റ്റംബറിൽ സർഫേസ് ഡ്യുവോയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ 2017 മുതൽ ആസൂത്രണം ചെയ്യുന്നതും മൈക്രോസോഫ്റ്റ് വിട്ടിട്ടുപോവുകയും ചെയ്ത പാസ്പോർട്ട് സ്റ്റൈൽ ഡിസൈനിന്റെ സാധ്യതകൾ ആപ്പിൾ അവഗണിച്ചില്ല. രണ്ട് സ്ക്രീനുകൾക്ക് പകരം ഫോൾഡബിൾ സ്ക്രീൻ ഉപയോഗിക്കാൻ ആപ്പിൾ തീരുമാനിച്ചു. സർഫേസ് ഡ്യുവോയുടെ പ്രധാന പരാജയകാരണമായിരുന്ന സോഫ്റ്റ്‌വേർ തടസ്സങ്ങൾ പരിഹരിച്ച്, iOS 27 വഴി ആപ്പുകൾ കൃത്യമായി സ്കെയിൽ ചെയ്യാനും സ്പ്ലിറ്റ് വ്യൂ മൾട്ടിടാസ്കിങ് സുഗമമാക്കാനും ആപ്പിളിന് കഴിഞ്ഞു. കൂടാതെ, തിടുക്കം കാണിച്ച് പ്രശ്നങ്ങൾ നിറഞ്ഞ ഒരു ‍‍ഡിവൈസ് പുറത്തിറക്കുന്നതിനു പകരം, ഫോൾഡബിൾ സ്ക്രീൻ സാങ്കേതികവിദ്യയും അതിന് അനുയോജ്യമായ ആപ്പ് പരിതസ്ഥിതിയും വിപണിയും വികാസം പ്രാപിക്കുന്നതുവരെ ആപ്പിൾ കാത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്തായാലും സർഫേസ് ഡ്യുവോ പോയെങ്കിലും ഐഫോൺ ഡ്യുവോയ്ക്ക് വിപണിയിൽ മത്സരിക്കാൻ ഇതേ വിഭാഗത്തിൽ പെടുന്ന സാംസങിന്റെ ഗാലക്സി സെഡ് ഫോൾഡ് 8 (Galaxy Z fold8) ഉണ്ട്.