ആപ്പിളിന്റെ പുതിയ ഐഫോൺ ശ്രേണി സെപ്റ്റംബർ ആദ്യം പുറത്തിറങ്ങാനിരിക്കുകയാണ്. പതിവിൽ നിന്ന് മാറി ചില മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ആപ്പിളിന്റെ അവതരണ പരിപാടി നടക്കുക. ഐഫോൺ ശ്രേണിയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ മാത്രമായിരിക്കും സെപ്റ്റംബറിൽ നടക്കുന്ന അവതരണ പരിപാടിയിൽ പുറത്തിറക്കുകയെന്നാണ് വിവരം. ഇതോടൊപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോണും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ സെപ്റ്റംബറിൽ പുറത്തിറക്കാറുള്ള ഐഫോൺ സ്റ്റാൻഡേഡ് മോഡലും, ഐഫോൺ എയർ മോഡലും മാസങ്ങൾക്ക് ശേഷമായിരിക്കും വിപണിയിലെത്തിക്കുക.
എന്തെല്ലാമാണ് ഇത്തവണ ഐഫോണുകൾ ഉപയോക്താക്കൾക്കായി കാത്തുവെച്ചിട്ടുള്ളത്?
ഡിസൈനും ഡിസ്‌പ്ലേയും
ഐഫോൺ 18 പ്രോ മോഡലുകൾക്ക് യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പം ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ. അലുമിനിയം ഫ്രെയിം ഉൾപ്പെടെയുള്ള ഇവയുടെ ഡിസൈൻ മുൻപ് ഉണ്ടായിരുന്ന ഐഫോൺ 17 പ്രോ സീരീസിന് സമാനമായിരിക്കുമെങ്കിലും, ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തിന് ചില മാറ്റങ്ങളുണ്ടായേക്കാം. വലിയ ബാറ്ററികളും പുതിയ കൂളിംഗ് സിസ്റ്റവും ഉൾക്കൊള്ളിക്കാൻ ഫോണുകൾക്ക് നേരിയ രീതിയിൽ കനം കൂടും. ഡിസ്‌പ്ലേയുടെ മുൻഭാഗത്തെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറഞ്ഞേക്കും. കൂടുതൽ കാര്യക്ഷമതയുള്ള LTPO+ സാങ്കേതികവിദ്യ ഡിസ്‌പ്ലേയിൽ ഉപയോഗിച്ചേക്കാം. എന്നാൽ അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി സാങ്കേതികവിദ്യ ഈ മോഡലുകളിൽ ഉടൻ വരാൻ സാധ്യതയില്ലെന്നാണ് വിവരം.
ക്യാമറയിലെ മാറ്റങ്ങൾ
ഫോണിന്റെ പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ പരീക്ഷിക്കുന്നുണ്ട്. ഇത് സെൻസറിലേക്ക് പ്രവേശിക്കുന്ന വെളിച്ചത്തിന്റെ അളവ് നിയന്ത്രിക്കാനും മികച്ച ചിത്രങ്ങളെടുക്കാനും ഡെപ്ത് ഓഫ് ഫീൽഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഉയർന്ന അപ്പർച്ചറുള്ള ടെലിഫോട്ടോ ക്യാമറയും, മികച്ച ചിത്രങ്ങൾക്കായി പുതിയ സ്റ്റാക്ക്ഡ് ഇമേജ് സെൻസറും പരീക്ഷിക്കുന്നുണ്ടെന്നും മുമ്പ് വന്ന റിപ്പോർട്ടുകളിൽ പറയുന്നു.
എ20 ചിപ്പും മികച്ച പെർഫോമൻസും
TSMC-യുടെ 2nm പ്രോസസ് ഉപയോഗിച്ച് നിർമിക്കുന്ന ആപ്പിളിന്റെ പുതിയ തലമുറ A20 ചിപ്പ് ആയിരിക്കും ഈ ഫോണുകളിൽ ഉപയോഗിക്കുക.
ഇത് ഫോണുകളുടെ പ്രകടനത്തിലും കാര്യക്ഷമതയിലും മികച്ച മാറ്റം കൊണ്ടുവരും. മുൻപത്തെ A19 ചിപ്പിനെക്കാൾ 18 ശതമാനം വരെ വേഗതയും 30 ശതമാനം വരെ കാര്യക്ഷമതയും ഇതിനുണ്ടായേക്കാം.
ബാറ്ററിയും കണക്റ്റിവിറ്റിയും
പുതിയ മോഡലുകളിൽ ഫോണിന്റെ ബാറ്ററി ശേഷി വർധിപ്പിക്കും. പ്രത്യേകിച്ച് ഐഫോൺ 18 പ്രോ മാക്സിൽ 5,567mAh ബാറ്ററി ലഭിച്ചേക്കാം. മുൻപ് 17 പ്രോ മാക്സിൽ ഇത് 5,088mAh ആയിരുന്നു. കണക്ടിവിറ്റിക്കായി ആപ്പിളിന്റെ വരും തലമുറ C2 മോഡം ഇതിൽ ഉപയോഗിച്ചേക്കാം. ഇത് വഴി സെല്ലുലാർ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ സഹായിക്കുന്ന സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭിക്കാൻ സാധ്യതയുണ്ട്.
വില എത്രയായിരിക്കും?
- ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില ഇന്ത്യയിൽ ഏകദേശം 1,39,900 രൂപ ആയിരിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 17 പ്രോയുടെ പ്രാരംഭ വില 1,34,900 രൂപയായിരുന്നു. കൂടാതെ, ഇതിന്റെ 256GB മോഡലിന് ഏകദേശം 1,44,900 രൂപ വില കണക്കാക്കുന്നു.
- അതേസമയം, ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ പ്രാരംഭ വില 1,54,900 രൂപയ്ക്കും 1,59,900 രൂപയ്ക്കും ഇടയിൽ ആയിരിക്കുമെന്നാണ് വിവരങ്ങൾ.
ആഗോള വിപണിയിൽ മോഡലുകൾക്കും സ്റ്റോറേജ് വേരിയന്റുകൾക്കും അനുസരിച്ച് ഏകദേശം 200 മുതൽ 300 ഡോളർ വരെ വില വർധനവ് ഉണ്ടായേക്കാമെന്ന് ചില വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Apple is preparing a unique September launch event focusing exclusively on the iPhone 18 Pro, iPhone 18 Pro Max, and its first-ever foldable smartphone, featuring massive upgrades like the 2nm A20 chip, variable aperture cameras, and higher battery capacities.
Published: 30 Aug 2026, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented