വാഷിംഗ്ടൺ: ശത്രുരാജ്യങ്ങളുടെ അതീവ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള പുതിയ തലമുറ ബങ്കർ ബസ്റ്റർ ബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക. ജി.ബി.യു-76/ബി എന്നന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ മാരകായുധം, നിലവിലുള്ള ജി.ബി.യു-57 ബോംബിന് പകരക്കാരനായാണ് എത്തുന്നത്. 2025 ജൂണിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന സൈനിക നീക്കത്തിൽ ജി.ബി.യു-57 ബോംബുകൾ ഉപയോഗിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അന്ന് 7 ബി-2 ബോംബറുകൾ ഉപയോഗിച്ച് 14 ബോംബുകളാണ് വർഷിച്ചത്. ഈ ആക്രമണത്തിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ് പുതിയ ജി.ബി.യു-76/ബി വികസിപ്പിക്കുന്നത്.
നെക്സ്റ്റ് ജനറേഷൻ പെനെട്രേറ്റർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് കീഴിലാണ് പുതിയ ബോംബ് വരുന്നത്. ജി.പി.എസ് സംവിധാനം തടസ്സപ്പെട്ട സാഹചര്യങ്ങളിൽ പോലും 2.2 മീറ്റർ കൃത്യതയോടെ ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് സാധിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് തൊടുത്തുവിടാൻ സഹായിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകളും ഉൾപ്പെടുന്നതാകും പുതിയ ബോംബെന്നാണ് റിപ്പോർട്ടുകൾ. അതായത് ബോംബ് വർഷിക്കാൻ ശത്രുരാജ്യങ്ങളുടെ സമീപത്ത് എത്തിയാൽ മാത്രം മതി. സങ്കീർണമായ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരിധിയിൽ വരാതെ തന്നെ ആ രാജ്യങ്ങളിൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താൻ സഹായിക്കുന്ന തരത്തിലാണ് ബോംബിന്റെ രൂപകൽപ്പന.
ഏകദേശം 20,000 മുതൽ 30,000 പൗണ്ട് (9.07 ടൺ മുതൽ 13.6 ടൺ വരെ) വരെ ഭാരമുള്ളതായിരിക്കും ജി.ബി.യു-76/ബി എന്നാണ് വിവരം. ഇതിന്റെ പൂർവ്വികനായ ജി.ബി.യു-57-ന് 200 അടി താഴ്ചയിലുള്ള കോൺക്രീറ്റ് പാളികൾ തകർക്കാനുള്ള ശേഷിയുണ്ടായിരുന്നു. പുതിയ ബോംബ് ഇതിനേക്കാൾ പ്രഹരശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇറാൻ, ചൈന, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ അതിശക്തമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഭൂഗർഭ സൈനിക കേന്ദ്രങ്ങൾ, കമാൻഡ് ബങ്കറുകൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കുക എന്നതാണ് ഈ ആയുധത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയുടെ ഭാവി സ്റ്റെൽത്ത് ബോംബറായ ബി-21 റെയ്ഡറിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ബി-2 സ്പിരിറ്റ് ബോംബറുകൾക്ക് മാത്രമാണ് ഇത്തരം ഭീമൻ ബോംബുകൾ വഹിക്കാൻ ശേഷിയുള്ളത്
ബോംബിന്റെ ഗവേഷണം, വികസനം, നിർമ്മാണം എന്നിവയ്ക്കായി യുഎസ് വ്യോമസേന താൽപ്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഈ അത്യാധുനിക പദ്ധതിയിൽ പങ്കാളികളാകാൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇറാനുമായുണ്ടായ സമീപകാല സംഘർഷങ്ങളാണ് ഇത്തരമൊരു അത്യാധുനിക ആയുധം വേഗത്തിൽ വികസിപ്പിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. പുതിയ ബോംബ് വികസിപ്പിക്കുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ടാകും. മാത്രമല്ല ഇത് ഉപയോഗിക്കുന്നതും വലിയ ചെലവിന് കാരണമാകും.
ജി.ബി.യു-57 ന് ഏകദേശം 400 ദശലക്ഷം മുതൽ 500 ദശലക്ഷം യു.എസ്. ഡോളർ വരെയാണ് (ഏകദേശം 3,300 കോടി മുതൽ 4,100 കോടിയിലധികം ഇന്ത്യൻ രൂപ) ഇതിന്റെ റിസർച്ച്, ഡെവലപ്മെന്റ്, ടെസ്റ്റിംഗ് ഘട്ടങ്ങൾക്കായി മാത്രം ചിലവായത്. ഇത് സാധാരണ ബോംബുകൾ പോലെ കൂട്ടത്തോടെ നിർമ്മിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇതിന്റെ നിർമ്മാണ പ്രക്രിയ വളരെ സങ്കീർണ്ണവും ചിലവേറിയതുമാണ്. ഒരു ജി.ബി.യു-57 ബോംബ് നിർമ്മിക്കാൻ ഏകദേശം 3.5 മില്യൺ ഡോളർ (ഏകദേശം 29 കോടി രൂപ) ചിലവ് വരും. എന്നാൽ ഇതിന്റെ ഗൈഡൻസ് സിസ്റ്റം, അനുബന്ധ ഉപകരണങ്ങൾ, കാലാകാലങ്ങളിൽ വരുത്തുന്ന അപ്ഗ്രേഡുകൾ എന്നിവയടക്കം കണക്കാക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല്യം ഓരോ യൂണിറ്റിനും 13 മില്യൺ മുതൽ 15 മില്യൺ ഡോളർ വരെ (100 കോടിയിലധികം രൂപ) ഉയർന്നേക്കാം.
ജി.ബി.യു-57 ബോംബ് അതിന്റെ ഭീമമായ വലിപ്പവും ഭാരവും കാരണം എല്ലാ യുദ്ധവിമാനങ്ങളിലും വഹിക്കാൻ കഴിയില്ല. അമേരിക്കയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾക്ക് മാത്രമേ ഇത് വഹിക്കാൻ ശേഷിയുള്ളൂ (ഒരു വിമാനത്തിന് പരമാവധി രണ്ട് ബോംബുകൾ വരെ വഹിക്കാം).
അതുകൊണ്ട് തന്നെ ഇത് ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചു പ്രയോഗിക്കാനുള്ള ചിലവ് വളരെ കൂടുതലാണ്. ബി-2 ബോംബർ വിമാനം ഒരു മണിക്കൂർ പറക്കുന്നതിന് മാത്രം ഏകദേശം 1,50,000 യു.എസ്. ഡോളർ (ഏകദേശം 1.25 കോടി രൂപ) ചിലവുണ്ട്. അമേരിക്കയിൽ നിന്ന് പുറപ്പെട്ട് മിഡിൽ ഈസ്റ്റിലോ മറ്റോ ഉള്ള ഒരു ലക്ഷ്യസ്ഥാനത്ത് ബോംബാക്രമണം നടത്തി തിരിച്ചെത്താൻ ഒരു ബി-2 വിമാനത്തിന് 30 മുതൽ 40 മണിക്കൂർ വരെ വേണ്ടി വന്നേക്കാം. അതായത്, വിമാനത്തിന്റെ ഇന്ധനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മാത്രമായി 5 മുതൽ 7 ദശലക്ഷം ഡോളർ (40 മുതൽ 58 കോടി രൂപ) ചെലവാകും.
ബോംബിന്റെ വില, വിമാനത്തിന്റെ ചിലവ്, റീഫ്യൂവലിംഗ് ടാങ്കറുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം കൂട്ടി ഒരു തവണ ഈ ബോംബ് വിജയകരമായി ശത്രുവിന് മേൽ പ്രയോഗിക്കാൻ ചുരുങ്ങിയത് 20 മില്യൺ മുതൽ 30 മില്യൺ ഡോളർ വരെ (ഏകദേശം 160 കോടി മുതൽ 250 കോടി രൂപ വരെ) അമേരിക്കയ്ക്ക് ചിലവ് വരുന്നു.
പുതിയ ജി.ബി.യു-76/ബി എന്ന ബോംബ് വികസിപ്പിക്കാൻ ഇതിലും കൂടുതൽ ഫണ്ട് വകയിരുത്തേണ്ടി വരും. ഈ അത്യാധുനിക ബോംബിന്റെ ഗവേഷണങ്ങൾക്കും വികസനത്തിനുമായി മാത്രം 169 മില്യൺ യു.എസ്. ഡോളർ (ഏകദേശം 1,400 കോടിയിലധികം ഇന്ത്യൻ രൂപ) അമേരിക്കൻ വ്യോമസേന തങ്ങളുടെ 2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബോംബിന്റെ പൂർണമായ ഗവേഷണം, ഡിസൈൻ പരിഷ്‌ക്കരണം, പരീക്ഷണങ്ങൾ, വൻതോതിലുള്ള ഉത്പാദനം, വിമാനങ്ങളുമായുള്ള സംയോജനം എന്നിവയുൾപ്പെടെയുള്ള മൊത്തം പദ്ധതിയുടെ ചെലവ് 250 മില്യൺ ഡോളർ മുതൽ 1.5 ബില്യൺ (150 കോടി) ഡോളർ വരെയാണ് (ഏകദേശം 2,000 കോടി രൂപ മുതൽ 12,500 കോടിയിലധികം ഇന്ത്യൻ രൂപ വരെ).
Content Highlights: Development of the GBU-76/B as a successor to the GBU-57., Designed for deep underground facility destruction with 2.2-meter GPS-denied accuracy., Integrated for future B-21 Raider stealth bombers., US Air Force budget request of $169 million for FY2027 R&D., Focus on neutralizing hardened military and nuclear sites in Iran, China, and North Korea.
Published: 07 Jun 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented