മനുഷ്യന് പകരം യന്ത്രങ്ങൾ യുദ്ധം ചെയ്യുന്ന കാലം വരുമെന്ന ഭാവന യാഥാർഥ്യമാവുകയാണ്. നാലുവർഷമായി തുടരുന്ന യുക്രൈൻ - റഷ്യ യുദ്ധമാണ് യുദ്ധതന്ത്രങ്ങളെയും രീതികളെയും മാറ്റിമറിച്ച പരീക്ഷണങ്ങളുടെ വേദി. വർഷങ്ങളായി റഷ്യയെ പ്രതിരോധിച്ച് നിൽക്കുന്ന യുക്രൈൻ സൈന്യം കടുത്ത ആൾക്ഷാമമാണ് നേരിടുന്നത്. റഷ്യയുമായുള്ള യുദ്ധത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷം സൈനികരെക്കൂടി യുക്രൈൻ കണ്ടെത്തണം. ജനസംഖ്യയിലെ കുറവും പലായനവും യുക്രൈനിൽ സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യത്യസ്തങ്ങളായ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെയാണ് യുക്രൈൻ പിടിച്ചുനിൽക്കുന്നത്. യുക്രെയ്ൻ മുൻനിരയിൽ ഇപ്പോൾ സൈനികരേക്കാൾ കൂടുതൽ മെഷീനുകളും അവയെ നിയന്ത്രിക്കുന്ന ചെറിയ സംഘങ്ങളുമാണുള്ളത്.

To advertise here,

യുക്രൈൻ സൈന്യത്തിൽ ആളുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞുവരികയാണ്. പല ബ്രിഗേഡുകളിലും പകുതിയോ അതിൽ കുറവോ സൈനികർ മാത്രമേ ഉള്ളൂ. മുൻനിരയിലുള്ള സൈനികരുടെ ശരാശരി പ്രായം 43 മുതൽ 45 വരെയായി വർദ്ധിച്ചിരിക്കുന്നു. ആളുകളുടെ കുറവ് പരിഹരിക്കാൻ യുക്രൈൻ ഇപ്പോൾ ഡ്രോണുകൾ, ഗ്രൗണ്ട് റോബോട്ടുകൾ, സെൻസർ നെറ്റ്വർക്കുകൾ, ആർട്ടിലറി സംവിധാനങ്ങൾ എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2025 അവസാനത്തോടെ, യുക്രൈൻ ലക്ഷ്യമിട്ട റഷ്യയിലെ കേന്ദ്രങ്ങളിൽ 80 ശതമാനത്തിലധികം ലക്ഷ്യങ്ങളും നശിപ്പിച്ചത് ഡ്രോണുകളാണ്. ഒരു പൈലറ്റ് തന്നെ മൂന്ന് ഡ്രോണുകൾ വരെ നിയന്ത്രിക്കുന്ന സംവിധാനം നിലവിലുണ്ട്.

'മനുഷ്യർ ചിന്തിക്കുന്നു, യന്ത്രങ്ങൾ ജോലി ചെയ്യുന്നു' എന്നതാണ് പുതിയ യുദ്ധതന്ത്രമെന്ന് കമാൻഡർമാർ വ്യക്തമാക്കുന്നു. ഇൻഫൻട്രി അഥവാ കാലാൾപ്പടയുടെ കാലം കഴിഞ്ഞുവെന്നും ഡ്രോണുകളാണ് ഇനി യുദ്ധം നയിക്കുകയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. യുക്രൈൻ സൈന്യം ഇപ്പോൾ കേവലം സാങ്കേതികവിദ്യ ഉപയോഗിക്കുക മാത്രമല്ല, മറിച്ച് ഇൻഫൻട്രിക്ക് പകരമായി മെഷീനുകളെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. മുൻനിരയിൽ പലയിടങ്ങളിലും യുക്രൈൻ സൈനികരില്ലാത്ത അവസ്ഥയാണെന്നും അവിടെ ഡ്രോണുകളും മൈൻഫീൽഡുകളും ഉപയോഗിച്ചാണ് പ്രതിരോധം തീർക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുക്രൈനെപ്പോലെ തന്നെ റഷ്യയും തങ്ങളുടെ എഫ്പിവി (FPV) ഡ്രോണുകളുടെ ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കുന്നുണ്ട്. യുക്രൈന്റെ ഡ്രോൺ കൂട്ടങ്ങളെ തകർക്കാനും അവയുടെ സിഗ്‌നലുകൾ തടയാനും റഷ്യ ശക്തമായ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും വിന്യസിക്കുന്നുണ്ട്. യുക്രൈൻ നേരിടുന്നതുപോലെയുള്ള സൈനികരുടെ കുറവ് റഷ്യയെ കാര്യമായി ബാധിക്കുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം റഷ്യ പ്രതിമാസം 30,000 മുതൽ 45,000 വരെ പുതിയ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ യുക്രൈനെപ്പോലെ അത്ര വേഗത്തിൽ പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറാൻ റഷ്യ നിർബന്ധിതമാകുന്നില്ല. പരമ്പരാഗതമായ ട്രെഞ്ച് വാർഫെയറിനൊപ്പം കാമികാസെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ചേർത്തുള്ള ഹൈബ്രിഡ് യുദ്ധരീതിയാണ് റഷ്യ ഇപ്പോൾ പിന്തുടരുന്നത്.

ഡ്രോണുകളെ അമിതമായി ആശ്രയിക്കുമ്പോൾ തന്നെ യുക്രൈൻ ഒട്ടേറെ പ്രതിസന്ധികളും നേരിടുന്നുണ്ട്. കഠിനമായ ശൈത്യത്തിൽ ഡ്രോൺ ബാറ്ററികൾ പെട്ടെന്ന് നശിക്കുന്നതും ക്യാമറകളിൽ മഞ്ഞ് വീഴുന്നതും വലിയ വെല്ലുവിളിയാണ്. ഇതിനെ പ്രതിരോധിക്കാൻ ഡ്രോണുകളിൽ പന്നിക്കൊഴുപ്പ് പുരട്ടുന്നതുപോലുള്ള താൽക്കാലിക മാർഗ്ഗങ്ങൾ സൈനികർ അവലംബിക്കുന്നുണ്ട്.