യൂറോപ്പിലെ തന്ത്രപ്രധാനമായ നാറ്റോ (NATO) സൈനിക താവളങ്ങൾക്ക് മുകളിലൂടെ റഷ്യ വ്യാപകമായി രഹസ്യ ഡ്രോൺ നിരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) നടത്തിയ പഠനത്തിലാണ് യൂറോപ്പിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിലെ വൻ സുരക്ഷാ വീഴ്ചകൾ തുറന്നുകാട്ടുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
2024 ഓഗസ്റ്റിനും 2026 ഫെബ്രുവരിക്കുമിടയിൽ, അമേരിക്കൻ ബി61-12 ഗ്രാവിറ്റി ബോംബുകൾ സൂക്ഷിക്കുന്ന ആണവ പങ്കാളിത്ത കേന്ദ്രങ്ങളും ഫ്രാൻസിന്റെ ഐൽ ലോംഗിലെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി താവളവും ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള തന്ത്രപ്രധാന നാറ്റോ സൈനിക താവളങ്ങൾക്ക് മുകളിലായാണ് അൺമാൻഡ് ഏരിയൽ വെഹിക്കിളുകൾ (UAVs) അഥവാ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രമുഖ വാണിജ്യ വ്യോമയാന കേന്ദ്രങ്ങൾ പലതവണ അടച്ചിടുന്നതിനും സൈനിക പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനും പരിഭ്രാന്തി പടരുന്നതിനും ഇടയാക്കി.
എങ്കിലും ഇതുവരെ ഒരു യൂറോപ്യൻ ഭരണകൂടവും ഈ ഡ്രോൺ നീക്കങ്ങൾക്ക് പിന്നിൽ റഷ്യയാണെന്ന് ഔദ്യോഗികമായി ആരോപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. സാഹചര്യ തെളിവുകളുടെയും പൊതുവിൽ ലഭ്യമായ വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
റഷ്യയുടെ അസാധാരണ യുദ്ധമുറയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപരോധങ്ങളെ മറികടന്ന് എണ്ണ കയറ്റുമതി ചെയ്യാൻ റഷ്യ ഉപയോഗിക്കുന്ന 1,300-ലധികം വരുന്ന പഴയ കപ്പലുകളുടെ 'ഷാഡോ ഫ്ലീറ്റ്' വഴിയാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചത് എന്നാണ് റിപ്പോർട്ട് കണ്ടെത്തുന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് കപ്പലിലെ ട്രാക്കിംഗ് സംവിധാനമായ എ.ഐ.എസ് (AIS) താത്കാലികമായി ഓഫാക്കിയ ശേഷം ഡ്രോണുകൾ വിക്ഷേപിക്കുകയും തിരികെ ഇറക്കുകയും ചെയ്യുന്ന 'ഡാർക്ക് സെയ്ലിംഗ്' (dark sailing) എന്ന തന്ത്രമാണ് റഷ്യ ഇതിനായി ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
2025 ൽ ജർമനിയിലും നെതർലൻഡ്സിലും ഡ്രോൺ സാന്നിധ്യമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 'ഹാവ് ഡോൾഫിൻ' എന്ന കപ്പലിനെക്കുറിച്ച് ഐ.ഐ.എസ്.എസ്. റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആർ.എ.എഫ്. താവളങ്ങൾക്ക് മുകളിൽ ഡ്രോൺ നിരീക്ഷണം നടന്ന സമയത്ത് ഈ കപ്പൽ യുകെയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു.
അതേസമയം നാറ്റോ സഖ്യകക്ഷികളുടെ വ്യോമപ്രതിരോധത്തിന്റെ പരാജയത്തെയാണ് യൂറോപ്പിലുടനീളമുള്ള സൈനിക താവളങ്ങൾക്ക് മുകളിൽ നടന്ന ആസൂത്രിതമായ റഷ്യയുടെ ഈ ഡ്രോൺ കാമ്പയിൻ വെളിവാക്കുന്നതെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജർമനിയിലെ റാംസ്റ്റൈൻ എയർ ബേസ്, ആർ.എ.എഫ്. ലേക്കൻഹീത്, കൂടാതെ ആർ.എ.എഫ്. ഫെയർഫോർഡ്, ആർ.എ.എഫ്. ഫെൽറ്റ്വെൽ, ആർ.എ.എഫ്. മൈൽഡൻഹാൾ തുടങ്ങിയ യൂറോപ്പിലെ മറ്റ് സൈനിക താവളങ്ങൾക്ക് മുകളിലും ഈ ഡ്രോണുകൾ ദൃശ്യമായിരുന്നു.
പരമ്പരാഗത വ്യോമാക്രമണങ്ങളെ നേരിടാൻ സജ്ജമായ യൂറോപ്പിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് ഇത്തരം ചെറിയ, ചെലവു കുറഞ്ഞ ഡ്രോണുകളെ കണ്ടെത്താനോ ഫലപ്രദമായി നേരിടാനോ കഴിഞ്ഞില്ല. യൂറോപ്പിലെ രാജ്യങ്ങൾക്കിടയിൽ ഇക്കാര്യത്തിലുണ്ടായ ഏകോപനമില്ലായ്മയും റഷ്യ മുതലെടുത്തു. 2022-ൽ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ യൂറോപ്പിൽ നിന്ന് കൂട്ടത്തോടെ പുറത്താക്കിയതിനെ തുടർന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് റഷ്യ പ്രധാനമായും ഈ ഡ്രോണുകളെ ആശ്രയിച്ചത്. കൂടാതെ, നാറ്റോയുടെ പ്രതികരണ സമയം പരിശോധിക്കാനും, തന്ത്രപ്രധാന കേന്ദ്രങ്ങളിലെ ദൗർബല്യങ്ങൾ മനസ്സിലാക്കാനും ഈ നീക്കം റഷ്യയെ സഹായിച്ചു.
നിരന്തരമുള്ള ഡ്രോൺ കടന്നുകയറ്റങ്ങളെ തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡ്രോണുകളെ വെടിവച്ചിടാൻ പോലീസിനും സൈന്യത്തിനും ജർമ്മനി, ലിത്വാനിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ പൂർണ്ണ അധികാരം നൽകി. എങ്കിലും, സമുദ്രാതിർത്തിയിലെ ഇത്തരം കടന്നുകയറ്റങ്ങളെ തടയാൻ യൂറോപ്പിന് വ്യക്തമായ നിയമങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്തത് ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുകയാണെന്ന് ഐ.ഐ.എസ്.എസ് (IISS) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Content Highlights: A comprehensive study by the IISS reveals that Russia used its merchant "shadow fleet" and "dark sailing" tactics to conduct widespread, undetected drone surveillance over strategic NATO nuclear and military bases, exposing critical vulnerabilities in Europe's air defense coordination.
Published: 09 Jul 2026, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented