ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന എം88 ( M88) എഞ്ചിനുകൾ ഇന്ത്യയിൽതന്നെ നിർമ്മിക്കാൻ ഫ്രഞ്ച് കമ്പനിയായ സഫ്രാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ. 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാർ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സഫ്രാൻ ഈ സുപ്രധാനമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പ്രതിരോധ പങ്കാളിയായ മറ്റൊരു രാജ്യത്തോടും മുൻപ് കാണിക്കാത്ത രീതിയിലുള്ള ചരിത്രപരമായ മാറ്റമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) ചേർന്നായിരിക്കും സഫ്രാൻ ഇന്ത്യയിൽ എഞ്ചിനുകൾ അസംബിൾ ചെയ്യുന്നത്. ഇത് വെറുമൊരു വാങ്ങൽ കരാർ എന്നതിലുപരി, ഉന്നത സാങ്കേതികവിദ്യ കൈമാറുന്ന വ്യവസായ പങ്കാളിത്തമാകുമെന്നാണ് റിപ്പോർട്ടുകൾ. 114 പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ റഫാൽ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയരും. ഇതിന് പുറമെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ എം വിമാനങ്ങളും എത്തും. നാവികസേനയ്ക്കായി 31 റഫാൽ വിമാനങ്ങൾ കൂടി വാങ്ങിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത്രയും വലിയ പ്രതിരോധ ഇടപാട് നടക്കുമ്പോൾ കാലതാമസം ഒഴിവാക്കാൻ എൻജിൻ നിർമാണം ഇന്ത്യയിലേക്ക് മാറ്റുന്നതാണ് ഉചിതം.
റഫാൽ ഇടപാടിനായുള്ള ചർച്ചയിൽ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി പ്രാദേശികമായ നിർമ്മാണം ഇന്ത്യ ഒരു നിർബന്ധിത വ്യവസ്ഥയായി മുന്നോട്ട് വെച്ചിരുന്നു. എൻജിൻ നിർമാണം ഇന്ത്യയിലേക്ക് മാറുന്നതോടെ തുടക്കത്തിൽ 500 ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്ക് പരിശീലനം നൽകുകയും, പിന്നീട് അത് 2,000 ആയി വർദ്ധിപ്പിക്കുകയും ചെയ്യും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഭാരത് ഫോർജ് തുടങ്ങിയ ഇന്ത്യൻ സ്വകാര്യ കമ്പനികളെയും ഈ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കും.
എഞ്ചിൻ നിർമ്മാണം ഇന്ത്യയിലാകുന്നതോടെ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചിലവിൽ 20 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഓരോ വർഷവും ഏകദേശം 5,000 കോടി രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ഇതിലൂടെ എത്തിച്ചേരുമെന്നും കണക്കാക്കപ്പെടുന്നു. സർക്കാർ അംഗീകാരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് 2028-ഓടെ എഞ്ചിൻ അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാക്കാനാണ് സഫ്രാൻ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ഹൈദരാബാദിൽ 45,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു മെയിന്റനൻസ് കേന്ദ്രം സഫ്രാൻ തുറന്നിട്ടുണ്ട്.
അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള ആഗോള ശക്തികൾക്ക് മുന്നിൽ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ കരാർ വലിയ മുതൽക്കൂട്ടാകും. ഇന്ത്യയുടെ ഭാവി യുദ്ധവിമാനമായ എഎംസിഎയ്ക്ക് വേണ്ടിയുള്ള 120 കെഎൻ ക്ലാസ് എഞ്ചിനുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്.
ഇത് കരാറിലേക്ക് എത്തിയാൽ എൻജിൻ നിർമാണം ഇന്ത്യയിലാകും പൂർണമായും നടക്കുക. എൻജിന്റെ കോർ സംബന്ധിച്ച് ബൗദ്ധിക സ്വത്തവകാശമുൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് സഫ്രാൻ തയ്യാറാകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ നേട്ടമായി മാറും. ഈ എൻജിൻ വികസനം ഭാവിയിലെ യുദ്ധക്കപ്പൽ എൻജിനുകൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഗതിവേഗം നൽകും.
Content Highlights: Safran to build Rafale M88 engines in India with HAL, a historic technological transfer and a significant boost to India`s defense manufacturing. Learn more!
Published: 19 Feb 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented