
ഒഡീഷ: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനമായ 'കുശ' (Kusha) വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) വികസിപ്പിച്ച മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ (UAV), വമ്പൻ വിമാനങ്ങൾ എന്നിവയെ വലിയ ദൂരപരിധിക്കപ്പുറം വെച്ച് തന്നെ തകർക്കാൻ കുശ മിസൈൽ സംവിധാനത്തിന് ശേഷിയുണ്ട്. പല ഉയരപരിധിയിലും ദൂരപരിധിയിലും ഒരേപോലെ കൃത്യതയോടെ ആക്രമണം നടത്താൻ ഇതിന് സാധിക്കും.
തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ (Long-Range Surface-to-Air Missile - LRSAM) പ്രതിരോധ സംവിധാനമാണ് കുശ. ഇതൊരു ബഹുമുഖ പ്രതിരോധ സംവിധാനമാണ്. പരമ്പരാഗതമായ ഭീഷണികളെയും ആധുനികമായ വെല്ലുവിളികളെയും ഒരുപോലെ നേരിടാനാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. ഇന്ത്യയുടെ സവിശേഷമായ പ്രവർത്തന സാഹചര്യങ്ങൾക്കും ഭീഷണികൾക്കും അനുസൃതമായാണ് കുശ മിസൈൽ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
എം1(120-150 കി.മീ), എം2 (250 കി.മീ), എം3 (350-400 കി.മീ) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ദൂരപരിധിയുള്ള മിസൈലുകളാണ് കുശയിലുണ്ടാകുക. ഇവയെല്ലാം ഒരേ തരം 'കിൽ വെഹിക്കിൾ' (kill vehicle) പങ്കിടുമെങ്കിലും വിവിധ ദൂരപരിധി കൈവരിക്കുന്നതിനായി വ്യത്യസ്ത ബൂസ്റ്ററുകളാകും ഉപയോഗിക്കുക. ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ ഏകദേശം 250 കിലോമീറ്റർ ദൂരത്തിലും, വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമുള്ള ( AEW&C) വലിയ വിമാനങ്ങളെ 350 കിലോമീറ്റർ ദൂരത്തിലും വെച്ച് തകർക്കാൻ ഈ സംവിധാനത്തിന് ശേഷിയുണ്ട്. ഇതിലെ മിസൈലുകൾക്ക് പരമാവധി മാക് 5.5 (Mach 5.5) വേഗത കൈവരിക്കാൻ സാധിക്കും.
ഈ മിസൈൽ സംവിധാനം വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി (IACCS) ചേർന്ന് പ്രവർത്തിക്കാൻ സജ്ജമാണ്. ഇത് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും, ഭീഷണികളെ മുൻഗണനാക്രമത്തിൽ തരംതിരിച്ച് അതിവേഗം പ്രതികരിക്കാനും സഹായിക്കുന്നു. മിസൈലിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി റേഡിയോ ഫ്രീക്വൻസി, ഇൻഫ്രാറെഡ് സീക്കർ(RF/IR) സംയോജിപ്പിച്ച ഹൈബ്രിഡ് ഗൈഡൻസ് സിസ്റ്റവും ഡാറ്റാലിങ്കും ഇതിൽ ഉപയോഗിക്കുന്നുണ്ട്.
മിസൈലിൽ ഫ്രാഗ്മെന്റേഷൻ വാർഹെഡും ഒപ്റ്റിക്കൽ പ്രോക്സിമിറ്റി ഫ്യൂസും ഉപയോഗിക്കുന്നു. കൂടാതെ നേരിട്ടുള്ള ആഘാതത്തിലൂടെ ലക്ഷ്യത്തെ തകർക്കുന്ന 'ഹിറ്റ്-ടു-കിൽ' സാങ്കേതികവിദ്യയും ഇതിലുണ്ടാകുമെന്നാണ് വിവരങ്ങൾ. കപ്പൽ വേധ ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ പ്രാപ്തമായ ഒരു നാവിക പതിപ്പും ഇതിനായി വികസിപ്പിക്കുന്നുണ്ട്. ഇതിന് മാക് 7 വേഗതയിൽ വരുന്ന ഭീഷണികളെപ്പോലും പ്രതിരോധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്‌പോർട്ടർ ഇറക്റ്റർ ലോഞ്ചർ (Transporter Erector Launcher) ഉപയോഗിക്കുന്നതിനാൽ ഇത് എളുപ്പത്തിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന ഒരു മൊബൈൽ സിസ്റ്റമാണ്. അതിനാൽ എതിരാളികളുടെ പ്രത്യാക്രമണത്തിൽ നിന്ന് മിസൈൽ സംവിധാനത്തെ രക്ഷിക്കാൻ സാധിക്കും.
കുശ മിസൈൽ പരിക്ഷണ വിജയത്തെ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ മേഖലയിലെ നിർണ്ണായക നാഴികക്കല്ല് എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഇത്തരം അത്യാധുനിക ദീർഘദൂര മിസൈൽ സംവിധാനങ്ങൾ സ്വന്തമായി വികസിപ്പിക്കാൻ ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും ഉയർത്തപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ ഇറക്കുമതി കുറയ്ക്കാനും 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് കരുത്തേകാനും ഈ പരീക്ഷണം സഹായിക്കും. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം വർദ്ധിപ്പിക്കുന്നതിൽ കുശ മിസൈൽ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള ആകാശ്, ബരാക്-8, ഇറക്കുമതി ചെയ്ത എസ്-400 എന്നീ സംവിധാനങ്ങൾക്കൊപ്പം കുശയും ചേരുന്നതോടെ ഇന്ത്യയുടെ ആകാശത്തിന് കൂടുതൽ ശക്തമായ ബഹുമുഖ സുരക്ഷാ കവചം ഒരുങ്ങും. സൈന്യത്തിന്റെ ഭാഗമാകുന്നതിന് മുന്നോടിയായി കുശ മിസൈലിന്റെ കൂടുതൽ പരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ നടക്കും. അത്യാധുനിക റഡാർ സംവിധാനങ്ങളും കമാൻഡ്-ആൻഡ്-കൺട്രോൾ ശൃംഖലകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ തദ്ദേശീയ സാങ്കേതികവിദ്യ ഇന്ത്യയുടെ പ്രതിരോധ കരുത്ത് ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതാണ്.
Content Highlights: Indigenous long-range surface-to-air missile (LRSAM) system developed by DRDO., Three-tier range capability: M1 (150km), M2 (250km), and M3 (400km)., Equipped with hybrid RF/IR guidance and hit-to-kill technology., Mobile platform using Transporter Erector Launcher (TEL) for strategic flexibility., Significant milestone for Atmanirbhar Bharat and India's air defense sovereignty.
Published: 24 Jul 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented