യുക്രൈൻ യുദ്ധത്തിനിടെയാണ് റഷ്യ തങ്ങളുടെ തന്ത്രപ്രധാനമായ ഒറെഷ്‌നിക് മിസൈൽ പരീക്ഷിച്ചത്. മൂന്നു തവണ മാത്രമാണ് ഈ മിസൈൽ യുദ്ധത്തിനിടെ യുക്രൈനെതിരെ പ്രയോഗിച്ചത്. തുടക്കത്തിൽ ഡമ്മി വാർഹെഡ്ഡുകൾ മാത്രമുപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നെങ്കിൽ ഇത്തവണ സ്‌ഫോടകവസ്തുക്കൾ വഹിച്ച പോർമുനകൾ വഹിച്ചാണ് മിസൈലെത്തിയത്. അതുണ്ടാക്കിയ പ്രഹരം യുക്രൈനെ ഞെട്ടിക്കുകയും ചെയ്തു. യുദ്ധഭൂമിയിലെ പ്രയോഗത്തേക്കാൾ ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ തന്ത്രപ്രധാന മുന്നറിയിപ്പ് നൽകാനുള്ള ഒരു ഉപകരണമായാണ് ഒറെഷ്‌നിക്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. എതിരാളികളുടെ മേൽ സൈനിക മേധാവിത്വവും രാഷ്ട്രീയ സ്വാധീനവും ഉറപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത മധ്യദൂര ബാലിസ്റ്റിക് മിസൈൽ ആണ് ഒറെഷ്‌നിക്. റഷ്യൻ ഭാഷയിൽ 'ഹേസൽനട്ട് ചെടി' എന്ന് അർത്ഥം വരുന്ന ഈ ആയുധം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നിർദ്ദേശപ്രകാരമാണ് വികസിപ്പിച്ചെടുത്തത്.
2023 ജൂലൈയിലാണ് ഈ മിസൈൽ വികസന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ മൂന്ന് തവണയാണ് ഒറെഷ്നിക് മിസൈലുകൾ ഉപയോഗിക്കപ്പെട്ടത്. ആദ്യമായി 2024 നവംബർ 21-ന് യുക്രൈനിലെ ഡിനിപ്രോയിലുള്ള പിഡെൻമാഷ് (Pivdenmash) പ്രതിരോധ വ്യവസായശാലയ്ക്ക് നേരെയും രണ്ടാമതായി 2026 ജനുവരി 9-ന് പടിഞ്ഞാറൻ യുക്രൈനിലെ ല്വിവ് പ്രവിശ്യയിലുള്ള ഒരു സർക്കാർ സ്ഥാപനത്തിന്റെ വർക്ക്ഷോപ്പിന് നേരെയും ഒടുവിലായി 2026 മെയ് 24-ന് കീവ് മേഖലയിലെ ബില സെർക്വ നഗരത്തിന് നേരെയും ഈ മിസൈൽ വിക്ഷേപിക്കപ്പെട്ടു.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ, യുക്രൈനിൽ സ്‌ഫോടകവസ്തുക്കൾ ഇല്ലാത്ത അചേതന യുദ്ധമുനകളോടെയാണ് ആദ്യമൊക്കെ പ്രയോഗിച്ചത്. ഇതിലൂടെ ആണവപരിധി ലംഘിക്കാതെ തന്നെ തങ്ങളുടെ ആണവ വിന്യാസശേഷി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനും നാറ്റോ സഖ്യരാജ്യങ്ങളെ ഭയപ്പെടുത്താനും റഷ്യയ്ക്ക് സാധിച്ചു.
ഒറെഷ്നിക് മിസൈൽ ഖര ഇന്ധനത്താൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈലാണ്. വാഹനത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള മൊബൈൽ ലോഞ്ചറിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കും. ഇത് വിക്ഷേപണത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ വളരെ വേഗത്തിലാക്കാൻ സഹായിക്കുന്നു. മിസൈലിന്റെ നിർമ്മാണത്തിന് അലുമിനിയം അലോയ്കളും കമ്പോസിറ്റ് പദാർത്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കാനും കൂടുതൽ പേലോഡ് വഹിക്കാനും മിസൈലിനെ പ്രാപ്തമാക്കുന്നുണ്ട്. ഏകദേശം 800 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാൻ ഒറെഷ്‌നിക്കിന് സാധിക്കും. 3,500 മുതൽ 5,470 കിലോമീറ്റർ വരെയാണ് മിസൈലിന്റെ പ്രഹര പരിധി. ശബ്ദത്തേക്കാൾ 10 മടങ്ങ് (മാക് 10) വേഗതയുള്ള ഹൈപ്പർ സോണിക് മിസൈലാണ് ഇത്. ഒറെഷ്നിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ ( എംഐആർവി) സാങ്കേതിക വിദ്യയാണ്. ഒരു മിസൈലിൽ തന്നെ ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഇതിന് സാധിക്കും. അതിനാൽ ഒറ്റ വിക്ഷേപണത്തിലുടെ ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാൻ റഷ്യയ്ക്ക് സാധിക്കും.
സാധാരണഗതിയിൽ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിലാണ് എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യയെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിലേക്ക് സന്നിവേശിപ്പിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് യുദ്ധമുഖത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈൽ പ്രയോഗിക്കുന്നത് എന്നതും പ്രത്യേകതയാണ്. ഈ ബാലിസ്റ്റിക് മിസൈലിൽ ആറ് വ്യത്യസ്ത പോർമുനകൾ വരെ വിന്യസിക്കാൻ സാധിക്കും. ഓരോ പോർമുനയ്ക്കും സ്വതന്ത്രമായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തി ആക്രമിക്കാൻ സാധിക്കും. ഇവയിൽ ഓരോന്നിലും വീണ്ടും ആറ് ഉപ-മുനകൾ (sub-munitions) അടങ്ങിയിരിക്കുന്നു. തന്മൂലം, ഒരൊറ്റ മിസൈൽ വിക്ഷേപണത്തിലൂടെ 36 ലക്ഷ്യങ്ങളിൽ ഒരേസമയം പ്രഹരം ഏൽപ്പിക്കാൻ സാധിക്കും. ഓരോ ഉപ-മുനയുടെയും ഭാരം 30 മുതൽ 70 കിലോഗ്രാം വരെയാണ്. മിസൈലിന്റെ വിക്ഷേപണം മുതൽ ലക്ഷ്യത്തിലെത്താൻ കേവലം 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെയുള്ള ഭ്രമണപഥം പൂർത്തിയാക്കി താഴേക്ക് പതിക്കുമ്പോൾ മിസൈലിന്റെ പോർമുനകൾ അതിശക്തമായ വേഗത കൈവരിക്കുന്നു. സ്‌ഫോടകവസ്തുക്കൾ ഇല്ലാത്ത ഡമ്മി വാർഹെഡുകളാണെങ്കിൽ പോലും ഈ അതിവേഗതയിലൂടെ ഉണ്ടാകുന്ന ഗതികോർജ്ജം (Kinetic Energy) ഏകദേശം ഒരു ഗിഗാ ജൂൾ പ്രഹരശേഷി കൈവരിക്കും. അതിനാൽ സ്‌ഫോടകവസ്തുക്കളില്ലെങ്കിൽ പോലും അതിശക്തമായ ആഘാതം കൊണ്ടുമാത്രം ഭൂഗർഭ ബങ്കറുകളും കോൺക്രീറ്റ് താവളങ്ങളും തകർക്കാൻ ഇതിന് സാധിക്കും.
അമേരിക്കയുടെ പേട്രിയറ്റ് അടക്കം പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിട്ടും ഒറെഷ്നിക്കിനെ പ്രതിരോധിക്കാൻ സാധിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇതിന്റെ അതിവേഗതയാണ്. ഒറെഷ്നിക് വിക്ഷേപിക്കപ്പെട്ട് അന്തരീക്ഷത്തിന് പുറത്ത് സബ്-ഓർബിറ്റൽ ഉയരത്തിലേക്ക് (Suborbital altitude) കുതിച്ചുയരുന്നു. ഈ ഉയരത്തിൽ സഞ്ചരിക്കുന്ന മിസൈലിനെ കണ്ടെത്താൻ യുക്രൈനിലെ റഡാറുകൾക്ക് സാധിക്കാറില്ല. തുടർന്ന് വളരെ കുത്തനെയുള്ള കോണിൽ അതിവേഗതയോടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ ഇതിന്റെ വേഗത മാക് 10-നും 11-നും ഇടയിലായിരിക്കും. ഈ സമയത്ത് പോർമുനകൾക്ക് ചുറ്റും ഉണ്ടാകുന്ന അതിശക്തമായ ഘർഷണം മൂലം വാതകങ്ങൾ പ്ലാസ്മയായി മാറുകയും ഇത് വലിയ തോതിലുള്ള പ്രകാശവലയം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾക്ക് മിസൈലിനെ കണ്ടെത്തി പ്രതികരിക്കാൻ ലഭിക്കുന്നത് ഏതാനും സെക്കൻഡുകൾ മാത്രമാണ്.
രണ്ടാമതായി, പോർമുനകൾ അന്തരീക്ഷത്തിൽ വെച്ച് പലതായി വേർതിരിയുന്നു എന്നതാണ്. ഈ രീതിയിലാകുമ്പോൾ അവയ്ക്ക് വ്യോമപ്രതിരോധ സംവിധാനങ്ങളെ എളുപ്പത്തിൽ മറികടക്കാനാകുന്നു. അന്തരീക്ഷ അതിർത്തിയിൽവെച്ച് മിസൈലിന്റെ പ്രധാന ബോഡിയിൽനിന്ന് പോർമുനകൾ വേർപിരിഞ്ഞ് വ്യത്യസ്ത ദിശകളിലേക്ക് കുതിക്കുമ്പോൾ, പ്രതിരോധ സംവിധാനങ്ങളിലെ റഡാറുകൾ ഒരേസമയം 36 ലക്ഷ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതോടൊപ്പം മിസൈൽ വിന്യസിക്കുന്ന ഡീക്കോയ് (decoy) അഥവാ വ്യാജലക്ഷ്യങ്ങൾ റഡാർ സംവിധാനങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു. പേട്രിയറ്റ് പോലെയുള്ള ടാക്റ്റിക്കൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഒരൊറ്റ പോർമുനയുള്ള മിസൈലുകളെ നേരിടാൻ രീതിയിൽ വികസിപ്പിച്ചെടുത്തവയാണ്. ബാലിസ്റ്റിക് മിസൈലിന്റെ വാർഹെഡുകൾ വേർപിരിയുന്നതിന് മുൻപ് അന്തരീക്ഷത്തിന് പുറത്ത് വെച്ച് പ്രതിരോധിക്കാൻ ശേഷിയുള്ള യാതൊരു സാങ്കേതികവിദ്യയും യുക്രൈന്റെ പക്കലില്ലതാനും.
ഒറെഷ്നിക് പോലുള്ള അത്യാധുനിക ഹൈപ്പർസോണിക് മധ്യദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാൻ സാധാരണ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ല. അതിനായി അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ ഇല്ലാതാക്കാൻ ശേഷിയുള്ള അതിവിദഗ്ദ്ധ സംവിധാനങ്ങൾ ആവശ്യമാണ്. നിലവിൽ ലോകത്തിലെ രണ്ട് പ്രധാന രാജ്യങ്ങളിൽ മാത്രമേ ഇത്തരമൊരു പ്രതിരോധം സാധ്യമാക്കുന്ന സംവിധാനങ്ങളുള്ളൂ. അത് അമേരിക്കയും ഇസ്രയേലും മാത്രമാണ്. അമേരിക്കയുടെ ഏജിസ് എസ്.എം-3 (Aegis SM-3 Block IIA), ഇസ്രയേലിന്റെ ആരോ-3 (Arrow-3) എന്നിവ. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തവയാണ് ഇവ. ബഹിരാകാശത്തെ ഉപഗ്രഹങ്ങൾ വരെ തകർക്കാൻ ഏജിസ് എസ്.എം-3യ്ക്ക് സാധിക്കും. ഇവ ഉപയോഗിക്കുന്നതിന് വലിയ ചെലവ് വരുന്ന കാര്യമാണ്. എന്നാൽ, ഈ സംവിധാനങ്ങളൊന്നും നിലവിൽ യുക്രൈന്റെ വ്യോമപ്രതിരോധ മേഖലയിൽ വിന്യസിച്ചിട്ടില്ല.
അജയ്യമായത് എന്നാണ് ഒറെഷ്‌നിക്കിനെ റഷ്യ വിശേഷിപ്പിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഒറെഷ്നിക്കിനെ തികച്ചും സമാനതകളില്ലാത്ത പുതിയ ആയുധമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ ദശകങ്ങളായുള്ള സോവിയറ്റ്-റഷ്യൻ മിസൈൽ സാങ്കേതിക വിദ്യ വികസനത്തിന്റെ നീണ്ട പാരമ്പര്യമുണ്ട്. മോസ്‌കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെർമൽ ടെക്‌നോളജി (Moscow Institute of Thermal Technology- MITT) രൂപകൽപ്പന ചെയ്യുകയും വോട്ട്കിൻസ്‌ക് പ്ലാന്റിൽ (Votkinsk Plant) നിർമ്മിക്കുകയും ചെയ്ത ആർ.എസ്-26 റുബേഷ് (RS-26 Rubezh- NATO designation: SS-X-31) മിസൈലിന്റെ നവീകരിച്ച വകഭേദമാണ് ഒറെഷ്നിക്.
റഷ്യയുടെ വിഖ്യാതമായ ആർ.എസ്-24 യാർസ് (RS-24 Yars) ഐ.സി.ബി.എമ്മിന്റെ മൂന്നാം സ്റ്റേജ് നീക്കം ചെയ്ത് നിർമ്മിച്ച ഒരു ഹ്രസ്വ പതിപ്പായിരുന്നു റുബേഷ്. 2011 സെപ്റ്റംബറിൽ പ്ലെസെറ്റ്‌സ്‌കിൽ നിന്നും നടത്തിയ ഇതിന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. തുടർന്ന് 2012 മെയ് മാസത്തിൽ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തിൽ 5,800 കിലോമീറ്റർ സഞ്ചരിച്ച് കാംചത്കയിലെ കുറാ പരീക്ഷണ പരിധിയിൽ മിസൈൽ പതിച്ചു. ഇതോടെ ഇതിനെ ഐ.സി.ബി.എം. ആയി തരംതിരിച്ചു. റുബേഷ് മിസൈലിൽ യഥാർത്ഥ പോർമുനകൾ ഘടിപ്പിച്ചപ്പോൾ അതിന്റെ ദൂരപരിധി 5,500 കിലോമീറ്ററിൽ താഴെയായി ചുരുങ്ങി. എങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനും 1987-ൽ ഒപ്പുവെച്ചിരുന്ന മധ്യദൂര ആണവായുധ കരാർ അഥവാ ഐ.എൻ.എഫ് കരാറിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഇതിനെതിരെ അമേരിക്ക രംഗത്ത് വന്നു.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിർപ്പുകളെ തുടർന്ന് 2018-ൽ റഷ്യ ഈ പ്രൊജക്റ്റ് താല്ക്കാലികമായി മരവിപ്പിച്ചു. തുടർന്ന് 2019-ൽ യു.എസ് കരാറിൽനിന്ന് പിന്മാറിയതോടെ റഷ്യ ഈ സാങ്കേതികവിദ്യ വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു. ഒറെഷ്നിക് മിസൈലിൽ ഉപയോഗിച്ചിരിക്കുന്ന വാർഹെഡ്, മോസ്‌കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെർമൽ ടെക്‌നോളജി വർഷങ്ങളായി വികസിപ്പിക്കുന്ന അൻചാർ (Anchar) എന്ന ഹൈപ്പർസോണിക് വെഹിക്കിൾ ആകാൻ വലിയ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ പ്രൊപ്പൽഷൻ സ്റ്റേജുകൾ കുറച്ച് മധ്യദൂര മിസൈലുകൾ വികസിപ്പിക്കുന്ന ഈ രീതി ശീതയുദ്ധകാലം മുതൽക്കേ സോവിയറ്റ് യൂണിയൻ പിന്തുടരുന്ന ഒന്നാണ്.
പണ്ട് ആർ.ടി-2 (RT-2) മിസൈലിൽ നിന്നും ആർ.ടി-25 (RT-25), ആർ.ടി-15 (RT-15) എന്നിവയും, ആർ.എസ്-14 (RS-14) മിസൈലിന്റെ സ്റ്റേജുകൾ ഉപയോഗിച്ച് ആർ.എസ്.ഡി-10 പയനിയർ (RSD-10 Pioneer) മിസൈലും റഷ്യ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതിക പാരമ്പര്യത്തിന്റെ ആധുനിക രൂപമാണ് ഒറെഷ്നിക്. അതേസമയം, യുക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നത്, ഒറെഷ്നിക് യഥാർത്ഥത്തിൽ റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 'കെദർ' (Kedr) എന്ന പുതിയ മിസൈൽ പദ്ധതിയുടെ ഭാഗമാണെന്നാണ്.
യാർസ് മിസൈലുകൾക്ക് പകരമായി 2030-ഓടെ വിന്യാസത്തിന് തയ്യാറാകുന്ന സോളിഡ്-ഫ്യുവൽ മിസൈൽ പദ്ധതിയാണ് കെദർ. തകർന്നടിഞ്ഞ ഒറെഷ്നിക് മിസൈൽ അവശിഷ്ടങ്ങൾ പരിശോധിച്ച ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന പല സാങ്കേതിക ഘടകങ്ങളും 2016, 2017 കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്നാണ്. ഇത് വ്യക്തമാക്കുന്നത്, തികച്ചും പുതിയൊരു സാങ്കേതികവിദ്യ എന്നതിലുപരി പഴയ സോവിയറ്റ്-റഷ്യൻ മിസൈൽ സാങ്കേതികവിദ്യകളെ ആധുനിക രീതിയിൽ കൂട്ടിച്ചേർത്താണ് ഒറെഷ്നിക് നിർമ്മിച്ചിരിക്കുന്നത് എന്നാണ്.
ഇതൊക്കെയാണെങ്കിലും റഷ്യൻ സേനയുടെ പക്കൽ ഈ മിസൈൽ പരീക്ഷണാടിസ്ഥാനത്തിൽ വളരെ കുറഞ്ഞ എണ്ണം മാത്രമേയുള്ളൂ എന്ന് തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, റഷ്യയുടെ പ്രഹരങ്ങളുടെ സമയപരിധി നിരീക്ഷിച്ച സൈനിക വിദഗ്ദ്ധർ ഉൽപ്പാദന നിരക്ക് വർദ്ധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യ പ്രഹരവും (2024 നവംബർ) രണ്ടാമത്തെ പ്രഹരവും (2026 ജനുവരി) തമ്മിൽ 13.5 മാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും (2026 മെയ്) പ്രഹരങ്ങൾ തമ്മിലുള്ള ഇടവേള കേവലം 4.5 മാസമായി കുറഞ്ഞു. ഇത് ഒറെഷ്നിക് മിസൈലുകളുടെ നിർമ്മാണ പ്രക്രിയ റഷ്യ വേഗത്തിലാക്കി എന്നതിന്റെ സൂചനയാണ്. 2025 ഡിസംബറിൽ ഈ മിസൈൽ ബെലാറസിൽ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചതായും, അവിടെ 10 മിസൈലുകൾ വരെ സ്ഥാപിക്കാൻ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
2023-ലെ വേനൽക്കാലത്ത് യുക്രൈന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം, കപുസ്റ്റിൻ യാർ പരീക്ഷണ കേന്ദ്രത്തിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു ഒറെഷ്നിക് ലോഞ്ചർ നശിപ്പിച്ചതായി അവകാശപ്പെട്ടിരുന്നു. യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള ഒറെഷ്നിക്, കിഴക്കൻ അതിർത്തി രാജ്യങ്ങളെ സഹായിക്കുന്നതിൽനിന്നും നാറ്റോ സഖ്യത്തിനെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും പിന്തിരിപ്പിക്കാനുള്ള റഷ്യയുടെ തന്ത്രപരമായ പ്രതിരോധ മാർഗ്ഗമാണ്. തങ്ങളുടെ ഭൂമിശാസ്ത്രപരമായ മേധാവിത്വവും ആധുനിക ആയുധങ്ങളുടെ ശക്തിയും തെളിയിച്ചുകൊണ്ട് യൂറോപ്യൻ സുരക്ഷാ സമവാക്യങ്ങളെ മാറ്റിയെഴുതാനാണ് റഷ്യ ഒറെഷ്നിക് മിസൈലിലൂടെ ശ്രമിക്കുന്നത്.
Content Highlights: Oreshnik is a hypersonic intermediate-range ballistic missile capable of carrying MIRV warheads., Utilizes advanced kinetic energy to penetrate bunkers without needing explosives., Deployed three times: Nov 2024, Jan 2026, and May 2026., Capable of striking 36 targets simultaneously per launch., Russia has accelerated production, reducing intervals between strikes from 13.5 months to 4.5 months.
Published: 26 May 2026, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented