ടെൽഅവീവ്: ഗാസ യുദ്ധത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിരോധ ഉപകരണങ്ങൾക്കായി ഇന്ത്യയെ ആശ്രയിച്ച് ഇസ്രയേൽ. പ്രതിരോധ ഉപകരണങ്ങളുടെ വിതരണ ശൃംഖല പുനഃപരിശോധിക്കാനും അക്കാര്യത്തിൽ യൂറോപ്പിനെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുമായി കൂടുതൽ അടുക്കാനാണ് ഇസ്രയേലിന്റെ നീക്കം.
പല യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിന്റെ ആയുധ സംവിധാനങ്ങളുടെ നേരിട്ടുള്ള വിതരണക്കാരല്ലെങ്കിലും, നിർണ്ണായകമായ പല ഘടകങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നത് ഈ രാജ്യങ്ങളാണ്. ഇസ്രയേലിന്റെ ആയുധങ്ങളും ഉപകരണങ്ങളും ഇതേ യൂറോപ്യൻ രാജ്യങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ, ഇസ്രയേലിന് ആവശ്യമായ ഘടകങ്ങൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിലെ ആശങ്കയാണ് ഇന്ത്യയിലേക്ക് തിരിയാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്.
അതിർത്തികളിലുടനീളം സുരക്ഷാ വെല്ലുവിളി നേരിടുമ്പോഴും നിർണായകമായ പ്രതിരോധ ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും ലഭ്യതയിലുണ്ടാകുന്ന കുറവ് വലിയ പ്രതിസന്ധിയാണ് ഇസ്രയേലിനുണ്ടാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ-വ്യാവസായിക അടിത്തറ വികസിച്ചുവരുന്നു. അതോടൊപ്പം, നിർമ്മാണ ആവാസവ്യവസ്ഥയും മെച്ചപ്പെടുന്നു എന്നതുമാണ് ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധതിരിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യത, അത്യാധുനിക സ്വകാര്യ പ്രതിരോധ മേഖല എന്നിവ മറ്റ് അനുകൂല ഘടകങ്ങളാണ്. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ മേഖലകളിൽ ഇന്ത്യക്ക് തന്ത്രപരമായ സഹകരണത്തിന്റെ ചരിത്രവുമുണ്ട്. പ്രതിരോധ പങ്കാളിയും കൂടിയാണ്.
ഇസ്രയേലിന്റെ ഭൂമിശാസ്ത്രപരമായ ചെറുപ്പവും സുരക്ഷാപരമായ ദുർബലതകളും കാരണം, പ്രതിരോധ ഉത്പാദനത്തിനും ഘടകഭാഗങ്ങളുടെ നിർമാണത്തിനും വികസനത്തിനുമൊക്കെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. സംഘർഷ സമയങ്ങളിൽ സ്വന്തം അതിർത്തിക്കുള്ളിൽ മാത്രം ഉത്പാദനം കേന്ദ്രീകരിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ഇസ്രയേലിന് നല്ല ബോധ്യമുണ്ട്. ഇക്കാരണത്താലാണ് ഇന്ത്യയുമായുള്ള ദൃഢമായ ബന്ധം ഇസ്രയേലിനെ ആകർഷിക്കുന്നത്. യൂറോപ്പിന് പുറമെ ഇന്ത്യയിലേക്കും ശ്രദ്ധ കൂടുതൽ തിരിച്ചാൽ വരുംമാസങ്ങളിൽ മിസൈലുകൾ, സെൻസറുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ആളില്ലാ പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രയേലി- ഇന്ത്യൻ പ്രതിരോധ കമ്പനികൾ തമ്മിലുള്ള സഹകരണം ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ.
എങ്കിലും, ഇന്ത്യയിലെ സാഹചര്യങ്ങൾ ഇസ്രയേൽ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലുണ്ടാകുന്ന പരിഷ്‌കാരങ്ങൾ, സംയുക്ത സംരംഭങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങൾ, വിദേശ നിക്ഷേപ പരിധികൾ, ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ (DAP) പ്രകാരമുള്ള നടപടിക്രമപരമായ വ്യക്തത തുടങ്ങിയവയിൽ ഇസ്രയേലിന് ചില ആശങ്കകളുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വഴക്കവും പ്രവചനാത്മകതയും ഉണ്ടായാൽ മാത്രമേ പങ്കാളിത്തം കൂടുതൽ ആഴത്തിലാകൂ. ഘടനാപരമായ ചില മാറ്റങ്ങൾ വന്നാൽ യൂറോപ്പിനേക്കാൾ ഇന്ത്യയെ ആശ്രയിക്കാൻ ഇസ്രയേൽ സന്നദ്ധമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള പ്രതിരോധ നിർമ്മാണ കേന്ദ്രമെന്ന സ്ഥാനത്തേക്ക് ഉയരാനും ഈ പങ്കാളിത്തം വഴിതുറക്കും. ഇസ്രയേലിനാകട്ടെ തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കാനുമാകും.
Content Highlights: Israel is turning to India for defense equipment and components due to European Union sanctions related to the Gaza conflict. Explore the strategic shift and its implications.
Published: 19 Dec 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented