ന്യൂഡൽഹി: ആക്രമണശേഷിയും നിരീക്ഷണ സംവിധാനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക എയർ-ലോഞ്ച്ഡ് ഡ്രോണുകളും ലോയിറ്ററിംഗ് മ്യുണിഷനുകളും വിന്യസിക്കാനൊരുങ്ങി വ്യോമസേന. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളിൽനിന്നും ഹെലികോപ്റ്ററുകളിൽനിന്നും ഇത്തരം ഡ്രോണുകൾ വിക്ഷേപിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. യുദ്ധവിമാനങ്ങൾ നിലവിൽ നിർവ്വഹിക്കുന്ന നിരീക്ഷണ-ആക്രമണ ദൗത്യങ്ങളിൽ ഒരു ഭാഗം ഈ ഡ്രോണുകൾക്ക് നൽകുന്നതിലൂടെ യുദ്ധവിമാനങ്ങളെ കൂടുതൽ നിർണ്ണായകമായ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനാകും.
ട്രാൻസ്പോർട്ട് വിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകൾക്ക് ഏകദേശം 500 കിലോ മീറ്റർ പരിധിയും 30 കിലോ ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷിയുമുണ്ടാകും. ഇവയ്ക്ക് മണിക്കൂറിൽ 350 മുതൽ 400 കിലോ മീറ്റർവരെ വേഗതയുമുണ്ടാകും. ഹെലികോപ്റ്ററുകളിൽനിന്ന് വിക്ഷേപിക്കുന്നവയ്ക്ക് 80 കിലോ മീറ്റർ പരിധിയാണ് പ്രതീക്ഷിക്കുന്നത്
ശത്രുപാളയത്തിലെ കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, ഇലക്ട്രോണിക് യുദ്ധം, ശത്രുലക്ഷ്യങ്ങൾ കണ്ടെത്തുക, ശത്രുവിന്റെ ശ്രദ്ധ തിരിക്കാൻ ഡീക്കോയ് (decoy) ആയി പ്രവർത്തിക്കുക എന്നിവയാണ് ഈ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വൻശക്തികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഡ്രോൺ സ്വാം' (drone swarm) സാങ്കേതികവിദ്യയുടെ പാതയിലാണ് ഇന്ത്യയും നീങ്ങുന്നത്. ഒരേസമയം ഒരുകൂട്ടം ഡ്രോണുകൾ ഉപയോഗിച്ച് ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഇതിലൂടെ സാധിക്കും.
ദൂരസ്ഥലങ്ങളിൽനിന്ന് ആക്രമണം നടത്താൻ സാധിക്കുന്നതിലൂടെ സൈനികരുടെ ജീവഹാനി കുറയ്ക്കാനും വിലപിടിപ്പുള്ള യുദ്ധവിമാനങ്ങൾ സുരക്ഷിതമായി നിലനിർത്താനും ഈ പുതിയ വിന്യാസം സഹായിക്കും. ഇതിനായി വ്യോമസേന താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
Published: 18 Apr 2026, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented