ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (എഐഎഫ്) പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. 43 വർഷത്തെ ദീർഘമായ സേവനത്തിനു ശേഷം വിരമിച്ച എയർ ചീഫ് മാർഷൽ എ.പി. സിങ് പദവി ഒഴിഞ്ഞതിനുപിന്നാലെയാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. വ്യോമസേനാ മേധാവിയാകുന്നതിന് മുൻപ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അതിനുമുമ്പ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ കാര്യാലയത്തിലെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് പദവിയും വഹിച്ചിട്ടുണ്ട്.

To advertise here,

നാല് പതിറ്റാണ്ട് കാലത്തെ സൈനിക സേവനത്തിനിടെ ഫൈറ്റർ പൈലറ്റും എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മിറാഷ്-2000, ജാഗ്വാർ, മിഗ് വേരിയന്റുകൾ, തേജസ്, ഹോക്ക്, കിരൺ, എഎൻ-32, ഐഎൽ-78 തുടങ്ങിയ വിവധ വിമാനങ്ങളിലായി 3,500-ലധികം മണിക്കൂർ പറക്കൽ പരിചയമുണ്ട്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ എന്നീ സൈനിക ദൗത്യങ്ങളിലും പരിശീലനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. വെസ്റ്റേൺ സെക്ടറിലെ മുൻനിര ഫൈറ്റർ ബേസ്, സതേൺ സെക്ടറിലെ ഫൈറ്റർ ട്രെയിനിങ് ബേസ് എന്നിവയുടെ കമാൻഡറായും സതേൺ എയർ കമാൻഡിന്റെ എയർ ഡിഫൻസ് കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയർ ഹെഡ്ക്വാട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്ട്സ്), അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്ലാൻസ്), ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എന്നീ ഉന്നത പദവികളും വഹിച്ചിട്ടുണ്ട്.