ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട്. യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ അടുത്ത വർഷം ഒപ്പിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുവെന്നാണ് ദി പ്രിന്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധവിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞ് സ്‌ക്വാഡ്രൺ ശേഷി കുറയുന്നത് പരിഗണിച്ച്‌ സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കരാർ. ഏതാണ്ട്  2200 കോടി ഡോളർ ( ഏകദേശം 1.94 ലക്ഷം കോടി രൂപ) വരുന്ന പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്. 

To advertise here,

കുറച്ച് റഫാൽ ഫ്രാൻസിൽ നിന്ന് നിർമിച്ച് വാങ്ങിയതിന് ശേഷം ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമിക്കുന്ന രീതിക്കാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുപ്രകാരം ഫ്രാൻസിൽ നിന്ന് നേരിട്ട് 18 റഫാൽ വിമാനങ്ങൾ വാങ്ങും. ശേഷിക്കുന്ന 96 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും. റഫാൽ നിർമാതാക്കളായ ദസ്സൊ ഏവിയേഷനും ഇന്ത്യയിലെ റിലയൻസ് ഗ്രൂപ്പും ഒരുമിച്ച സംയുക്ത കമ്പനിയായ ദസ്സോ റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ( ഡിആർഎഎൽ) നാഗ്പുരിലെ പ്ലാന്റിലാകും 96 റഫാലുകൾ നിർമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യാ- ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള 2016ലെ കരാർ പ്രകാരം 36 റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇന്ത്യ വാങ്ങിയിരുന്നു. ഇവ ഹരിയാണയിലെ അംബാല, പശ്ചിമബംഗാളിലെ ഹസിമാര എന്നീ വ്യോമതാവളങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. 

4.5 ജനറേഷൻ യുദ്ധവിമാനമായ റഫാൽ ഒപ്പറേഷൻ സിന്ദൂർ അടക്കമുള്ള സൈനിക ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു. യുദ്ധവിമാനത്തിന്റെ കാര്യക്ഷമത സേനയ്ക്ക് ബോധ്യപ്പെടുകയും ചെയ്തു.  പുതിയ കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ പക്കലുള്ള റഫാലുകളുടെ എണ്ണം 150 ആയി ഉയരും. ഇതിന് പുറമെ നാവികസേനയുടെ പക്കലുള്ള വിമാനവാഹിനിയിൽ വിന്യസിക്കാനായി 26 റഫാൽ എം യുദ്ധവിമാനങ്ങൾക്കും ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.