
ഇന്ത്യ കരുതലോടെയാണ് പാകിസ്താൻ- തുർക്കി- സൗദി അറേബ്യ പ്രതിരോധ സഖ്യത്തിന്റെ രൂപീകരണത്തോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സമവാക്യങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഈ സഖ്യരൂപീകരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഈ സഖ്യത്തിലുള്ള രണ്ട് രാജ്യങ്ങൾ, പാകിസ്താനും തുർക്കിയും ഇന്ത്യൻ താത്പര്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നവരാണ്. എന്നാൽ ഈ സഖ്യത്തിന്റെ രൂപീകരണത്തിൽ അമേരിക്കയ്ക്കും കൈയുണ്ടോയെന്ന് ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല ഈ സഖ്യ രൂപീകരണത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ പരാമർശം നടത്തിയതോടെയാണ് ഈ നീക്കങ്ങൾക്ക് അമേരിക്കയുടെ മൗനാനുവാദവും ആശിർവാദവുമെല്ലാമുണ്ട് എന്ന വാദങ്ങൾക്ക് അടിസ്ഥാനം.
2026 ഓഗസ്റ്റ് 7-ന് സൗദി അറേബ്യയിലെ മക്കയിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാർ' (Mecca Joint Defence Agreement) അനുസരിച്ച്, ഒപ്പുവെച്ചിട്ടുള്ള മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും. വടക്കൻ അറ്റ്ലാന്റിക് സഖ്യത്തിന്റെ (NATO) കൂട്ടായ പ്രതിരോധ തത്വമായ ആർട്ടിക്കിൾ 5-ന് സമാനമായ ചട്ടക്കൂടാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഉടമ്പടിയെ അന്താരാഷ്ട്ര മാധ്യമങ്ങൾ 'ഇസ്ലാമിക് നാറ്റോ' അല്ലെങ്കിൽ 'സുന്നി നാറ്റോ' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, പരമ്പരാഗത നാറ്റോ ചട്ടക്കൂടിൽ നിന്ന് ഇത് വ്യതിചലിക്കുന്നുണ്ട്. നാറ്റോയ്ക്ക് ഉള്ളതുപോലെ സ്ഥിരമായ സൈനിക കമാൻഡ് ഘടനയോ, വ്യക്തമായി നിർവ്വചിക്കപ്പെട്ട പ്രവർത്തന ആസ്ഥാനമോ നിലവിൽ മക്ക കരാറിനില്ല. ഇതൊരു സൈനിക അച്ചുതണ്ടോ വർഗ്ഗീയ കൂട്ടായ്മയോ അല്ലെന്നും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള സ്വയംപ്രതിരോധ സംവിധാനം മാത്രമാണെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഈ വാദങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നതാണ് ട്രംപിന്റെ പരാമർശം.
ധീരവും സുപ്രധാനവുമായ ചുവടുവെപ്പാണ് ഇതെന്നാണ് ട്രംപിന്റെ അഭ്രിപ്രായം. പ്രാദേശികമായ സുരക്ഷയിലേക്കും സ്വയം പര്യാപ്തതയിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണെന്നും ട്രംപ് പറഞ്ഞുവെക്കുന്നു. വാസ്തവത്തിൽ ഈ പ്രസ്താവന ഇപ്പോൾ അമേരിക്ക ചെന്നുപെട്ടിരിക്കുന്ന നിസ്സഹായാവസ്ഥയുടെ ആഴം കൂടിയാണ് തുറന്നുകാണിക്കുന്നത്. ഇസ്രയേലുമായി ചേർന്ന് ഇറാനിൽ തുടങ്ങിവെച്ച യുദ്ധം പശ്ചിമേഷ്യയിലെ തങ്ങളുടെ പരമ്പരാഗത സഖ്യകക്ഷികളെ അകറ്റുന്നുവെന്നത് അമേരിക്ക നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. അപ്പോഴാണ് മക്ക കരാറിന്റെ രംഗപ്രവേശമുണ്ടാകുന്നത്.
അമേരിക്കയുടെ ഭൗമരാഷ്ട്രീയ മുൻഗണനകൾ വിശകലനം ചെയ്യുമ്പോൾ, ഈ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ സഖ്യം വാഷിംഗ്ടണിന് കാര്യമായ തന്ത്രപരമായ നേട്ടങ്ങൾ നൽകുന്നുണ്ട്. അമേരിക്കൻ വിദേശനയത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന 'ബാധ്യതാ പങ്കിടൽ' (Burden-sharing) തത്വവുമായി ഈ കരാർ തത്വത്തിൽ പൊരുത്തപ്പെടുന്നുണ്ട്. പശ്ചിമേഷ്യൻ സുരക്ഷയിൽ അമേരിക്ക നേരിട്ട് സൈനിക വിഭവങ്ങളും സാമ്പത്തിക ശേഷിയും ചെലവഴിക്കുന്നതിന് പകരം, പ്രാദേശിക ശക്തികൾ തങ്ങളുടെ പ്രതിരോധ ബാധ്യതകൾ സ്വന്തമായി ഏറ്റെടുക്കുന്നതിനെ വാഷിംഗ്ടൺ പ്രോത്സാഹിപ്പിക്കുന്നു. ഇതിനു പുറമേ, അമേരിക്കയുടെ പ്രധാന തന്ത്രപ്രധാന ശത്രുവായ ചൈനയെ നേരിടുന്നതിനായി ഇന്തോ-പസഫിക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സഖ്യം അമേരിക്കയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ ഒരു പ്രതിരോധ സംവിധാനം തദ്ദേശീയമായി രൂപപ്പെടുമ്പോൾ, അവിടെയുള്ള ആഗോള സുരക്ഷാ നിരീക്ഷണച്ചുമതലകളിൽ നിന്ന് അമേരിക്കയ്ക്ക് ഭാഗികമായി പിന്മാറാനും കൂടുതൽ സൈനിക-തന്ത്രപ്രധാന വിഭവങ്ങൾ ചൈനയ്‌ക്കെതിരെ തിരിച്ചുവെക്കാനും സാധിക്കും.
ഇറാൻ ഉയർത്തുന്ന പ്രാദേശിക ഭീഷണികളെയും ഭീകരവാദ വെല്ലുവിളികളെയും നേരിടാൻ അമേരിക്കയുടെ നേരിട്ടുള്ള സൈനിക പിന്തുണയില്ലാതെ തന്നെ പ്രാദേശിക തലത്തിൽ പ്രതിരോധിക്കാൻ ഈ മൂന്ന് ശക്തികളുടെ കൂട്ടായ്മയ്ക്ക് ശേഷിയുണ്ട്. എന്നാൽ, ഈ പ്രതിരോധ സഖ്യം അമേരിക്കയ്ക്ക് പൂർണ്ണമായും ഗുണം മാത്രമല്ല നൽകുന്നത്. ഇതിന് അമേരിക്ക ചില വിട്ടുവീഴ്ചകൾക്ക് വശംവദരാകേണ്ടതുണ്ട്. ദശാബ്ദങ്ങളായി പശ്ചിമേഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്ക ആസ്വദിച്ചിരുന്ന ഏകപക്ഷീയമായ ആധിപത്യത്തിന് ഇതോടെ ഇടിവ് സംഭവിക്കും. സൗദി അറേബ്യ തങ്ങളുടെ പ്രാദേശിക സുരക്ഷയ്ക്ക് അമേരിക്കയെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, തുർക്കിയെയും പാകിസ്താനെയും സുരക്ഷാ പങ്കാളികളാക്കുന്നത് അമേരിക്കയ്ക്ക് സൗദിക്കുമേലുള്ള തന്ത്രപരമായ സ്വാധീനം പരിമിതപ്പെടുത്തും.
കൂടാതെ, അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിന്റെ സുരക്ഷാ സമവാക്യങ്ങളിൽ ഈ സഖ്യം വലിയ ആശങ്ക വിതയ്ക്കുന്നുണ്ട്. തുർക്കിയും പാകിസ്താനും ഉൾപ്പെടുന്ന ഒരു പ്രതിരോധ സംവിധാനം ഇസ്രായേലിന്റെ മേഖലയിലെ സൈനിക മേധാവിത്വത്തിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ഉയരുന്നുണ്ട്. മറ്റൊരു പ്രധാന ഭീഷണി ചൈനീസ് പ്രതിരോധ സാങ്കേതികവിദ്യയുടെ വ്യാപനമാണ്. പാകിസ്താൻ സൈന്യം വൻതോതിൽ ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളും ഡ്രോണുകളുമാണ്. പാകിസ്താന്റെ പങ്കാളിത്തത്തിലൂടെ ഇത്തരം ചൈനീസ് ആയുധ സാങ്കേതികവിദ്യകൾക്ക് ഗൾഫ് വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കുന്നത് അമേരിക്കൻ പ്രതിരോധ കയറ്റുമതി വ്യവസായത്തിനും തന്ത്രപരമായ സുരക്ഷാ താല്പര്യങ്ങൾക്കും ദോഷകരമാണ്.
ഈ പശ്ചാത്തലത്തിലാണ് അമേരിക്ക നിലവിൽ ഈ സഖ്യത്തെ സ്വാഗതം ചെയ്യുന്നത്. ട്രംപിന്റെ നയപരമായ പ്രസ്താവന അമേരിക്കൻ വിദേശനയത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അനാവശ്യമായ അന്താരാഷ്ട്ര യുദ്ധങ്ങളിൽ നിന്നും വിദേശ പ്രതിരോധ ചെലവുകളിൽ നിന്നും പിന്മാറുക എന്ന ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിന് ഈ പ്രാദേശിക കരാർ അനുയോജ്യമാണ്. ഇത്തരം സാഹചര്യങ്ങൾ നിൽക്കുന്നതിനാൽ ഈ കരാറിന് പിന്നിൽ അമേരിക്കയുടെ കളികളാണ് എന്ന് അങ്ങോട്ട് ഉറപ്പിക്കാനാകില്ല. എന്നാൽ കരാറിനോട് അമേരിക്കയ്ക്ക് നിലവിൽ എതിർപ്പില്ല എന്ന് മാത്രമേ ഗണിച്ചെടുക്കാനാകു. അമേരിക്കയുടെ സ്വഭാവം അനുസരിച്ച് ഇതിൽ എപ്പോൾ വേണമെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാം. സത്യത്തിൽ സ്ഥിരതയില്ലാത്ത ട്രംപിന്റെ നയങ്ങളും ഈ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ സഖ്യത്തിന് ഗതിവേഗം നൽകിയിട്ടുണ്ട് എന്നും വിലയിരുത്തേണ്ടിവരും. ശത്രുവിനോട് സംസാരിക്കുന്നതുപോലെ സഖ്യകക്ഷികളേയും ഭീഷണിപ്പെടുത്തുന്നതാണ് ട്രംപിന്റെ സമീപനം. ഇത് പലരാജ്യങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ട്.
ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും, പ്രാദേശികമായി ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങളും സൗദി അറേബ്യയെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. എന്നാൽ, ഈ സഖ്യം ഇറാന് എതിരെയുള്ള ആക്രമണ ഭീഷണിയല്ലെന്നും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്രപരമായി ലഘൂകരിക്കാൻ സഹായം ചെയ്യുമെന്നും ഒപ്പുവെച്ച രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാവി വിപുലീകരണ സാധ്യതകൾ പരിശോധിച്ചാൽ, മക്ക കരാർ കൂടുതൽ പ്രാദേശിക രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ വ്യക്തമാക്കിയതുപോലെ, ഈജിപ്തിനെ കരാറിന്റെ ഭാഗമാക്കാനുള്ള സാങ്കേതിക ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻപ് രൂപീകരിച്ച ചതുർരാഷ്ട്ര കൂട്ടായ്മയെ അടിസ്ഥാനമാക്കി ഈജിപ്ത് കൂടി ഉൾപ്പെടുന്നതോടെ, കിഴക്കൻ മെഡിറ്ററേനിയൻ മുതൽ തെക്കേ ഏഷ്യ വരെ നീളുന്ന വിശാലമായ ഒരു സുരക്ഷാ അച്ചുതണ്ടായി ഇത് മാറും.
Content Highlights: Saudi Arabia, Turkey, and Pakistan signed the Mecca Joint Defence Agreement on August 7, 2026., The pact mirrors NATO's Article 5, treating an armed attack on one as an attack on all three., Donald Trump endorsed the agreement, aligning with his 'America First' burden-sharing policy., Potential inclusion of Egypt could expand the security axis from the Eastern Mediterranean to South Asia.
Published: 17 Aug 2026, 01:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented