
ന്യൂഡൽഹി: ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ ചെറുക്കാൻ ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ സ്‌ക്വാഡ്രൺ ഈ ആഴ്ച ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ വിതരണത്തിൽ ചെറിയ കാലതാമസം നേരിട്ടെങ്കിലും, വ്യോമസേനയ്ക്ക് നിർണായകമായ നാലാം യൂണിറ്റിന്റെ ഘടകങ്ങൾ വരുംദിവസങ്ങളിൽ ഇന്ത്യയിലെത്തിത്തുടങ്ങും. ബാക്കിയുള്ള അഞ്ചാമത്തെ സ്‌ക്വാഡ്രൺ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. നാലാമത്തെ എസ്-400 യൂണിറ്റ് പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള രാജസ്ഥാനിലായിരിക്കും വിന്യസിക്കുകയെന്നാണ് സൂചനകൾ. ഇതോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ നിരീക്ഷണ-പ്രതിരോധ ശേഷി കൂടുതൽ ശക്തമാകും. വ്യോമസേന ഇതിനെ സുദർശൻ ചക്ര എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
എസ്-400 എന്നത് ഒരൊറ്റ മിസൈലോ വാഹനമോ അല്ല. മറിച്ച് റഡാറുകൾ, കമാൻഡ് പോസ്റ്റുകൾ, മിസൈൽ ലോഞ്ചറുകൾ, ഗതാഗത വാഹനങ്ങൾ എന്നിവയടങ്ങുന്ന വളരെ സങ്കീർണ്ണവും വലുതുമായ ഒരു ശൃംഖലയാണ്. ഇവയുടെ കൈമാറ്റം വലിയൊരു പ്രതിരോധ-ലോജിസ്റ്റിക്‌സ് ദൗത്യമാണ്. ഡെലിവറി പ്രക്രിയ അതുകൊണ്ടുതന്നെ സങ്കീർണവുമാണ്.
എസ്-400 സംവിധാനത്തെ പല ഭാഗങ്ങളായി തിരിച്ചാണ് കൊണ്ടുപോകുന്നത്. മിസൈലുകൾ സൂക്ഷിക്കുന്നതും തൊടുക്കുന്നതുമായ ലോഞ്ചറുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ പോസ്റ്റ്, പ്രത്യേക കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച മിസൈലുകൾ എന്നിങ്ങനെ പല ഭാഗങ്ങളായാണ് ഇവയെ ഇന്ത്യയിലെത്തിക്കുക. അടിയന്തിരമായി എത്തിക്കേണ്ട കമാൻഡ് പോസ്റ്റുകൾ, പ്രധാന റഡാറുകൾ, മറ്റ് സാങ്കേതിക ഘടകങ്ങൾ എന്നിവ റഷ്യയുടെ കൂറ്റൻ സൈനിക ചരക്കുവിമാനങ്ങളായ ആന്റണോവ് അൻ-124 അല്ലെങ്കിൽ ഇല്യൂഷിൻ ഇൽ-76 എന്നിവയിലാകും ഇന്ത്യയിലെത്തിക്കുക. വലിപ്പമേറിയതും ഭാരമേറിയതുമായ ലോഞ്ചർ വാഹനങ്ങൾ, മിസൈൽ കണ്ടെയ്‌നറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വലിയ ചരക്കുകപ്പലുകൾ വഴിയാണ് ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിൽ എത്തിക്കുന്നത്.
ഘടകങ്ങൾ ഇന്ത്യയിലെ നിശ്ചിത വ്യോമസേനാ താവളങ്ങളിൽ എത്തിച്ചുകഴിഞ്ഞാൽ, ഇന്ത്യൻ ഉദ്യോഗസ്ഥരും റഷ്യൻ വിദഗ്ധരും ചേർന്ന് ഇവ സൂക്ഷ്മമായി പരിശോധിക്കും. തുടർന്ന് എല്ലാ ഘടകങ്ങളും കൂട്ടിയോജിപ്പിച്ച് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരീക്ഷണങ്ങൾ നടത്തും. ഇതിനുശേഷമാണ് ഇവ അതിർത്തികളിൽ വിന്യസിക്കുക.
റഷ്യ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങളിലൊന്നാണ് എസ്-400. 600 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെ വരെ നിരീക്ഷിക്കാനും 400 കിലോമീറ്റർ പരിധിയിലുള്ള ശത്രു ലക്ഷ്യങ്ങളെ ലോക്ക് ചെയ്യാനും ഇതിലെ റഡാറുകൾക്ക് സാധിക്കും. ഒരേസമയം 300 ഓളം ശത്രു ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും, ഒരേസമയം 36 ഭീഷണികളെ നേരിട്ട് തകർക്കാനും ഈ സംവിധാനത്തിന് കഴിയും.ഈ സംവിധാനത്തിലെ മിസൈലുകൾക്ക് ശബ്ദത്തേക്കാൾ 14 മടങ്ങ് വേഗതയിൽ (ഏകദേശം മണിക്കൂറിൽ 17,000 കി.മീ) സഞ്ചരിച്ച് ശത്രുക്കളെ ഇല്ലാതാക്കാൻ സാധിക്കും. പത്ത് മീറ്റർ മുതൽ മുപ്പത് കിലോമീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ ഇത് തകർക്കും. 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെയുള്ള വ്യത്യസ്ത ദൂരങ്ങളിലേക്ക് തൊടുക്കാവുന്ന നാല് തരം മിസൈലുകളാണ് എസ്-400 സംവിധാനത്തിലുള്ളത്.
ഇന്ത്യ ഇതിനകം തന്നെ മൂന്ന് എസ്-400 സ്‌ക്വാഡ്രണുകൾ ചൈന, പാകിസ്താൻ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്. നാലാമത്തെ സ്‌ക്വാഡ്രൺ കൂടി എത്തുന്നതോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ/വടക്കൻ അതിർത്തികളിലെ വ്യോമ സുരക്ഷാ കവചം കൂടുതൽ ശക്തമാകും. 2018-ലാണ് അഞ്ച് എസ്-400 സ്‌ക്വാഡ്രണുകൾക്കായി ഇന്ത്യ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ (ഏകദേശം 40,000 കോടിയിലധികം രൂപ) കരാറിൽ ഒപ്പിട്ടത്. വെറും 5 മിനിറ്റിനുള്ളിൽ ശത്രുവിനെതിരെ പ്രവർത്തനസജ്ജമാകാൻ കഴിയുന്ന ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയ്ക്ക് ശത്രുക്കൾക്കുമേൽ കൃത്യമായ മേൽക്കൈ നൽകും.
Content Highlights: 4th S-400 Triumf squadron arriving in India this week., Deployment planned for the western border (Rajasthan) to counter aerial threats., System capable of tracking 300 targets and engaging 36 simultaneously., Operates at speeds up to 17,000 km/h with a 400km range., 5th squadron expected to be delivered by 2026.
Published: 19 May 2026, 07:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented