ന്യുഡൽഹി: 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി ഇന്ത്യ പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്. 114 എണ്ണത്തിന് പകരം 60 റഫാൽ വിമാനങ്ങൾ വാങ്ങിയേക്കും. യുദ്ധവിമാനങ്ങൾ കുറയുന്ന പ്രതിസന്ധി നേരിടുന്ന വ്യോമസേനയ്ക്ക് ലക്ഷ്യമിട്ടതിലും കുറച്ച് വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
ഇതിനൊപ്പം റഷ്യയിൽനിന്നോ യുഎസിൽനിന്നോ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യയുടെ തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ( എഎംസിഎ) യാഥാർഥ്യമാകുന്നത് വരെ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന തരത്തിലുള്ള ആയുധ സംഭരണത്തിനാണ് നീക്കം.
ആഗോള ടെൻഡർ വിളിച്ച് അതിൽ വിജയിക്കുന്ന കമ്പനിക്ക് യുദ്ധവിമാനത്തിനുള്ള ഓർഡർ നൽകാനാണ് പഴയ പദ്ധതി. ഇതിന് പകരം നേരിട്ട് രാജ്യങ്ങൾ തമ്മിലുള്ള- ഗവൺമെന്റ് ടു ഗവൺമെന്റ്- ഇടപാടായി യുദ്ധവിമാനങ്ങൾ വാങ്ങിയേക്കും. ഇത് മിക്കവാറും റഫാൽ വിമാനങ്ങളാകുമെന്നാണ് സൂചന. നിലവിൽ 36 റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കുണ്ട്. ഇതിനൊപ്പം 60 എണ്ണം കൂടി വരുന്നതോടെ 96 യുദ്ധവിമാനങ്ങളാകും. നിലവിലുള്ള രണ്ട് റഫാൽ സ്‌ക്വാഡ്രൺ എന്നത് നാല് സ്‌ക്വാഡ്രണായി ഉയരും.
ഫ്രാൻസിലെ ദസ്സൊ ഏവിയേഷൻ എന്ന പ്രതിരോധ കമ്പനിയാണ് റഫാലിന്റെ നിർമാതാക്കൾ. ഇവരിൽനിന്ന് 60 റഫാൽ എഫ്-4 വിമാനങ്ങളാകും വാങ്ങുക. ഇന്ത്യയിൽ ഒരു അസംബ്ലിലൈൻ തുടങ്ങണമെന്ന് ദസ്സൊയോട് ഇന്ത്യ ആവശ്യപ്പെട്ടേക്കും. പെട്ടെന്ന് യുദ്ധവിമാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും. എന്നാൽ, 110 എണ്ണമെങ്കിലും ഓർഡർ ചെയ്താലെ ഇന്ത്യയിൽ അസംബ്ലി ലൈൻ തയ്യാറാക്കുവെന്നും അല്ലെങ്കിൽ അത് സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നുമാണ് ദസ്സോ മുമ്പ് വ്യക്തമാക്കിയിരുന്നത്.
എഎംസിഎ യാഥാർഥ്യമാകുന്നത് വരെ കാത്തിരിക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് വിദേശത്ത് നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നത്. ഇതിലൂടെ ഇത്തരം വിമാനങ്ങളിലുള്ള പ്രവർത്തന പരിചയം വ്യോമസേന പൈലറ്റുമാർക്ക് ലഭിക്കും. അത് എഎംസിഎയുടെ ഫലപ്രദമായ ഉപയോഗത്തിന് വഴിതെളിയിക്കുമെന്നും കരുതപ്പെടുന്നു. എന്നാൽ, ഏത് രാജ്യത്തുനിന്ന് അഞ്ചാം തലമുറ വിമാനം വാങ്ങുമെന്ന് വ്യക്തമല്ല. നിലവിൽ ഇന്ത്യയ്ക്ക് റഷ്യയിൽനിന്നോ യുഎസിൽനിന്നോ മാത്രമേ ആ വിമാനങ്ങൾ ലഭിക്കു. യു.എസ് തങ്ങളുടെ എഫ്-35 നൽകാമെന്നും റഷ്യ എസ്.യു-57 ഇ നൽകാമെന്നുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിലേത് വേണമെന്ന് തീരുമാനമായിട്ടില്ല.
ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎ 2030-ലേ സേനയുടെ ഭാഗമായി തുടങ്ങുവെന്നാണ് വിലയിരുത്തുന്നത്. അതുവരെയുള്ള ഭീഷണികളെ നേരിടേണ്ടതുണ്ട്. റഫാൽ 4.5 തലമുറ യുദ്ധവിമാനമാണ്. ഇന്ത്യയുടെ സ്വന്തം തേജസ് നാലാം തലമുറ യുദ്ധവിമാനമാണ്. തേജസിന്റെ എംകെ 1എ, എംകെ2 എന്നീ പതിപ്പുകളായി ആകെ 337 യുദ്ധവിമാനങ്ങളാണ് വ്യോമസേനയിലേക്ക് എത്തുക. 120 എഎംസിഎയും ഭാവിയിൽ വാങ്ങും. വൈവിധ്യമാർന്ന യുദ്ധവിമാനങ്ങളുടെ ഉപയോഗം വ്യോമസേനയെ കൂടുതൽ പ്രൊഫഷണലാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: India may buy 60 Rafale fighter jets instead of 114, also exploring 5th gen options
Published: 23 Jul 2025, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented