വ്യോമസേനയുടെ ആധുനികവൽക്കരണ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടമാണ് റഫാൽ വിമാന ഇടപാടിലൂടെ നടക്കാൻ പോകുന്നത്. 3.25 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ കരാർ, ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായിരിക്കും. റഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളെ മറികടന്നാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 4.5 തലമുറ യുദ്ധവിമാനമായ റഫാൽ വാങ്ങാനൊരുങ്ങുന്നത്. സാങ്കേതിക മികവും കരുത്തുമുള്ള വിമാനങ്ങളെ മറികടന്ന് ഇന്ത്യ എന്തിനാണ് റഫാലിൽ നിക്ഷേപം നടത്തുന്നത് എന്നത് പലരേയും സംശയത്തിലാഴ്ത്തുന്നുണ്ട്.

To advertise here,

യുഎസിൽ നിന്ന് എഫ്-35 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം വാങ്ങുന്നത് വേണ്ട എന്നുവയ്ക്കുന്നതിൽ പലർക്കും ദഹിക്കുന്ന തീരുമാനമാണ്. എന്നാൽ, എസ്.യു-57 ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനം, പ്രത്യേകിച്ച് ഇന്ത്യയിൽ നിർമിക്കാനും സാങ്കേതികവിദ്യകൾ കൈമാറാനും റഷ്യ ഒരുക്കമായിരുന്നിട്ടും എന്തിന് റഫാൽ തിരഞ്ഞെടുത്തു? അതൊരു വലിയ ചോദ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനത്തിന് പലവിധ മാനങ്ങളും കാരണങ്ങളുമുണ്ട്. ഇന്ത്യ എന്തിന് 4.5 തലമുറയിൽപ്പെട്ട റഫാലിനെ ആശ്രയിച്ചു എന്നത് ആഗോള പ്രതിരോധ വിദഗ്ധർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തീരുമാനം കേവലം ഒരു യുദ്ധവിമാനത്തിന്റെ സാങ്കേതികതയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം (Strategic Autonomy), ഭൗമരാഷ്ട്രീയം, സാമ്പത്തിക യാഥാർഥ്യങ്ങൾ, ദീർഘകാല വ്യാവസായിക ലക്ഷ്യങ്ങൾ എന്നിവയുടെ സങ്കീർണമായ സംയോജനമാണ്. ചൈന, പാകിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാനും റഫാൽ എങ്ങനെ ഒരു തന്ത്രപരമായ തീരുമാനമായി മാറുന്നു എന്നത് വിശദമായ വിശകലനം അർഹിക്കുന്നു.

യുഎസിനെ വിശ്വസിക്കാനാകില്ല, അടുത്ത സുഹൃത്താണ് റഷ്യ പക്ഷെ...

വ്യോമസേനയുടെ അംഗീകൃത സ്‌ക്വാഡ്രൺ ശക്തി 42 ആണ്. എന്നാൽ നിലവിൽ ഇത് 29 മുതൽ 31 വരെയായി കുറഞ്ഞിരിക്കുന്നു. പഴയ സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-21, മിഗ്-27 വിമാനങ്ങൾ വിരമിച്ചതോടെ ഉണ്ടായ ഈ വിടവ് ഇന്ത്യയുടെ പ്രതിരോധ സുരക്ഷയിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ മീഡിയം മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് (MMRCA) ടെൻഡറിലൂടെ 126 വിമാനങ്ങൾ വാങ്ങാൻ 2007-ൽ പദ്ധതിയിട്ടിരുന്നുവെങ്കിലും സാങ്കേതിക കൈമാറ്റത്തെയും എച്ച്.എ.എൽ (HAL) നിർമിക്കുന്ന വിമാനങ്ങളുടെ ഉത്തരവാദിത്വത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ മൂലം അത് പരാജയപ്പെട്ടു. തുടർന്നാണ് 2016-ൽ 36 റഫാൽ വിമാനങ്ങൾ നേരിട്ട് വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. സ്റ്റെൽത്ത് വിമാനങ്ങൾ മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവയുടെ വികസനത്തിലെ കാലതാമസവും പ്രവർത്തനക്ഷമതയിലെ അനിശ്ചിതത്വവും ഇന്ത്യയെ കൂടുതൽ വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോം തേടാൻ പ്രേരിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ നിർണ്ണായകമായ പങ്ക് വഹിച്ചുവെന്നത് റഫാലിലേക്ക് ഇന്ത്യയെ അടുപ്പിച്ച പ്രധാന കാരണങ്ങളിലൊന്നാണ്.

ഹിമാലയൻ ഭൂപ്രദേശങ്ങളിലെ വെല്ലുവിളികൾ അതിജീവിച്ച് ശത്രുലക്ഷ്യങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്ന് ആക്രമണം നടത്താൻ റാഫാൽ വിമാനങ്ങൾ സഹായിച്ചു. റാഫാലിന്റെ അത്യാധുനികമായ ഇലക്ട്രോണിക് വാർഫെയർ (Electronic Warfare) ശേഷി ശത്രുക്കളുടെ റഡാറുകളെയും മറ്റും നിഷ്പ്രഭമാക്കാൻ സഹായിച്ചു. കടുത്ത പോരാട്ടം നടന്ന സാഹചര്യങ്ങളിൽ റാഫാലിന്റെ ഏവിയോണിക്‌സ്, സെൻസർ ഫ്യൂഷൻ, ആയുധങ്ങൾ എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതിന്റെ ഫലപ്രാപ്തിയിൽ ഇന്ത്യൻ വ്യോമസേന അതീവ സംതൃപ്തരായിരുന്നു. എസ്-400 മിസൈലുകൾ പ്രതിരോധം ഉറപ്പാക്കിയപ്പോൾ, റാഫേൽ വിമാനങ്ങൾ വ്യോമാധിപത്യം (Air Dominance) സ്ഥാപിക്കുന്നതിനായി ആക്രമണ ദൗത്യങ്ങൾ ഏറ്റെടുത്തു. ഇത് വ്യോമസേനയുടെ പ്രതിരോധഭാരം കുറയ്ക്കാൻ സഹായിച്ചു.ഇത് മാത്രമല്ല റഫാലിനെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. യുഎസ് വാഗ്ദാനം ചെയ്ത എഫ്-35 പോലുള്ള വിമാനങ്ങൾ ഇന്ത്യയുടെ നിലവിലുള്ള വിമാന വ്യൂഹവുമായി സംയോജിപ്പിക്കാൻ പ്രയാസമാണ്. കൂടാതെ, വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾക്ക് വേഗത്തിൽ ലഭ്യമാകുന്ന ഒരു വിമാനം എന്ന നിലയിൽ റഫാൽ മുൻപന്തിയിൽ നിന്നു.

സ്റ്റെൽത്ത് വിമാനമായ എഫ്-35 ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും, അത് സ്വീകരിക്കുന്നതിൽ ഇന്ത്യയ്ക്ക് നിരവധി തടസ്സങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനമായത് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനമാണ്. എസ്-400 സിസ്റ്റം ഉപയോഗിക്കുന്ന ഒരു രാജ്യം എഫ്-35 പ്രവർത്തിപ്പിക്കുന്നത് അമേരിക്കയുടെ ഏറ്റവും രഹസ്യ സ്വഭാവമുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ റഷ്യൻ റഡാറുകൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്ന ആശങ്ക പെന്റഗണിനുണ്ട്. തുർക്കിയെ എഫ്-35 പ്രോഗ്രാമിൽ നിന്ന് പുറത്താക്കിയതിന്റെ പ്രധാന കാരണം അവർ എസ്-400 വാങ്ങിയതായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനിക വിതരണ ശൃംഖലയിൽ റഷ്യയ്ക്ക് വലിയ പങ്കുണ്ട്. ദശാബ്ദങ്ങളായി ഇന്ത്യ റഷ്യൻ ആയുധങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അമേരിക്കൻ വിമാനങ്ങളിലേക്ക് പൂർണമായും മാറുന്നത് ഇന്ത്യയുടെ 'തന്ത്രപരമായ സ്വയംഭരണത്തെ' (Strategic Autonomy) ബാധിച്ചേക്കാം.

എഫ്-35 വിമാനങ്ങളുടെ സോഫ്റ്റ്​വെയർ നിയന്ത്രണം പൂർണമായും അമേരിക്കയുടെ കൈവശമാണ്. യുദ്ധസമയത്ത് ഇന്ത്യയുടെ ശത്രുരാജ്യങ്ങൾ അമേരിക്കയുടെ സുഹൃത്തുക്കളാണെങ്കിൽ, ഈ വിമാനങ്ങളുടെ പ്രവർത്തനം പരിമിതപ്പെടുത്താൻ അമേരിക്കയ്ക്ക് സാധിക്കും. എഫ്-35 മാത്രമല്ല ഒരു യുദ്ധവിമാനങ്ങളുടെയും സോഴ്‌സ് കോഡ് (Source Code) ഇന്ത്യയ്ക്ക് നൽകാൻ അമേരിക്ക തയ്യാറല്ല എന്നതും, ഇന്ത്യയുടെ സ്വന്തം മിസൈലുകൾ (ഉദാഹരണത്തിന് അസ്ത്ര) എഫ്-35-ൽ ഘടിപ്പിക്കാൻ കഴിയില്ല എന്നതും പ്രധാന പോരായ്മകളായി വിലയിരുത്തപ്പെടുന്നു. കൂടാതെ, എഫ്-35-ന്റെ പ്രവർത്തനച്ചെലവ് വളരെ കൂടുതലാണ്. ഒരു മണിക്കൂർ പറക്കാൻ ഇതിന് ഏകദേശം 35,000 ഡോളർ ചിലവാകുമ്പോൾ റഫാലിന് ഇത് 20,000 ഡോളറിനടുത്തെ ആകുന്നുള്ളൂ.

ഇനി റഷ്യൻ വിമാനമായ എസ്.യു-57 ഇയുടെ കാര്യം നോക്കാം. റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യയ്‌ക്കെതിരെ യു.എസ് ഉപരോധം ക്ഷണിച്ചുവരുത്താനിടയാക്കും. പ്രത്യേകിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ. എസ്-400 വാങ്ങിയ സമയത്ത് ഇന്ത്യയ്‌ക്കെതിരെ യുഎസ് കാറ്റ്‌സ (CAATSA) നിയമപ്രകാരമുള്ള ഉപരോധ ഭീഷണി ഉയർത്തിയിരുന്നുവെങ്കിലും നയതന്ത്ര നീക്കത്തിലൂടെ അതിൽ നിന്ന് ഇന്ത്യ തന്ത്രപരമായി ഒഴിവായി. എന്നാൽ, അന്നത്തേതുപോലെയൊരു സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നതും ഇന്ത്യയെ ചിന്തിപ്പിച്ചിരിക്കാം.

അതുമാത്രമല്ല മോഹന വാഗ്ദാനങ്ങളാണ് റഷ്യ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. എന്നാൽ ഇതേ യുദ്ധവിമാന വികസനത്തിൽ മുമ്പ് റഷ്യയുടെ പങ്കാളിയായിരുന്നുവെന്നത് ഇന്ത്യ മറന്നിട്ടില്ല. അന്ന് റഷ്യ ചെയ്ത കാര്യങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൃപ്തിയുണ്ടാക്കുന്നവയാണ്. റഷ്യയുമായുള്ള അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ (FGFA) നിന്ന് ഇന്ത്യ 2018-ൽ പിന്മാറിയത് എസ്.യു-57 വിമാനത്തിന്റെ വികസനത്തിലെ പോരായ്മകൾ മൂലമാണ്. ഇതിന്റെ സ്റ്റെൽത്ത് കഴിവുകൾ അമേരിക്കൻ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിലാണെന്ന് ഇന്ത്യൻ വ്യോമസേന വിലയിരുത്തിയിരുന്നു. ഇത് സ്റ്റെൽത്ത് വിമാനമെന്ന നിലയിലുള്ള അതിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം എഞ്ചിൻ സാങ്കേതികവിദ്യയായിരുന്നു. എസ്.യു-57-ൽ ഉപയോഗിക്കുന്ന എ.എൽ-41എഫ്1 ( AL-41F1) എഞ്ചിനുകൾ ഇന്ത്യയുടെ ആവശ്യാനുസരണം നവീകരിക്കാൻ റഷ്യ തയ്യാറായില്ല. കൂടാതെ, സാങ്കേതിക കൈമാറ്റത്തിലും (ToT) സാമ്പത്തിക ചിലവുകൾ പങ്കിടുന്നതിലും ഇന്ത്യയും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എച്ച്.എ.എല്ലിന് നൽകിയ പങ്ക് വളരെ കുറവാണെന്നും ഇന്ത്യയുടെ സാമ്പത്തിക ബാധ്യതയ്ക്ക് അനുസരിച്ചുള്ള സാങ്കേതിക വിജ്ഞാനം ലഭിക്കുന്നില്ലെന്നും ഇന്ത്യ പരാതിപ്പെട്ടു. റഷ്യൻ ആയുധ നിർമാണ മേഖലയിൽ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇന്ത്യയെ ചിന്തിപ്പിച്ചു.

ഒരു യുദ്ധമുണ്ടായാൽ ചൈന ഈ വിതരണ ശൃംഖല തടസ്സപ്പെടുത്തിയാൽ ഇന്ത്യയുടെ എസ്.യു-57 വിമാനങ്ങൾ നിശ്ചലമാകും. റഷ്യൻ വ്യവസായ മേഖലയിൽ നിലനിൽക്കുന്ന അഴിമതിയും കരാറുകൾ ലംഘിക്കുന്ന പ്രവണതയും അഡ്മിറൽ ഗോർഷ്‌കോവ് (വിക്രമാദിത്യ), ടി-90 ടാങ്കുകൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്. ഇതിനാൽ തന്നെ വികസനത്തിലിരിക്കുന്ന ഒരു പ്രോജക്റ്റിൽ ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നത് അപകടമാണെന്ന് ഇന്ത്യ മനസ്സിലാക്കി.

റഫാൽ എന്ന തീരുമാനം, ഫ്രാൻസ് എന്ന ചോയ്‌സ്

ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയുടെ റഫാൽ യുദ്ധവിമാനം ഒരു 'ഒമ്‌നിറോൾ' (Omnirole) വിമാനമായാണ് അറിയപ്പെടുന്നത്. അതായത്, ഒരേ സമയം വായുവിൽ നിന്നുള്ള പ്രതിരോധം, കരയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുക, ആണവ പ്രതിരോധം, കടൽ മാർഗമുള്ള ആക്രമണം എന്നിവ നടത്താൻ ഇതിന് സാധിക്കും. റഫാലിന്റെ ഡെൽറ്റ വിംഗും (Delta Wing) കാനാർഡ്‌സ് (Canards) സംവിധാനവും ഇതിന് മികച്ച ചടുലതയും (Maneuverability) നൽകുന്നു. ഹിമാലയൻ അതിർത്തികളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വിമാനം പറന്നുയരാൻ ഈ രൂപകൽപ്പന സഹായിക്കുന്നു. റഫാലിലെ സ്‌പെക്ട്ര (SPECTRA) ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായാണ് കണക്കാക്കുന്നത്. വിമാനത്തെ റഡാറുകളിൽ നിന്ന് മറയ്ക്കാനും ശത്രുവിന്റെ മിസൈലുകളെ വഴിതിരിച്ചുവിടാനും ഇതിന് സാധിക്കും. പൂർണമായ സ്റ്റെൽത്ത് അല്ലെങ്കിലും, ഈ സാങ്കേതികവിദ്യ റഫാലിനെ ശത്രുക്കൾക്ക് കണ്ടെത്താൻ പ്രയാസമുള്ളതാക്കുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താന്റെ ചൈനീസ് നിർമിത മിസൈലുകളെ നേരിടുന്നതിൽ റഫാൽ വിജയിച്ചതായി റിപ്പോർട്ടുകളുണ്ട്. റഫാലിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ സർവീസിബിലിറ്റി റേറ്റ് (Serviceability Rate) ആണ്. ഇതിനർത്ഥം പത്ത് വിമാനങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒമ്പതും എപ്പോഴും പറക്കാൻ സജ്ജമായിരിക്കും. ഇന്ത്യയുടെ സുഖോയ്-30 വിമാനങ്ങളുടെ സർവീസിബിലിറ്റി 50-60 ശതമാനം മാത്രമാണ് എന്നതും ഇവിടെ ഓർക്കണം. യുഎസ് വിമാനങ്ങളുടെ കാര്യം വരുമ്പോൾ അത് ഇതിലും കുറയും. എഫ്-16 യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ പാകിസ്താൻ അനുഭവിക്കുന്ന പ്രയാസവും ഇതുതന്നെയാണ്.

റഫാലിലെ മോഡുലാർ എഞ്ചിൻ ഡിസൈൻ കാരണം അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാൻ സാധിക്കുന്നു. നിലവിൽ അംബാലയിലും ഹാഷിമാരയിലും റഫാൽ സ്‌ക്വാഡ്രണുകൾ പ്രവർത്തിക്കുന്നത് ഇന്ത്യയ്ക്ക് ഇതിനകം തന്നെ വിമാനത്തിന്റെ പരിപാലനത്തിൽ പരിചയം നൽകിയിട്ടുണ്ട്. റഫാൽ വിമാനങ്ങളിൽ ഇന്ത്യയുടെ ആവശ്യാനുസരണം 13 പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവ ഇന്ത്യയുടെ പ്രത്യേക ഭൂപ്രകൃതിക്കും ശത്രുരാജ്യങ്ങളുടെ ഭീഷണികൾക്കും അനുയോജ്യമായ രീതിയിലുള്ളതാണ്. ലഡാക്കിലെ ലേ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ കടുത്ത തണുപ്പിൽ പോലും വിമാനം വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ചെയ്യാൻ ഈ സൗകര്യം സഹായിക്കും. പൈലറ്റിന്റെ തലയുടെ ചലനത്തിനനുസരിച്ച് ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും മിസൈലുകൾ തൊടുക്കാനും സഹായിക്കുന്ന ഹെൽമറ്റ്, ശത്രുവിന്റെ മിസൈൽ ഭീഷണി മുൻകൂട്ടി അറിയാനുള്ള അത്യാധുനിക ഇസ്രയേലി സെൻസറുകൾ. ശത്രുവിന്റെ റഡാറുകളെ പ്രവർത്തനരഹിതമാക്കാനുള്ള സംവിധാനം ജാമറുകൾ, ഇന്ത്യൻ ഉപഗ്രഹങ്ങളുപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ എന്നിവയടക്കമാണ് റഫാൽ ഇന്ത്യയ്ക്ക് കിട്ടുന്നത്. ഇത്തരം മാറ്റങ്ങൾ വരുത്തിയ വിമാനങ്ങൾ ലഭിക്കുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധം കൂടുതൽ ശക്തമായി മാറും. പാകിസ്താന്റെ എഫ്-16 വിമാനങ്ങളേക്കാളും ചൈനയുടെ ജെ-20 (J-20) സ്റ്റെൽത്ത് വിമാനങ്ങളേക്കാളും ആധുനികമായ ഇലക്ട്രോണിക് സംവിധാനങ്ങൾ റഫാലിനുണ്ടെന്ന് വ്യോമസേന കരുതുന്നത്.

ഇതൊക്കെ സാങ്കേതിക കാരണങ്ങളാണെങ്കിൽ റഫാൽ തിരഞ്ഞെടുക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതിൽ ഫ്രാൻസ് എന്ന രാജ്യത്തോടുള്ള ഇന്ത്യയുടെ വിശ്വാസം കൂടി ഒരു ഘടകമായി പ്രവർത്തിച്ചുവെന്ന് മനസിലാക്കാണം. ഫ്രാൻസ് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പ്രതിരോധ പങ്കാളികളിലൊന്നാണ്. 1998-ലെ ആണവ പരീക്ഷണ സമയത്ത് ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ ഫ്രാൻസ് വിസമ്മതിച്ചിരുന്നു. ആയുധങ്ങൾ നൽകുന്നതിനോടൊപ്പം അവയുടെ ഉപയോഗത്തിൽ യാതൊരു നിയന്ത്രണവും ഫ്രാൻസ് ഏർപ്പെടുത്തുന്നില്ല എന്നതാണ് മറ്റൊരു കാരണം. 114 വിമാനങ്ങൾ വാങ്ങുന്നതിനുള്ള എം.ആർ.എഫ്.എ (MRFA) പ്രോഗ്രാമിൽ റഫാൽ വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കാനാണ് ദസ്സോ ലക്ഷ്യമിടുന്നത്. ഇതിൽ 60 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് അവർ ഉറപ്പു നൽകുന്നു. ഇത് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ടാറ്റ, റിലയൻസ് തുടങ്ങിയ സ്വകാര്യ കമ്പനികളെയും ഈ നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുത്താൻ വ്യോമസേന താല്പര്യപ്പെടുന്നു. ഫ്രാൻസുമായുള്ള സഹകരണം ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ വിമാനമായ എ.എം.സി.എ (AMCA) വികസിപ്പിക്കാനും സഹായിക്കും. എഞ്ചിൻ സാങ്കേതികവിദ്യയിൽ ഫ്രാൻസിന്റെ സഫ്രാൻ (Safran) കമ്പനിയുമായി ഇന്ത്യ സഹകരിക്കാൻ സാധ്യതയുണ്ട്. ഇത്തരം ഒരു സാങ്കേതിക കൈമാറ്റം അമേരിക്കയിൽ നിന്നോ റഷ്യയിൽ നിന്നോ ലഭിക്കാൻ പ്രയാസമാണ്.

കൂടാതെ ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യയും ഫ്രാൻസും സമാനമായ നിരവധി താത്പര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇൻഡോ പസഫിക്കിലും, കശ്മീർ വിഷയത്തിലും, ഭീകരവിരുദ്ധ പോരാട്ടത്തിലുമൊക്കെ ഒക്കെ ഇന്ത്യൻ താത്പര്യങ്ങൾ ഫ്രാൻസും പങ്കുവയ്ക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സൈനിക സംഘർഷമുണ്ടായാൽ പാകിസ്താനെ ഫ്രാൻസിന് സഹായിക്കേണ്ട ബാധ്യതയോ സാധ്യതകളോ ഇല്ല. അതേസമയം യുഎസിനും റഷ്യയ്ക്കും അതുണ്ടുതാനും. യുഎസിന് ലോകത്തുള്ള മിക്ക സ്ഥലങ്ങളിലും താത്പര്യങ്ങളുണ്ട്. ചൈനയെ നേരിടാൻ ഇന്ത്യയെ കൂട്ടുപിടിക്കുന്നതുപോലെ ഇന്ത്യയെ തളയ്ക്കാൻ പാകിസ്താനെ സഹായിക്കുന്നതും യുഎസിന്റെ സ്വഭാവമാണ്. എന്നാൽ നിലവിൽ പാകിസ്താനുമായി ഫ്രാൻസിന് അത്തരം താത്പര്യങ്ങളില്ല.

പാകിസ്താൻ ഉപയോഗിക്കുന്ന ജെഎഫ് 17 തണ്ടർ യുദ്ധവിമാനങ്ങളിൽ റഷ്യൻ സാങ്കേതിക വിദ്യയിലുള്ള എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ ഇത്തരം എൻജിനുകൾ വീണ്ടും അവർക്ക് നൽകാൻ റഷ്യയ്ക്ക് ബാധ്യതയുണ്ട്. റഷ്യയിൽ നിന്ന് നേരിട്ടല്ല പാകിസ്താനിലേക്ക് എൻജിനുകൾ എത്തുന്നത്. പകരം റഷ്യ ചൈനയ്ക്കാണ് എൻജിൻ നൽകുന്നത്. ചൈന അത് പാകിസ്താന് നൽകുന്നു. അതിനാൽ ചൈനയിൽ നിന്ന് കൂടുതൽ എൻജിനുകൾക്ക് ഓർഡർ വന്നാൽ സുഹൃദ് രാഷ്ട്രമെന്ന നിലയിൽ റഷ്യ അത് വേഗം അംഗീകരിച്ച് കൊടുത്തേക്കും. ചൈനവഴി പാകിസ്താനിലേക്ക് ഈ എൻജിനുകൾ എത്തുകയും ചെയ്യും. യുദ്ധസമയത്ത് പാക് യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ ഇങ്ങനെ എത്തുന്നതിന് വഴിയൊരുങ്ങും.

ഒരു പ്രതിസന്ധി ഘട്ടത്തിൽ യുഎസ് വിമാനങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയെ യുഎസിന് സമ്മർദ്ദത്തിലാക്കാനാകും. അതിലൂടെ ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളെ ബലികഴിക്കാൻ നമ്മൾ നിർബന്ധിതരാകുകയും ചെയ്യും. റഷ്യയാകട്ടെ പാകിസ്താന് നേരിട്ട് സഹായം ചെയ്യുന്നില്ല എങ്കിലും ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ പിന്നിൽ നിന്ന് കുത്താൻ നിർബന്ധിതരാകും. ഈ ഘട്ടത്തിൽ തന്ത്രപരമായ സ്വയംഭരണം ഇന്ത്യയ്ക്ക് നഷ്ടമാകും. എന്നാൽ ഫ്രാൻസിന്റെ കാര്യത്തിൽ ഈ സാധ്യത തുലോം വിരളമാണ്. ഇതും റഫാലിന്റെ കാര്യത്തിൽ ഇന്ത്യയെ സ്വാധീനിച്ചിട്ടുണ്ട്. കാരണം ഇന്ത്യയുടെ കാര്യത്തിൽ ഫ്രാൻസ് ഒരു ന്യൂട്രൽ കക്ഷിയാണ്. അവർക്ക് പാകിസ്താനിലും ചൈനയിലും താത്പര്യങ്ങളില്ല. ചൈനയിൽ ഒരുപക്ഷേ വാണിജ്യ താത്പര്യങ്ങളുണ്ടാകാമെന്ന് മാത്രം. യുദ്ധസാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് ഫ്രാൻസ് ഒരു വിശ്വസനീയമായ പങ്കാളിയാണ്.

ആയുധശേഷിയും ആണവ പ്രതിരോധവും

 

റഫാൽ വിമാനങ്ങളിലെ ആയുധങ്ങൾ ശത്രുരാജ്യങ്ങളുടെ പ്രതിരോധനിരയെ തകർക്കാൻ തക്ക ശേഷിയുള്ളതാണ്. മിറ്റിയോർ (Meteor) മിസൈൽ അതിൽ പ്രധാനമാണ്. നൂറ് കിലോമീറ്ററിലധികം ദൂരത്തുള്ള ശത്രു വിമാനങ്ങളെ വീഴ്ത്താൻ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച ബി.വി.ആർ (Beyond Visual Range) മിസൈലുകളിൽ ഒന്ന്. സ്‌കാൽപ് (SCALP) ക്രൂയിസ് മിസൈൽ- 300 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ സഹായിക്കുന്ന മിസൈൽ. ഹാമർ (HAMMER) ബോംബുകൾ- ഏത് കാലാവസ്ഥയിലും ശത്രുവിന്റെ ബങ്കറുകളും മറ്റും തകർക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയുടെ ആണവ ത്രയത്തിന്റെ (Nuclear Triad) ഭാഗമായി റഫാലിനെ ഉപയോഗിക്കാൻ സാധിക്കും. ആണവായുധങ്ങൾ വഹിക്കാനും അവ ശത്രുവിന്റെ റഡാറുകളിൽ പെടാതെ കൃത്യമായി തൊടുക്കാനും റഫാലിന് പ്രത്യേക ശേഷിയുണ്ട്. ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ബ്രഹ്‌മോസ് (BrahMos) മിസൈലുകൾ റഫാലിൽ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്, ഇത് കടൽ മാർഗമുള്ള പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകും. ആധുനിക യുദ്ധവിമാനങ്ങളുടെ കരുത്ത് അതിന്റെ സോഫ്റ്റ്​വെയറിലാണ്. റഫാൽ വിമാനങ്ങളുടെ സോഴ്‌സ് കോഡിലേക്ക് പൂർണമായ പ്രവേശനം ലഭിക്കുന്നില്ലെങ്കിലും, ഇന്ത്യയുടെ സ്വന്തം മിസൈലുകളും സെൻസറുകളും ഘടിപ്പിക്കാനുള്ള സൗകര്യം ദസ്സൊ നൽകുന്നുണ്ട്. വിമാനത്തിന്റെ 'ദൗത്യ വിവരങ്ങൾ' (Mission Data) ഇന്ത്യയ്ക്ക് തന്നെ നിയന്ത്രിക്കാം, അതായത് എവിടെ പറക്കണം, ആരെ ആക്രമിക്കണം എന്നതിലൊന്നും വിദേശ കമ്പനിക്ക് ഇടപെടാൻ കഴിയില്ല. യുഎസ് വിമാനത്തിൽ ഇക്കാര്യങ്ങൾ സാധ്യമല്ല. റഷ്യൻ വിമാനങ്ങളുടെ കാര്യത്തിലും സോഫ്റ്റ്​വെയർ നവീകരണം പലപ്പോഴും പ്രയാസമാണ്. റഫാലിലെ അത്യാധുനികമായ ആർ.ബി.ഇ-2 (RBE2-AA) എ.ഇ.എസ്.എ റഡാറും സ്‌പെക്ട്ര സംവിധാനവും സംയോജിപ്പിച്ചു പ്രവർത്തിപ്പിക്കുന്നത് പൈലറ്റിന്റെ ജോലിഭാരം കുറയ്ക്കുകയും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും. ശത്രുവിന്റെ ഇലക്ട്രോണിക് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി റഫാലിനെ ഒരു 'സൈലന്റ് കില്ലർ' ആക്കുന്നു.

റഷ്യയും അമേരിക്കയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടും ഇന്ത്യ റഫാൽ തിരഞ്ഞെടുത്തത് വളരെ ദീർഘവീക്ഷണമുള്ള ഒരു തീരുമാനമായി വിലയിരുത്തണം. ഒരു യുദ്ധവിമാനം വാങ്ങുമ്പോൾ അതിന്റെ കേവലമായ വേഗതയോ സ്റ്റെൽത്തോ മാത്രമല്ല നോക്കേണ്ടത്, മറിച്ച് അത് എത്രത്തോളം ഇന്ത്യയുടെ സൈനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാണ് എന്നതാണ് പ്രധാനം. റഫാൽ ഇന്ത്യയ്ക്ക് നൽകുന്നത് കേവലം ഒരു വിമാനമല്ല, മറിച്ച് ഭൗമരാഷ്ട്രതന്ത്രപരമായ സുരക്ഷിതത്വവും വ്യാവസായിക വളർച്ചയുമാണ്. എഫ്-35 വാങ്ങുന്നത് ഇന്ത്യയുടെ പ്രതിരോധ നയത്തിൽ അമേരിക്കയ്ക്ക് അമിത സ്വാധീനം നൽകിയേക്കാം. എന്നാൽ റഫാൽ പരീക്ഷിക്കപ്പെട്ടതും, വിശ്വസനീയമായതും, ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങൾക്കായി മാറ്റം വരുത്തിയതുമായ ഒരു യുദ്ധവിമാനമാണ്. ഭാവിയിൽ ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന എ.എം.സി.എ സ്റ്റെൽത്ത് വിമാനങ്ങൾ വരുന്നതുവരെ ഇന്ത്യയുടെ ആകാശക്കരുത്തായി റഫാൽ നിലനിൽക്കും. സ്‌ക്വാഡ്രണുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ഉയർന്ന പ്രവർത്തനക്ഷമതയുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കരുത്തേകുന്നു. ചുരുക്കത്തിൽ, സ്റ്റെൽത്ത് എന്ന ലേബലിനേക്കാൾ ഇന്ത്യ പ്രാധാന്യം നൽകിയത് പ്രവർത്തനക്ഷമതയ്ക്കും, വിശ്വസ്തതയ്ക്കും തന്ത്രപരമായ സ്വതന്ത്ര്യത്തിനുമാണ്.

അതേസമയം റഫാലിന് ശേഷം അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57ഇ ഇന്ത്യ പ്രത്യേകമായി വാങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എസ്.യു-57 നിർമാതാക്കളായ റഷ്യയിലെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ പ്രതിനിധികൾ ഇന്ത്യയിലെത്തി എച്ച് എ എല്ലിന്റെ മഹാരാഷ്ട്രയിലെ സൗകര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്. എസ്.യു-57 നിർമിക്കാനാവശ്യമായ സാങ്കേതിക സൗകര്യങ്ങളിൽ പകുതിയും ഇന്ത്യയിലുണ്ടെന്നാണ് റഷ്യൻ പ്രതിനിധികൾ വിലയിരുത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ സാങ്കേതികവിദ്യ കൈമാറ്റവും സോഴ്‌സ് കോഡും കൈമാറുന്നതിന് റഷ്യ തയ്യാറായാൽ ഒരുപക്ഷെ ഇന്ത്യ എസ്.യു-57 പദ്ധതിയിൽ വീണ്ടും ചേർന്നേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് ഉടനെ സംഭവിക്കാനിടയില്ല. ഒരുപക്ഷെ റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയും റഷ്യൻ സപ്ലൈ ചെയിനുകൾ സാധാരണ നിലയിലേക്ക് മാറുകയും ചെയ്താൽ ഇക്കാര്യത്തിൽ വേഗത കൈവന്നേക്കുമെന്ന് മാത്രം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സ്റ്റെൽത്ത് വിമാനമായ എഎംസിഎയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉടനെ ഒരു സ്‌റ്റെൽത്ത് വിമാന ഇടപാട് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.