അടുത്തിടെ ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നടക്കുന്ന നീക്കങ്ങൾ നിരീക്ഷിച്ചാൽ ഇന്ത്യ സായുധമായി എന്തിനോവേണ്ടി സജ്ജമാകുന്നുവെന്ന് തോന്നാം. പുതിയ ആയുധങ്ങൾ സംഭരിക്കുന്നതിലുള്ള വേഗം വർധിച്ചത്, ഡ്രോണുകൾ വാങ്ങിക്കൂട്ടാനൊരുങ്ങുന്നത്, തദ്ദേശീയ പ്രതിരോധ കമ്പനികളെ ശക്തിപ്പെടുത്താനുള്ള കരാറുകൾ തയ്യാറാക്കുന്നത്, വിദേശത്തുനിന്നുൾപ്പെടെ കൂടുതൽ ആയുധങ്ങൾ വാങ്ങി സംഭരിക്കുന്നത്. ഇങ്ങനെ നിർണായകമായ ചില നീക്കങ്ങൾ കുറച്ച് മാസങ്ങളായി വളരെ വേഗത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഏതാനും ചില വാർത്തകൾ മാത്രം പുറത്തുവരുന്നു എന്ന് മാത്രം.

To advertise here,

ഓപ്പറേഷൻ സിന്ദൂർ നൽകിയ തന്ത്രപരമായ പാഠങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി വൻതോതിലുള്ള പ്രതിരോധ സംഭരണ നടപടികൾക്ക് ഇന്ത്യ വേഗം കൂട്ടുന്നത്. അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളും ആധുനിക യുദ്ധരീതികളും കണക്കിലെടുത്ത് അടിയന്തരവും ദീർഘകാലത്തേക്കുമുള്ള സൈനിക ആവശ്യങ്ങൾ നിറവേറ്റാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ, അടിയന്തര ആവശ്യങ്ങൾക്കായി വിദേശ പങ്കാളികളിൽനിന്ന് അത്യാധുനിക ആയുധങ്ങൾ വാങ്ങുന്ന രീതിയും ഇന്ത്യ തുടരുന്നുണ്ട്. ആവശ്യമുള്ളവ സ്വന്തമായി നിർമ്മിക്കുക, അടിയന്തര പ്രാധാന്യമുള്ളവ വാങ്ങുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആധുനിക യുദ്ധഭൂമിയിൽ ഡ്രോണുകളുടെ പ്രാധാന്യം വർദ്ധിച്ച സാഹചര്യത്തിൽ, വലിയ തോതിലുള്ള ഡ്രോൺ സംഭരണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. നിരീക്ഷണം, ലോജിസ്റ്റിക്‌സ്, കൃത്യതയാർന്ന ആക്രമണങ്ങൾ എന്നിവയ്ക്കായി ആഭ്യന്തര നിർമ്മാതാക്കളിൽനിന്ന് ഡ്രോണുകൾ വാങ്ങാൻ വലിയ തുക നിക്ഷേപിക്കും. കൂടാതെ ഒരു പ്രത്യേക 'ഡ്രോൺ ഫോഴ്‌സ്' രൂപീകരിക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമാണ്. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓപ്പറേഷൻ സിന്ദൂർ അടിവരയിടുന്നു.

ഇതിനായി തിയേറ്റർ കമാൻഡുകൾ (Theater Commands) സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിപുലമായ പരിഷ്‌കരണ നടപടികൾ പുരോഗമിക്കുകയാണ്. ഇത് ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ചൈന പാക് ഭീഷണികളെ നേരിടുന്നതിനുള്ള രണ്ട് തിയേറ്റർ കമാൻഡുകൾ ആകും ആദ്യം പൂർത്തിയാകുക. തുടർന്ന് കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള ഭീഷണികളെ നേരിടാനുള്ള മൂന്ന് തിയേറ്റർ കമാൻഡുകൾ പിന്നാലെ വരും. ഇതിനൊപ്പം ശരാശരി മാസത്തിലൊന്നെന്ന തരത്തിൽ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും സേനയുടെ ഭാഗമാകുന്നു. ആർട്ടിലറി സംവിധാനങ്ങളും നവീകരിക്കപ്പെടുന്നു.

ആധുനികവത്കരണത്തിനും തദ്ദേശീയ ആയുധ നിർമ്മാണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രതിരോധ ബജറ്റ് വിഹിതം വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഡിഫൻസ് പ്രൊക്യൂർമെന്റ് മാനുവൽ വഴി ആയുധങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി. ആകാശ് മിസൈലുകൾ, ആകാശതീർ കമാൻഡ് സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയ സാങ്കേതികവിദ്യകൾക്കൊപ്പം എസ്-400 എയർ ഡിഫൻസ് സിസ്റ്റം പോലുള്ള വിദേശ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി വ്യോമ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ രാജ്യം നടപടികൾ സ്വീകരിച്ചു വരുന്നു.

ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെയും സൈനിക പ്രതിസന്ധികളെയും അതിവേഗം നേരിടാൻ പ്രാപ്തമായ, സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ഒരു സൈനിക ശക്തിയായി മാറാനാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള തന്ത്രപരമായ മാറ്റങ്ങളിലൂടെ ഇന്ത്യ ശ്രമിക്കുന്നത്. സാധാരണ വേഗതയിൽ പോയിരുന്ന പ്രതിരോധ ആയുധ സംഭരണത്തിന് ഗതിവേഗവും തന്ത്രപരമായ മാറ്റങ്ങളും ഉണ്ടായത് പഹൽഗാം ഭീകരാക്രമണവും അതിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിനും ശേഷമാണ്.

പഹൽഗാമിലെ ചോര, കണക്ക് ചോദിച്ച് ഇന്ത്യ

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ക്രൂരമായ ഭീകരാക്രമണം ഇന്ത്യൻ പ്രതിരോധ തന്ത്രങ്ങളുടെ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാണ്. ഇരുപത്തിയാറ് നിരപരാധികളുടെ മരണത്തിനിടയാക്കിയ ഈ ആക്രമണം ലഷ്‌കറെ തൊയ്ബയുടെ നിഴൽ സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) ആണ് നടത്തിയത്. മതം ചോദിച്ചറിഞ്ഞ് വിനോദസഞ്ചാരികളെ വധിച്ച ഈ ഭീകരതയ്‌ക്കെതിരെ, പാകിസ്താനിൽ ആക്രമണം നടത്തിയാണ് ഇന്ത്യ പ്രതികരിച്ചത്.

തങ്ങളുടെ മണ്ണിലെ ഭീകരവാദ ശൃംഖലകളെ നിയന്ത്രിക്കാൻ പാകിസ്താൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ സായുധ സേന 2025 മേയ് 7-ന് പുലർച്ചെ അതിശക്തമായ സംയുക്ത സൈനിക നടപടിയായ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. ഇന്ത്യൻ മണ്ണിലെ ഭീകരാക്രമണങ്ങൾക്ക് കാരണമാകുന്ന പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (PoJK) ഒൻപത് തന്ത്രപ്രധാനമായ ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു ഈ ദൗത്യം ആസൂത്രണം ചെയ്തത്. മുൻകാലങ്ങളിലെ പ്രതിരോധപരമായ നിലപാടുകളിൽനിന്നു മാറി ശത്രുരാജ്യത്തിന്റെ ആഴങ്ങളിലേക്ക് പ്രഹരമേൽപ്പിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ ഇച്ഛാശക്തിയുടെ പ്രകടനമായിരുന്നു ഇത്.

രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ വിവരങ്ങളുടെയും ഉപഗ്രഹ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഒരു സാധാരണ പരിശീലന പറക്കൽ എന്ന വ്യാജേനയാണ് ദൗത്യം ആരംഭിച്ചത്. റഡാർ ബ്ലാക്ക്ഔട്ടുകളും എയർമെൻമാർക്കുള്ള പ്രത്യേക അറിയിപ്പുകളും (NOTAM) ഉപയോഗിച്ച് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പൂർണ്ണമായും കബളിപ്പിച്ചായിരുന്നു ഈ അതിവേഗ നീക്കം. 2025 മേയ് 6-7 തീയതികളിൽ പുലർച്ചെ 01:05 മുതൽ 01:30 വരെ നീണ്ടുനിന്ന അതിശക്തമായ മിസൈൽ ആക്രമണങ്ങളിലൂടെ അതിർത്തി കടക്കാതെ തന്നെ ഇന്ത്യൻ പരിധിയിൽനിന്നു തൊടുക്കാവുന്ന സ്റ്റാൻഡ്-ഓഫ് ആയുധങ്ങൾ ഉപയോഗിച്ച് ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ പൂർണ്ണമായി തകർത്തു.

ഇന്ത്യയുടെ അതിവേഗ ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെടുകയും  ഭീകരകേന്ദ്രങ്ങൾ നാമാവശേഷമാകുകയും ചെയ്തു. വ്യോമസേന സുഖോയ്-30 വിമാനങ്ങളുമായി സംയോജിപ്പിച്ച ബ്രഹ്‌മോസ് മിസൈലുകളും, ഫ്രഞ്ച് നിർമ്മിത സ്‌കാൽപ് (SCALP), ഹാമർ (HAMMER) മിസൈലുകളും സ്‌കൈസ്‌ട്രൈക്കർ (SkyStriker) സൂയിസൈഡ് ഡ്രോണുകളുമാണ് ഈ ദൗത്യത്തിൽ പ്രധാനമായും ഉപയോഗിച്ചത്. ജെയ്ഷെ മുഹമ്മദ് നേതാവ് അബ്ദുൽ റൗഫ് അസ്ഹർ ഉൾപ്പെടെയുള്ള പ്രമുഖ ഭീകരരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആദ്യഘട്ട ആക്രമണത്തിന് ശേഷം പാകിസ്താൻ തങ്ങളുടെ യുദ്ധവിമാനങ്ങളും യുസിഎവി (UCAV) ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയുടെ വടക്കൻ-പടിഞ്ഞാറൻ വ്യോമതാവളങ്ങളായ ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭട്ടിൻഡ, ഭുജ് എന്നിവയ്‌ക്കെതിരെ ശക്തമായ തിരിച്ചടിക്ക് ശ്രമിച്ചു. കൂടാതെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ മോർട്ടാർ-ഷെല്ലാക്രമണങ്ങളിൽ പൂഞ്ചിലെ ഗുരുദ്വാരയും ജമ്മുവിലെ ശംഭു ക്ഷേത്രവും ക്രിസ്ത്യൻ കോൺവെന്റുകളും തകരുകയും പതിനാറോളം സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു.

ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-400 ട്രയംഫ് (S-400 Triumf), ബരാക്-8 (Barak8), ആകാശ് (Akash) മിസൈലുകൾ എന്നിവ സജ്ജമാക്കുകയും ശത്രുക്കളുടെ എല്ലാ വ്യോമ ഭീഷണികളെയും വിജയകരമായി തടയുകയും ചെയ്തു. തുടർന്ന് മേയ് 8-ന് ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണത്തിൽ ഇസ്രായേലി ഹാരോപ്പ് (Harop) ഡ്രോണുകൾ ഉപയോഗിച്ച് ലാഹോർ, റാവൽപിണ്ടി, കറാച്ചി, ഗുജ്റൻവാല എന്നീ നഗരങ്ങളിലെ പാക് റഡാർ സംവിധാനങ്ങൾ തകർക്കുകയും ലാഹോറിന്റെ വ്യോമപ്രതിരോധ നിരയെ പൂർണ്ണമായി നിഷ്‌ക്രിയമാക്കുകയും ചെയ്തു.

അതേസമയം ഇന്ത്യൻ നാവികസേന തങ്ങളുടെ കാരിയർ ബാറ്റിൽ ഗ്രൂപ്പും (CBG) മിഗ്-29കെ (MiG-29K) യുദ്ധവിമാനങ്ങളും വിന്യസിച്ച് മക്രാൻ തീരത്തുനിന്നുള്ള ശത്രുക്കളുടെ വ്യോമ-നാവിക നീക്കങ്ങളെ പൂർണ്ണമായി തടഞ്ഞു. നാല് ദിവസത്തെ തീവ്രമായ പോരാട്ടത്തിനൊടുവിൽ മേയ് 10-ന് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒ-മാർ തമ്മിൽ നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ശക്തിപ്രാപിക്കുന്ന പ്രതിരോധ വ്യവസായം

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വൻതോതിൽ വർധിച്ചിട്ടുണ്ട്. കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും സൗത്ത് കോക്കസിലേക്കും ഇന്ത്യൻ ആയുധങ്ങൾ വൻതോതിൽ എത്താൻ തുടങ്ങി. ആയുധവിൽപ്പനയിലൂടെ നയതന്ത്ര ബന്ധം ശക്തമാക്കുന്ന രീതിക്കും ഇന്ത്യ തുടക്കമിട്ടു. പ്രതിരോധ വ്യവസായ മേഖലയിൽ വലിയ തോതിലുള്ള സ്വകാര്യവൽക്കരണം നടപ്പാക്കി.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു ഓർഡനൻസ് ഫാക്ടറി ബോർഡിൽ നിന്നുമുള്ള കുത്തകാവകാശം അവസാനിപ്പിച്ച് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയത് ആയുധ നിർമ്മാണ മേഖലയ്ക്ക് വേഗത കൂട്ടി. ഇക്കാര്യത്തിൽ ചില നിലവാര തകർച്ചകൾ ഇടക്കാലത്തുണ്ടായി. ഉദാഹരണത്തിന്, വിമാനങ്ങളും ടാങ്കുകളും നിർമ്മിക്കുന്ന മുൻനിര സ്ഥാപനങ്ങളായ എച്ച്എഎൽ (HAL), ഹെവി വെഹിക്കിൾസ് ഫാക്ടറി (HVF) എന്നിവ സബ് കോൺട്രാക്ടർമാരായി സ്വീകരിച്ച ചില അനുഭവസമ്പത്തില്ലാത്ത സ്വകാര്യ കമ്പനികളുടെ ഗുണനിലവാരമില്ലാത്ത നിർമ്മാണം മൂലം ഇന്ത്യൻ കരസേനയുടെ 93 പുതിയ ടി-90 ടാങ്കുകൾ തെർമോഡൈനാമിക് കൂളിംഗ് തകരാറുകൾ മൂലം പ്രവർത്തനരഹിതമാകുകയുണ്ടായി.

ഇതിനെത്തുടർന്ന് വിദേശത്തുനിന്ന് അടിയന്തിരമായി പുതിയ റേഡിയേറ്ററുകൾ 69 ലക്ഷം ഡോളർ ചിലവിൽ ഇറക്കുമതി ചെയ്യേണ്ടി വന്നു. അതിലും ഗുരുതരമായി, സ്വകാര്യ വെണ്ടർമാർ നിർമ്മിച്ച സൈനിക ഡ്രോണുകളിൽ ശത്രുരാജ്യമായ ചൈനയുടെ നിരോധിക്കപ്പെട്ട സെൻസറുകളും ചിപ്പുകളും അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് സൈന്യത്തിന് 230 കോടി രൂപയുടെ അടിയന്തര സംഭരണ കരാറുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

ഇത്തരം ഗുണനിലവാര തകർച്ചയും സൈബർ ഭീഷണികളും പരിഹരിക്കുന്നതിനായി 2025-നെ 'പരിഷ്‌കാരങ്ങളുടെ വർഷം' (Year of Reforms) ആയി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രതിരോധ ആയുധ സംഭരണ നടപടിക്രമങ്ങൾ സമഗ്രമായി പുനഃപരിശോധിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. മുൻ ആയുധ സംഭരണ ഡയറക്ടർ ജനറലായിരുന്ന അപൂർവ ചന്ദ്ര ഈ സമിതിയുടെ പ്രിൻസിപ്പൽ അഡൈ്വസറായി നിയമിക്കപ്പെട്ടു.

ഈ നയപരമായ മാറ്റങ്ങൾക്ക് പുറമെ, പ്രതിരോധ മന്ത്രാലയം മൂന്ന് സേനകൾക്കുമായി ആകെ 40,000 കോടി രൂപയുടെ അടിയന്തര പ്രതിരോധ സംഭരണ ( EP-6 -Emergency Procurement-6) ഫണ്ട് അനുവദിച്ചു. ഇതനുസരിച്ച് പരമ്പരാഗത ചട്ടങ്ങൾ മറികടന്ന് അതിർത്തി പ്രതിരോധത്തിന് ആവശ്യമായ ആയുധങ്ങൾ അതിവേഗം വാങ്ങാൻ സേനകൾക്ക് സാധിക്കും. ഈ സാമ്പത്തിക അധികാരം ഉപയോഗിച്ച് പശ്ചിമ കമാൻഡ് അത്യാധുനിക അൾട്രാ ലൈറ്റ് പ്രിസിഷൻ ഗൈഡഡ് മിസൈലുകളും (ULPGM) വിടിഒഎൽ-1 (VTOL-1) കാമികാസെ ഡ്രോണുകളും അതിവേഗം വാങ്ങി അതിർത്തികളിൽ വിന്യസിച്ചു കഴിഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ നടത്തിയ വ്യോമ-ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഭാവിയുടെ യുദ്ധങ്ങൾ വലിയ തോതിലുള്ള മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും എന്ന തിരിച്ചറിവിലാണ് ഇന്ത്യ തനതായ ആധുനിക മിസൈൽ പ്രതിരോധ കവചമായ 'മിഷൻ സുദർശൻ ചക്ര' (Mission Sudarshan Chakra) രൂപകൽപ്പന ചെയ്തത്. 2025 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഈ പദ്ധതി ഒരു അത്യാധുനിക എഐ അടിസ്ഥാനമാക്കിയുള്ള വ്യോമ-സൈബർ സംയുക്ത പ്രതിരോധ സംവിധാനമാണ്.

ആർട്ടിലറി റഡാറുകൾ, ബഹിരാകാശ ഉപഗ്രഹങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച ഈ സംവിധാനം പൂർണ്ണമായും തദ്ദേശീയമായിട്ടാണ് വികസിപ്പിക്കുന്നത്. കൂടാതെ ഈ പ്രതിരോധ കവചം ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് റോക്കറ്റ് ഫോഴ്‌സുമായി (IRF) ഐഎസിസിഎസ് (IACCS) നെറ്റ്വർക്ക് വഴി ബന്ധിപ്പിക്കുന്നതിലൂടെ പ്രത്യാക്രമണങ്ങളുടെ വേഗതയും കൃത്യതയും വർദ്ധിക്കും.

തദ്ദേശീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മറ്റൊരു പ്രധാന പദ്ധതിയാണ് 'അദിതി' (ADITI) സ്‌കീം. ഇതിനായി മൂന്ന് വർഷത്തേക്ക് (202324 മുതൽ 2025-26 വരെ) 750 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സൈനിക ബഹിരാകാശ സാങ്കേതികവിദ്യകൾ, സൈബർ പ്രതിരോധം, ക്വാണ്ടം കമ്പ്യൂട്ടിങ്, അണ്ടർവാട്ടർ നിരീക്ഷണം തുടങ്ങിയ നിർണ്ണായക മേഖലകളിലെ 30 അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് 25 കോടി രൂപ വരെ ഗ്രാന്റ് നൽകുന്നു.

ഓപ്പറേഷൻ സിന്ദൂറിനിടെ മൂന്ന് സേനകളും തദ്ദേശീയമായി വലിയ ഏകോപനം കാണിച്ചെങ്കിലും റിയൽ ടൈം ഇൻഫോർമേഷൻ ഷെയറിങ് സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ സേനകളുടെ ഘടനാപരമായ പുനഃസംഘടന ആവശ്യമായി വന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ തങ്ങളുടെ പ്രതിരോധ വ്യൂഹത്തെ അഞ്ച് പ്രധാന 'സംയോജിത തിയേറ്റർ കമാൻഡുകൾ' (Integrated Theater Commands) ആയി മാറ്റുകയാണ്. ചൈനയിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ലഖ്നൗ ആസ്ഥാനമാക്കി 'നോർത്തേൺ തിയേറ്റർ കമാൻഡും', പാകിസ്താൻ അതിർത്തിയിലെ പ്രതിരോധത്തിനായി ജയ്പൂർ ആസ്ഥാനമാക്കി 'വെസ്റ്റേൺ തിയേറ്റർ കമാൻഡും' രൂപീകരിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.

ഈ തിയേറ്റർ കമാൻഡുകളുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് കീഴിലുള്ള പ്രവർത്തന രൂപരേഖ 2026 മധ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിയേറ്റർ കമാൻഡ് പരിഷ്‌കാരങ്ങൾക്ക് ഒപ്പം കരസേനയിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ പുനഃസംഘടനയാണ് 'ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളുടെ' (IBG) വിന്യാസം. ഹിമാലയൻ അതിർത്തിയിലെ ദുർഘടമായ ഭൂപ്രകൃതിയിൽ പരമ്പരാഗതരീതിയിലുള്ള വലിയ സൈന്യത്തെ വിന്യസിക്കാൻ ആഴ്ചകളോളം കാലതാമസം ഉണ്ടാകുന്നു. ഇതിന് പരിഹാരമായി അതിവേഗ സൈനിക നീക്കത്തിന് സാധിക്കുന്ന ചെറിയ 'ബ്രിഗേഡ്' വലുപ്പത്തിലുള്ള സൈനിക വിന്യാസ രീതിയാണ് ഐബിജി. ഓരോ ഐബിജിയിലും അയ്യായിരത്തിലധികം കമാൻഡോകളും സൈനികരും ഉണ്ടാകും.

ഇൻഫൻട്രി ബറ്റാലിയനുകൾ, ആർട്ടിലറി റെജിമെന്റുകൾ, എഞ്ചിനീയർ വിഭാഗം, സിഗ്‌നൽ വിഭാഗം, ഫീൽഡ് ആശുപത്രികൾ എന്നിവ ഒരൊറ്റ കമാൻഡിന് കീഴിൽ സംയോജിപ്പിച്ചിരിക്കുന്നു. ഒരു മേജർ ജനറൽ റാങ്കിലുള്ള ഓഫീസറാണ് ഈ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ചൈനീസ് അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻപ് ആസൂത്രണം ചെയ്തതിലും വേഗത്തിൽ 2026 ജൂലൈ 1 മുതൽ പനാഗഡ് ആസ്ഥാനമായുള്ള 17-ാം മൗണ്ടൻ സ്‌ട്രൈക്ക് കോർപ്‌സിന് (XVII Mountain Strike Corps) കീഴിൽ ആദ്യത്തെ നാല് സംയോജിത യുദ്ധ ഗ്രൂപ്പുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അടുത്ത സൈനിക സംഘർഷം മുൻകൂട്ടിക്കണ്ടാണോ?

ഇന്ത്യ ഇപ്പോൾ അതിർത്തികളിൽ നടത്തുന്ന ദ്രുതഗതിയിലുള്ള പ്രതിരോധ തയ്യാറെടുപ്പുകൾ അടുത്ത സൈനിക സംഘർഷം പ്രതീക്ഷിച്ചാണോ എന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമാണ്. എന്നാൽ ഇന്ത്യയുടെ തന്ത്രപരമായ നയം 'ശക്തിയിലൂടെയുള്ള സമാധാനം' (Peace Through Strength) എന്നതാണ്. ചൈന യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം റോഡുകളും എയർസ്ട്രിപ്പുകളും ടണലുകളും അതിവേഗം നിർമ്മിക്കുന്നു. ഇതിന് ബദലായി അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റോഡുകൾ, ഹെലിപാഡുകൾ, ഹൈ-ആൾട്ടിറ്റിയൂഡ് ലോജിസ്റ്റിക്‌സ് ഹബ്ബുകൾ എന്നിവ അതിവേഗം നിർമ്മിക്കുന്നു.

ഇതിലൂടെ സൈന്യത്തിന് ഏത് പ്രകോപനത്തോടും മിനിറ്റുകൾക്കുള്ളിൽ അതിവേഗം പ്രതികരിക്കാനും വിന്യാസം ശക്തമാക്കാനും സാധിക്കുന്നു. ചൈന തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വർദ്ധിപ്പിക്കുകയും റഡാർ ട്രാക്കിങ് സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാൻ ദീർഘദൂര കെ4 മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിദമൻ (INS Aridhaman) അന്തർവാഹിനി കമ്മീഷൻ ചെയ്തു.

അഗ്‌നി-5, അഗ്‌നി-പി മിസൈലുകളുടെ കാനിസ്റ്ററൈസേഷൻ പൂർത്തിയാക്കുന്നു. രണ്ടാമത്തെ ആണവ പ്രഹരശേഷി (Second-strike capability) ഉറപ്പാക്കാനും ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റങ്ങൾ തടയാനും ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കും. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും സാങ്കേതിക വെല്ലുവിളികളും ഇന്ത്യയെ സദാ സജ്ജരായിരിക്കാൻ പ്രേരിപ്പിക്കുന്നു.

ഇതിന് പുറമെ പാകിസ്താനിൽ നടക്കുന്ന ആഭ്യന്തര സാഹചര്യങ്ങൾ ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താൻ തുടർച്ചയായി യുദ്ധഭീഷണി മുഴക്കുകയും ചെയ്യുന്നു. ഏത് സമയത്തും ഒരു സൈനിക സംഘർഷം ഇന്ത്യ പാകിസ്താനിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പാകിസ്താന്റെ പടിഞ്ഞാറും വടക്ക് കിഴക്കും തെക്കും സംഘർഷങ്ങൾ പടരുകയാണ്.

ഒരേസമയം വിവിധ സംഘർഷങ്ങളിൽ ഏർപ്പെടേണ്ടി വരുന്നതും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതും ജനവികാരം സർക്കാരിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് പാക് മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നത്. മുമ്പത്തേപോലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഉടനെ ഒരു നീക്കം പാകിസ്താന്റെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

കാരണം, അത്തരം നീക്കം മറ്റൊരു സൈനിക സംഘർഷത്തിലേക്ക് നയിച്ചാൽ നിലവിൽ അത് പാകിസ്താന് താങ്ങാനാകുമോയെന്ന് അവർക്ക് തന്നെ പ്രതീക്ഷയില്ല. ഒരേസമയം പലയുദ്ധമുന്നണികളെ നേരിടേണ്ടി വരുന്നത് നിലവിൽ പാകിസ്താന് പ്രതിസന്ധി സൃഷ്ടിക്കും. എങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരുവഴിയിലൂടെ പാകിസ്താൻ നടത്തുന്നുണ്ട്. ഇതാണ് ഖൈബർ പക്തൂൺഖ്വയിലെ പാക് താലിബാൻ പ്രശ്‌നത്തിലും ബലൂചിസ്താൻ പ്രശ്‌നത്തിലും ഇന്ത്യൻ ബന്ധം ആരോപിച്ച് പാകിസ്താൻ തുടർച്ചയായി പ്രസ്താവനകളിറക്കുന്നതിന് പിന്നിലെ തന്ത്രം. പതിയെ ഇന്ത്യയ്‌ക്കെതിരെ ഒരു വികാരമുണ്ടാക്കിയെടുത്ത് സൈനിക സംഘർഷത്തിന് കോപ്പുകൂട്ടുകയാണോ പാകിസ്താൻ ചെയ്യുന്നത് എന്ന് ഇന്ത്യ സംശയിക്കുന്നുണ്ട്.

എന്നാൽ, ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പരമ്പരാഗതമായ സൈനിക സിദ്ധാന്തങ്ങളെയും പ്രതിരോധ നയങ്ങളെയും പൂർണ്ണമായി മാറ്റിമറിച്ചിരിക്കുന്നു. അതിർത്തി കടന്നുള്ള ഏത് പ്രകോപനത്തിനോടും സൈനികവും സൈനികേതരവുമായ എല്ലാ മാർഗ്ഗങ്ങളും ഒരേസമയം ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് മടിയുണ്ടാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ ദൗത്യം നൽകിയത്.

പ്രതിരോധ രംഗത്തെ അതിവേഗ പരിഷ്‌കാരങ്ങൾ, മിഷൻ സുദർശൻ ചക്ര പോലുള്ള അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളുടെ അതിവേഗ വിന്യാസം എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യ അടുത്ത യുദ്ധം ആരംഭിക്കാൻ ആഗ്രഹിക്കുന്നു എന്നല്ല, മറിച്ച് ശത്രുക്കൾക്ക് കടന്നുകയറാൻ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുകയാണ് എന്നാണ്.

ഭാവിയുടെ മൾട്ടി-ഡൊമെയ്ൻ യുദ്ധങ്ങളിൽ ഇന്ത്യയുടെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനായി പ്രതിരോധ സജ്ജത ഉറപ്പാക്കൽ മാത്രമാണ് സമാധാനം നിലനിർത്താനുള്ള ഏക പോംവഴിയെന്ന് പുതിയ ഇന്ത്യൻ സൈനിക തന്ത്രങ്ങൾ അടിവരയിടുന്നു.