
ഇന്ത്യൻ പ്രതിരോധ വ്യൂഹത്തിൽ ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് (Integrated Rocket Force- IRF) രൂപീകരിക്കാനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിൽ. പ്രത്യേക റോക്കറ്റ് ഫോഴ്സ് രൂപീകരിക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണ്ണായകമായ ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്. അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികളും സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടവും ആഗോളതലത്തിൽ മിസൈൽ അധിഷ്ഠിത യുദ്ധമുറകൾക്കുണ്ടായ മുൻതൂക്കവും കണക്കിലെടുക്കുമ്പോൾ, ഇത്തരമൊരു സേനാവിഭാഗത്തിന്റെ ആവശ്യകത തള്ളിക്കളയാനാവില്ല.
കര, വ്യോമ, നാവിക സേനകളുടെ കീഴിലുള്ള വിവിധ മിസൈൽ യൂണിറ്റുകളെ ഏകോപിപ്പിച്ച് ഏകീകൃത കമാൻഡിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ആധുനിക യുദ്ധങ്ങൾ സൈനികർ നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാൾ ഉപരിയായി ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകൾ, ഡ്രോണുകൾ, സൈബർ സംവിധാനങ്ങൾ എന്നിവയിലൂടെ നിർണ്ണയിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു.
സാഹചര്യം ഇതാണെങ്കിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. റോക്കറ്റ് ഫോഴ്‌സിനെതിരെ ആദ്യം ശബ്ദിച്ചത് വ്യോമസേനയാണ്. റോക്കറ്റ് ഫോഴ്സിന്റെ പേരിൽ മിസൈലുകളും ഡ്രോണുകളും പ്രത്യേകമായി മാറ്റുന്നത് സേനയുടെ ചിതറിപ്പോകലിന് കാരണമാകുമെന്നാണ് വ്യോമസേന ഭയക്കുന്നത്. എതിർപ്പുകളുണ്ടെങ്കിലും ആസൂത്രണത്തോടെ നടപ്പാക്കിയാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച തീരുമാനമാകും ഇത്.
ഇന്ത്യക്ക് ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് ആവശ്യമാണോ?
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈനയും പാകിസ്താനും ഇതിനകംതന്നെ ഇത്തരത്തിലുള്ള സൈനിക വിഭാഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സ് (PLARF) ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മിസൈൽ സേനകളിൽ ഒന്നാണ്. പാകിസ്താൻ അടുത്തിടെയാണ് ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡ് (ARFC) രൂപീകരിച്ചത്. അവരുടെ മിസൈൽ പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇത്തരം വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നിലവിലെ മിസൈൽ സംവിധാനങ്ങൾ കരസേനയുടെയും വ്യോമസേനയുടെയും നാവികസേനയുടെയും വിവിധ യൂണിറ്റുകളിലായി ചിതറിക്കിടക്കുന്നത് കാര്യക്ഷമമായ പ്രതിരോധത്തിന് തടസ്സമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആധുനിക യുദ്ധതന്ത്രങ്ങളിൽ 'നോൺ-കോൺടാക്റ്റ് വാർഫെയർ' (Non-contact warfare) എന്ന സങ്കൽപ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ശത്രുസൈന്യവുമായി നേരിട്ട് ഏറ്റുമുട്ടാതെ അവരുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, ലോജിസ്റ്റിക് ഹബുകൾ എന്നിവ തകർക്കാൻ ദീർഘദൂര മിസൈലുകൾ സഹായിക്കുന്നു. ഹിമാലയൻ അതിർത്തികളിലെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ ടാങ്കുകൾക്കോ കനത്ത പീരങ്കികൾക്കോ ഉള്ള പരിമിതികൾ മിസൈലുകൾക്ക് ഇല്ല. മിസൈലുകൾക്ക് കിലോ മീറ്ററുകൾ അകലെയുള്ള ലക്ഷ്യങ്ങളെ മിനിറ്റുകൾക്കുള്ളിൽ കൃത്യമായി തകർക്കാൻ സാധിക്കും. ഇതുകൂടാതെ, ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് നിലവിൽ വരുന്നത് ഇന്ത്യയുടെ ആണവ പ്രതിരോധ നയത്തിൽനിന്ന് വ്യത്യസ്തമായി ആണവേതര മിസൈൽ പ്രഹരശേഷിയെ ശാക്തീകരിക്കും. ആണവ യുദ്ധത്തിലേക്ക് നീങ്ങാതെ തന്നെ ശത്രുവിനെ ശക്തമായി നേരിടാൻ ഇത് ഇന്ത്യയെ പ്രാപ്തമാക്കും.
നിലവിലെ അവസ്ഥ എന്താണെന്ന് നോക്കാം. ഇന്ത്യയ്ക്ക് വിവിധങ്ങളായ മിസൈലുകളുണ്ട്. കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കുന്നതും തന്ത്രപ്രധാനമായ ഹൃസ്വദൂര മിസൈലുകളും, സൂപ്പർസോണിക് ബ്രഹ്‌മോസും ഉണ്ട്. ഇവയാകട്ടെ വിവിധ സേനകൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു റോക്കറ്റ് ഫോഴ്‌സ് രൂപീകരിച്ചാൽ ഏകീകൃത കമാൻഡിന് കീഴിൽ ഇവയെല്ലാം എത്തുമെന്നതാണ് പ്രത്യേകത. അതാത് സേനകൾക്ക് പകരം പ്രത്യേകം കമാൻഡ് സംവിധാനം വേണോ അതോ നിലവിൽ രൂപീകൃതമായ പ്രത്യേകം തിയറ്റർ കമാൻഡുകൾക്ക് നിയന്ത്രണമുള്ള സ്വതന്ത്ര സൈനിക വിഭാഗമായി വേണോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതിന് ആഗോള മാതൃകകൾ പരിശോധിക്കാം.
ചൈന, റഷ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ മിസൈൽ സേനകളെ എങ്ങനെയാണ് വിന്യസിച്ചിരിക്കുന്നതെന്നു പരിശോധിക്കുന്നത് ഇന്ത്യയുടെ റോക്കറ്റ് ഫോഴ്സ് രൂപീകരണത്തിന് മാർഗ്ഗരേഖ നൽകും. പ്രധാനമായും മൂന്ന് വ്യത്യസ്ത മാതൃകകളാണ് ആഗോളതലത്തിൽ നിലനിൽക്കുന്നത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സ് (PLARF) എന്ന ചൈനയുടെ മിസൈൽ സേന ഇക്കാര്യത്തിൽ മികച്ച സംവിധാനമായാണ് വിലയിരുത്തപ്പെടുന്നത്. 1966-ൽ 'സെക്കൻഡ് ആർട്ടിലറി ഫോഴ്സ്' ആയി ആരംഭിച്ച ഈ വിഭാഗം 2016-ലാണ് ഒരു പൂർണ്ണ സൈനിക സേവന വിഭാഗമായി (Full-service branch) മാറിയത്. പി.എൽ.എ.ആർ.എഫ് നേരിട്ട് സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (CMC) കീഴിലാണ് പ്രവർത്തിക്കുന്നത്.
ചൈനയുടെ ആണവ, ആണവേതര മിസൈലുകൾ ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ഏകദേശം 1,20,000 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചൈനീസ് മാതൃകയിൽ, വിവിധ മിസൈൽ യൂണിറ്റുകൾക്ക് വ്യത്യസ്ത ഭൗമമേഖലകളിൽ ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, തായ്‌വാന്റെയും ദക്ഷിണ ചൈനാ കടലിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക യൂണിറ്റുകൾ സജ്ജമാണ്. അവരുടെ മിസൈലുകൾ ഷോർട്ട് റേഞ്ച് (SRBM), മീഡിയം റേഞ്ച് (MRBM), ഇന്റർകോണ്ടിനെന്റൽ (ICBM) എന്നിങ്ങനെ പല വിഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ചൈനയുടെ ആണവേതര മിസൈൽ ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്.
സ്ട്രാറ്റജിക് റോക്കറ്റ് ഫോഴ്സ് (RVSN) എന്ന റഷ്യൻ സംവിധാനം ചൈനയിൽനിന്ന് അല്പം വ്യത്യസ്തമാണ്. റഷ്യയിൽ സ്ട്രാറ്റജിക് റോക്കറ്റ് ഫോഴ്സ് ഒരു പ്രത്യേക വിഭാഗമാണ്, എന്നാൽ, ഇത് പ്രധാനമായും കര അധിഷ്ഠിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യൻ ആയുധപ്പുരയിലെ ആണവ പ്രതിരോധത്തിന്റെ പ്രധാന ഘടകമാണിത്. ആണവേതര മിസൈലുകൾ പലപ്പോഴും മറ്റ് സേനാവിഭാഗങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
അതേസമയം, അമേരിക്കയിൽ ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് നിലവിലില്ല. മിസൈൽ സംവിധാനങ്ങൾ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ കീഴിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഇവയെ ഏകോപിപ്പിക്കുന്നതിന് 'ലോംഗ് റേഞ്ച് പ്രിസിഷൻ ഫയേഴ്‌സ്' (LRPF) പോലുള്ള സംയുക്ത സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. യുഎസ് ആർമി നിലവിൽ 500 കിലോ മീറ്റർ മുതൽ 2,000 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ള പുതിയ തലമുറ മിസൈലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സേനകൾ തമ്മിലുള്ള വിവരവിനിമയത്തിനും ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനും അത്യാധുനിക സെൻസറുകളും സാറ്റലൈറ്റുകളും ഉപയോഗിച്ചുള്ള ഒരു ശൃംഖല അവർക്കുണ്ട്.
ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ?
ഇന്ത്യ ഇത്തരമൊരു പുതിയ സൈനിക വിഭാഗം ഉണ്ടാക്കിയാൽ അത് രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ പലവിധത്തിൽ സ്വാധീനിക്കും. നിലവിൽ കരസേനയുടെ ആർട്ടിലറി റെജിമെന്റുകൾക്കും വ്യോമസേനയുടെ മിസൈൽ യൂണിറ്റുകൾക്കും വ്യത്യസ്ത കമാൻഡ് ഘടനകളാണുള്ളത്. റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നതോടെ ഇവയെല്ലാം ഒരു കമാൻഡിന് കീഴിൽ വരും. ഇത് തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നതിനും മിസൈലുകൾ കൂടുതൽ കൃത്യതയോടെ വിന്യസിക്കുന്നതിനും സഹായിക്കും. ശത്രുസൈന്യവുമായി നേരിട്ട് ശാരീരികമായി ഏറ്റുമുട്ടാതെ തന്നെ അവരുടെ പ്രതിരോധനിരകൾ തകർക്കാൻ ഇതിലൂടെ സാധിക്കും. ഇതിനെ നോൺ കോൺടാക്റ്റ് വാർഫയർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രീതി സൈനികരുടെ ജീവഹാനി കുറയ്ക്കാൻ സഹായിക്കും. ദൂരെയുള്ള എയർബേസുകൾ, റഡാർ സ്റ്റേഷനുകൾ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവ മിസൈലുകൾ ഉപയോഗിച്ച് കൃത്യമായി തകർക്കാൻ ഇന്ത്യയുടെ റോക്കറ്റ് ഫോഴ്‌സിന് സാധിക്കും.
മാത്രമല്ല, ഇന്ത്യയുടെ കൈവശം ശക്തമായ ഒരു മിസൈൽ സേനയുണ്ട് എന്ന ബോധ്യം ശത്രുരാജ്യങ്ങളെ പ്രകോപനങ്ങളിൽനിന്ന് പിന്തിരിപ്പിക്കും. 'ഡിറ്ററൻസ് ബൈ ഡിനയൽ' (Deterrence by denial) എന്ന തത്വത്തിലൂടെ അതിക്രമങ്ങൾക്കുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നു. ഒരേ തരം മിസൈലുകൾ വ്യത്യസ്ത സേനകൾക്കായി പ്രത്യേകം വാങ്ങുന്നതിനും പരിപാലിക്കുന്നതിനും പകരം റോക്കറ്റ് ഫോഴ്സ് വഴി ഇവ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നത് ചെലവ് കുറയ്ക്കാനും പരിശീലനം ഏകീകരിക്കാനും സഹായിക്കും.
പിനാക, പ്രളയ്, ബ്രഹ്മോസ് പോലുള്ള മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ശത്രുവിന് കനത്ത ആഘാതം നൽകാൻ സാധിക്കും, അതേസമയം, ഇത് ഒരു ആണവ യുദ്ധത്തിലേക്ക് വളരുകയുമില്ല. കൺവെൻഷണൽ മിസൈലുകളെ ആണവ മിസൈലുകളിൽനിന്ന് വേർതിരിക്കുന്നത് വഴി അന്താരാഷ്ട്ര തലത്തിൽ ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ സാധിക്കും.
വ്യോമസേനയുടെ നിലപാടും ആശങ്കകളും
റോക്കറ്റ് ഫോഴ്സ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമസേനയ്ക്ക് ചില ഗൗരവകരമായ ആശങ്കകളുണ്ട്. വ്യോമസേനയുടെ പ്രാഥമികമായ ആശങ്ക വ്യോമശക്തിയുടെ വിഭജനമാണ്. വ്യോമസേനയുടെ വാദമനുസരിച്ച്, വ്യോമശക്തി ഒരു കേന്ദ്രീകൃത കമാൻഡിന് കീഴിൽ ഇരിക്കുമ്പോഴാണ് ഏറ്റവും കാര്യക്ഷമമാകുന്നത്. റോക്കറ്റ് ഫോഴ്സിന്റെ പേരിൽ മിസൈലുകളും ഡ്രോണുകളും പ്രത്യേകമായി മാറ്റുന്നത് വിഭവങ്ങളുടെ ചിതറിപ്പോകലിന് കാരണമാകുമെന്നാണ് വ്യോമസേനയുടെ ആശങ്ക. പരിമിതമായ എണ്ണം ഫൈറ്റർ സ്‌ക്വാഡ്രണുകളും മിസൈൽ യൂണിറ്റുകളുമുള്ള ഇന്ത്യയിൽ അവയെ കൂടുതൽ വിഭജിക്കുന്നത് ദോഷകരമാകാം.
വ്യോമപ്രതിരോധം എന്നത് കേവലം ഒരു നിശ്ചിത ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല, അത് കൂടുതൽ വിശാലമായ ഒന്നാണ്. റോക്കറ്റ് ഫോഴ്സിന്റെ കീഴിലുള്ള കമാൻഡ് സംവിധാനം ഇതിനെ സങ്കീർണ്ണമാക്കിയേക്കാം. ഒരു പ്രത്യേക ഫോഴ്സ് ഉണ്ടാക്കുന്നത് കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഉത്തരവാദിത്വം കുറയ്ക്കാനും സാധ്യതയുണ്ട്. പുതിയൊരു സേനാവിഭാഗം രൂപീകരിക്കുന്നത് വലിയ തോതിലുള്ള സാമ്പത്തിക ചെലവുകൾക്ക് കാരണമാകും, ഇത് നിലവിലെ സേനകളുടെ നവീകരണത്തെ ബാധിച്ചേക്കാം തുടങ്ങിയവയാണ് വ്യോമസേന മുന്നോട്ടുവയ്ക്കുന്ന വാദം. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മുന്നിൽ മനുഷ്യൻ നയിക്കുന്ന വിമാനങ്ങൾ കൂടുതൽ ദുർബലമാകുമ്പോൾ മിസൈലുകൾ ഒരു സുരക്ഷിത ബദലായി വ്യോമസേനയും കാണുന്നുണ്ടാകാം.
ഇതിന് പ്രതിവിധിയായി റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്റ്റൻ അജയ് അഹ്‌ലാവത്തിനെപ്പോലുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ഒരു പുതിയ റോക്കറ്റ് ഫോഴ്സ് ഉണ്ടാക്കുന്നതിന് പകരം 'ജോയിന്റ് ഫയേഴ്‌സ്' (Joint Fires) എന്ന രീതിയിൽ തിയറ്റർ കമാൻഡർമാർക്ക് കീഴിൽ മിസൈലുകളെയും റോക്കറ്റുകളെയും ഏകോപിപ്പിക്കുന്നതാണ് നല്ലതെന്നാണ്. എങ്കിലും, 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) പോലുള്ള നീക്കങ്ങളിൽ വ്യോമസേനയുടെ പങ്കാളിത്തവും മിസൈലുകളുടെ പ്രസക്തിയും വർദ്ധിച്ചുവരുന്നത് പുതിയ ഏകോപന രീതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണ് തിയറ്റർ കമാൻഡുകളുടെ രൂപീകരണം. വെസ്റ്റേൺ, നോർത്തേൺ, മാരിടൈം എന്നിങ്ങനെ മൂന്ന് പ്രധാന തിയറ്റർ കമാൻഡുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നത് ഈ കമാൻഡുകളുടെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗഹാന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തിരങ്ക' എന്ന പേരിൽ തിയറ്റർ കമാൻഡുകളുടെ ആസൂത്രണം അവസാന ഘട്ടത്തിലാണ്. റോക്കറ്റ് ഫോഴ്സിന്റെ മിസൈൽ യൂണിറ്റുകൾ ഓരോ തിയറ്റർ കമാൻഡർക്കും ലഭ്യമാക്കേണ്ടതുണ്ടോ അതോ അവ കേന്ദ്രീകൃതമായി നിലനിർത്തണോ എന്നതാണ് പ്രധാന ചോദ്യം.
ചൈനീസ് രീതി അനുസരിച്ച്, അവരുടെ പല ഹ്രസ്വദൂര മിസൈൽ ബ്രിഗേഡുകളും തിയറ്റർ കമാൻഡുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് വന്നാൽ അത് ഓരോ തിയറ്ററിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് മിസൈൽ പിന്തുണ നൽകുന്ന ഒരു പ്രത്യേക ഘടകമായി മാറാനാണ് സാധ്യത. ഇത് തിയറ്റർ കമാൻഡർമാർക്ക് അവരുടെ അധികാര പരിധിയിലുള്ള ലക്ഷ്യങ്ങളെ നേരിടാൻ കൂടുതൽ കൃത്യതയും ശക്തിയും നൽകും.
2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ മിസൈൽ നയത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഈ ഓപ്പറേഷൻ നടത്തിയത്. നിയന്ത്രണരേഖ മറികടക്കാതെ തന്നെ പാകിസ്താനിലെ ഒൻപത് ഭീകര ക്യാമ്പുകളെ തകർക്കാൻ ഇന്ത്യക്കായി. സ്‌കാൽപ് (SCALP), ഹാമർ (HAMMER) തുടങ്ങിയ മിസൈലുകളും സ്‌കൈ സ്ട്രൈക്കർ ഡ്രോണുകളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. ആകാശ്, എസ്-400 തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് പക്‌സാതാന്റെ തിരിച്ചടികളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ഇത് മികച്ച ഉദാഹരണമായിരുന്നു. ഈ ഓപ്പറേഷനിലൂടെ 'നോൺ-കോൺടാക്റ്റ് വാർഫെയർ' നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശേഷി ലോകം കണ്ടു. ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് ഉണ്ടെങ്കിൽ ഇത്തരം ഓപ്പറേഷനുകൾ കൂടുതൽ ലളിതമായും കാര്യക്ഷമമായും നടത്താൻ സാധിക്കുമെന്ന് ഇത് തെളിയിച്ചു.
വെല്ലുവിളികളും സാധ്യതകളും
റോക്കറ്റ് ഫോഴ്സ് രൂപീകരണം കേവലം ഭരണപരമായ ഒന്നല്ല, അതിന് വലിയ സാങ്കേതിക അടിത്തറ ആവശ്യമാണ്. വിവിധ സേനകളുടെ റഡാറുകൾ, സാറ്റലൈറ്റുകൾ, കമ്മ്യൂണിക്കേഷൻ ലിങ്കുകൾ എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കേണ്ടതുണ്ട്. യുഎസ് ഉപയോഗിക്കുന്ന JADC2 പോലുള്ള സംവിധാനങ്ങൾ ഇന്ത്യയ്ക്കും ആവശ്യമാണ്. മിസൈലുകളെ കൃത്യമായി നയിക്കുന്നതിന് പത്തോളം സാറ്റലൈറ്റുകൾ ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഉപയോഗിച്ചിരുന്നു. ഭാവിയിൽ നൂറുകണക്കിന് സാറ്റലൈറ്റുകൾ ആവശ്യമായി വരും. ചൈനയുമായുള്ള ഇന്ത്യയുടെ മിസൈൽ അനുപാതം 5:1 ആണ്. ഇത് കുറയ്ക്കാൻ മിസൈലുകളുടെ വൻതോതിലുള്ള നിർമ്മാണം ആവശ്യമാണ്. ചലിക്കുന്ന ലക്ഷ്യങ്ങളെ കണ്ടെത്താനും തകർക്കാനും അത്യാധുനിക എഐ-അധിഷ്ഠിത ഇന്റഗ്രേറ്റഡ് റഡാറുകളും സെൻസറുകളും ആവശ്യമാണ്.
ഇന്ത്യൻ പ്രതിരോധ വ്യൂഹത്തിൽ ഒരു സംയോജിത റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നത് മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യതയാണ്. ചൈനയെപ്പോലുള്ള കരുത്തനായ ശത്രുവിനെ അതിർത്തികളിൽ തടഞ്ഞുനിർത്താൻ മിസൈലുകളുടെയും റോക്കറ്റുകളുടെയും കരുത്ത് അനിവാര്യമാണ്. കരസേനയ്ക്കും വ്യോമസേനയ്ക്കും ഇടയിലുള്ള ഒരു പാലമായി റോക്കറ്റ് ഫോഴ്സ് വർത്തിക്കും. വ്യോമസേനയുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ട് തന്നെ, സേനകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്ന ഒരു സംയുക്ത കമാൻഡ് സംവിധാനം ഇന്ത്യയെ കൂടുതൽ ശക്തമാക്കും. 'ഓപ്പറേഷൻ സിന്ദൂർ' തെളിയിച്ചതുപോലെ, കുറഞ്ഞ ആൾനാശത്തോടെ ശത്രുവിനെ പരാജയപ്പെടുത്താൻ മിസൈലുകൾക്ക് സാധിക്കും.
Content Highlights: Proposed establishment of an Integrated Rocket Force (IRF) to centralize missile command., Strategic shift toward non-contact warfare to reduce human casualties., Countering regional threats from China's PLARF and Pakistan's ARFC., Integrating missile units under theater commands to improve operational efficiency., Focus on mass production of indigenous missiles and AI-driven targeting systems.
Published: 27 Apr 2026, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented