ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ആദ്യ നാല് വർഷത്തെ സേവനത്തിന് ശേഷം നീട്ടി നൽകുന്ന രണ്ട് വർഷത്തെ കാലാവധിയിൽ അഗ്നിവീറുകൾക്ക് വിവാഹവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിശോധിക്കാൻ സായുധ സേന. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നാല് വർഷത്തെ പ്രാഥമിക സേവന കാലയളവിൽ അഗ്നിവീറുകൾക്ക് വിവാഹം കഴിക്കുന്നതിന് വിലക്കുണ്ട്.

To advertise here,

സൈനിക പരിശീലനം, പ്രവർത്തനപരമായ ഉത്തരവാദിത്വങ്ങൾ, സർവീസ് അച്ചടക്കം എന്നിവയിൽ ഉദ്യോഗാർഥികൾ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നാല് വർഷത്തെ വിവാഹ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, 17.5-നും 21-നും ഇടയിൽ പ്രായമുള്ളവരാണ് അഗ്നിവീറുകളായി സേനയിൽ പ്രവേശിക്കുന്നത്. നാല് വർഷത്തെ പ്രാഥമിക സേവനവും അധികമായി ലഭിക്കുന്ന രണ്ട് വർഷവും പൂർത്തിയാക്കുമ്പോഴേക്കും ഭൂരിഭാഗം പേരുടെയും പ്രായം ഇരുപതുകളുടെ അവസാനത്തിലെത്തും. ഈ ഘട്ടത്തിൽ വിവാഹവും കുടുംബപരമായ ഉത്തരവാദിത്വങ്ങളും പ്രധാന പരിഗണനയാകുന്നതിനാലാണ് ഇളവുകളെക്കുറിച്ച് പ്രതിരോധ പ്ലാനർമാർ ആലോചിക്കുന്നത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി പ്രഖ്യാപിച്ച പുതുക്കിയ ചട്ടക്കൂട് അനുസരിച്ച്, തിരഞ്ഞെടുക്കപ്പെടുന്ന 25 ശതമാനം അഗ്നിവീറുകൾ സ്ഥിരം സർവീസിലേക്ക് തുടരും. ബാക്കിയുള്ള 75 ശതമാനം പേർ അധികമായി രണ്ട് വർഷത്തെ സേവനത്തിന് നിയോഗിക്കപ്പെടും. ഈ നീട്ടിയ കാലാവധി പൂർത്തിയാകുമ്പോൾ, ഉദ്യോഗാർഥിയുടെ താൽപ്പര്യത്തിനും സായുധ സേനയുടെ വിലയിരുത്തലിനും വിധേയമായി സ്ഥിരം കേഡറിലേക്ക് പരിഗണിക്കപ്പെടാൻ അവർക്ക് വീണ്ടും അവസരം ലഭിക്കും.

അതേസമയം, കുടുംബപരമായ ആനുകൂല്യങ്ങളും വിവാഹ കാര്യത്തിലെ ഇളവുകളും പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലുള്ള വിലക്ക് പിൻവലിക്കുകയോ പുതിയ നയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. പ്രാഥമിക നാല് വർഷത്തെ സേവന കാലയളവിലെ വിവാഹ വിലക്ക് നിലവിലുള്ള ചട്ടക്കൂടിന് കീഴിൽ മാറ്റമില്ലാതെ തുടരും. അധികമായി ലഭിക്കുന്ന രണ്ട് വർഷത്തെ സേവന കാലയളവിലെ വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സായുധ സേനയുടെ ഔദ്യോഗിക തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.