ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഇറാൻ ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ ആയുധമാണ് 'ഷാഹിദ്' (Shahed) വിഭാഗത്തിലുള്ള കാമികാസെ ഡ്രോണുകൾ. ഇറാൻ വലിയ തോതിൽ ഉപയോഗിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഷഹെദ് ഡ്രോണുകളുടെ പ്രകടനം വിലയിരുത്തി, ഇന്ത്യ തങ്ങളുടെ തദ്ദേശീയ ലോങ്ങ് റേഞ്ച് സ്‌ട്രൈക്ക് ഡ്രോൺ പദ്ധതികൾക്ക് വേഗത കൂട്ടുന്നു. ശത്രുരാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്ത് ഉള്ളിലേക്ക് കടന്ന് ആക്രമണം നടത്താൻ കുറഞ്ഞ ചെലവിലുള്ള ഇത്തരം ഡ്രോണുകൾക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നീക്കം.
ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികൾ ഈ വിഭാഗത്തിൽ പെട്ട ഡ്രോണുകൾ വികസിപ്പിക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഡിഫൻസ് സ്റ്റാർട്ടപ്പ് 'ന്യൂസ്‌പേസ് റിസർച്ച് ടെക്‌നോളജീസ്' വികസിപ്പിച്ച 'ശേഷ്‌നാഗ്-150' എന്ന ഡ്രോൺ ഈ വിഭാഗത്തിൽ വരുന്ന തന്ത്രപ്രധാനമായ ആയുധമാണ്. ഡ്രോണിന്റെ ഹൈവേ ലോഞ്ച് പരീക്ഷണങ്ങൾ കഴിഞ്ഞ വാരം വിജയകരമായി പൂർത്തിയാക്കിയിരുന്നു. സാധാരണ റൺവേകൾക്ക് പുറമെ ഹൈവേകളിൽ നിന്നും ഇവ വിക്ഷേപിക്കാനുള്ള ശേഷി സൈനിക ആവശ്യങ്ങൾക്ക് ഏറെ പ്രധാനമാണ്. ഇതിന് പുറമെ മറ്റൊരു പ്രതിരോധ കമ്പനിയായ ഐജി ഡിഫൻസിന്റെ 'പ്രോജക്റ്റ് KAL പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇവ ഉടൻ തന്നെ സൈനിക വിന്യാസത്തിന് സജ്ജമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശേഷ്‌നാഗ്-150 ഡ്രോണുകൾക്ക് 1000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. അഞ്ച് മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ ശേഷിയുള്ള ഇവയ്ക്ക് 25 മുതൽ 40 കിലോ വരെ ഭാരമുള്ള പോർമുനകൾ വഹിക്കാൻ സാധിക്കും. ശത്രുലക്ഷ്യങ്ങളെ സ്വയം തിരിച്ചറിഞ്ഞ് ആക്രമിക്കാനുള്ള കഴിവും ഈ ഡ്രോണുകൾക്കുണ്ട്.
ഇറാന്റെ ഷാഹിദ് ഡ്രോണുകൾക്ക് സമാനമായ മറ്റൊരു തദ്ദേശീയ ദീർഘദൂര സ്‌ട്രൈക്ക് ഡ്രോൺ പദ്ധതിയാണ് പ്രോജക്ട് KAL. തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്‌സ് ഹബ്ബുകൾ, റഡാർ സംവിധാനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഡ്രോൺ. ഇതിന് ഏകദേശം 1000 കിലോമീറ്റർ ദൂരപരിധിയും മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ പറക്കൽ ശേഷിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആധുനിക യുദ്ധമുഖങ്ങളിൽ ലോങ്ങ് റേഞ്ച് സ്‌ട്രൈക്ക് ഡ്രോണുകൾ ഇനി വെറുമൊരു അധിക ശേഷിയല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആയുധമാണെന്ന തിരിച്ചറിവിലാണ് ഇന്ത്യ ഈ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത്. 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള മുൻകാല അനുഭവങ്ങളും തദ്ദേശീയമായി വികസിപ്പിച്ച ഇത്തരം ഡ്രോണുകളുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
Content Highlights: India is fast-tracking indigenous long-range strike drone development., Sheshnag-150 features over 1000km range and highway launch capability., Project KAL is designed to target enemy logistics and radar systems., Low-cost, high-impact drones are becoming essential in modern warfare.
Published: 08 Mar 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented