ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പുതിയ തലങ്ങളിലേക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയിൽനിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത 'പിനാക' മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിന്റെ പട്ടികയിൽ ഒന്നാമതുള്ളത്. ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനെ പറ്റി ഫ്രഞ്ച് മാധ്യമമായ 'ലെ മോണ്ടെ' (Le Monde) ആണ് റിപ്പോർട്ട് ചെയ്തത്. ആയുധ ഇടപാടിൽ ഇന്ത്യയുമായി കൊടുക്കൽ വാങ്ങൽ തന്ത്രമാണ് ഫ്രാൻസ് പയറ്റാനൊരുങ്ങുന്നത്. പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത.
പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (Artillery), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു വരികയാണ്. ആഗോള വിതരണ ശൃംഖലകളിൽ വിശ്വാസയോഗ്യമായ പങ്കാളിയെ കണ്ടെത്തുക എന്ന ഫ്രാൻസിന്റെ താല്പര്യവും ഇതിനു പിന്നിലുണ്ട്. ഈ സഹകരണം വെറുമൊരു കച്ചവടത്തിനപ്പുറം ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർക്കും എൻജിനീയർമാർക്കും പുതിയ തൊഴിലവസരങ്ങളും നൂതനമായ കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.
യുദ്ധസാഹചര്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച റോക്കറ്റ് സംവിധാനമാണ് പിനാക. കൃത്യത (Accuracy), അതിവേഗത്തിലുള്ള ഫയറിങ് (Rapid fire), വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള കഴിവ് (Versatility) എന്നിവയ്ക്ക് പേരു കേട്ടതാണ് പിനാക റോക്കറ്റ് സിസ്റ്റം. തങ്ങളുടെ കാലഹരണപ്പെട്ട റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ തദ്ദേശീയ സാങ്കേതികവിദ്യയെ ഗൗരവമായി പരിഗണിക്കുന്നത്.
ഇന്ത്യ അടുത്തിടെ ഗൈഡഡ് പിനാക റോക്കറ്റുകൾ വിജയകരമായി പരീക്ഷിച്ചിരുന്നു. ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ സഹായിക്കുന്ന ഗൈഡഡ് മ്യൂണിഷനുകൾ ഉപയോഗിക്കാൻ പിനാകയ്ക്ക് ശേഷിയുണ്ട്. ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ വൻതോതിൽ പ്രഹരമേൽപ്പിക്കാൻ സാധിക്കും.
തുടർച്ചയായ നവീകരണങ്ങളിലൂടെ പിനാകയുടെ ദൂരപരിധി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കയറ്റുമതിക്കായി തയ്യാറാക്കിയിട്ടുള്ള വകഭേദങ്ങൾക്ക് ഏകദേശം 90 മുതൽ 120 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ ദൂരപരിധി കൂടിയ വകഭേദമാകും ഫ്രാൻസ് വാങ്ങുകയെന്നാണ് റിപ്പോർട്ട്. കൂടാതെ 300 മുതൽ 450 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പിനാക റോക്കറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് വരും വർഷങ്ങളിൽ സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിനെപ്പോലെ ആധുനികമായ ഒരു സൈന്യമുള്ള രാജ്യം ഇന്ത്യൻ നിർമ്മിത ഹാർഡ്‌വെയറുകൾക്കായി വാതിൽ തുറക്കുന്നത് ആഗോള വിപണിയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. വരും കാലങ്ങളിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ യൂറോപ്യൻ വിപണിയിലേക്ക് എത്തുന്നതിന് വഴിയൊരുക്കും. പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു പ്രമുഖ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഇടപാട് വലിയ കരുത്ത് പകരുകയും ചെയ്യും.
മാത്രമല്ല, വൻതുകയുടെ ആയുധ ഇടപാട് നടത്താനൊരുങ്ങുന്ന ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും അതുവഴി ആഗോള തലത്തിൽ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിനും വഴിയൊരുങ്ങും.
Published: 19 Feb 2026, 10:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented