ന്യൂഡൽഹി: പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിൽ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. സൈന്യത്തിനായി തദ്ദേശീയമായി ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ (EMRG) സംവിധാനം വികസിപ്പിക്കുന്ന പ്രവൃത്തിയിലേർപ്പെട്ടിരിക്കുകയാണ് ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ARDE). ലോകത്ത് ഒട്ടേറെ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലുമാണ്. ഈ പാതയിലേക്കാണ് ഇന്ത്യയും എത്തുന്നത്. ഗവേഷണം പൂർത്തിയായാൽ അതിനൂതനമായ ഈ ആയുധ സാങ്കേതികവിദ്യ കൈവരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് രാജ്യമെത്തും. 

To advertise here,

റോക്കറ്റുകളുടെയോ കെമിക്കൽ പ്രൊപ്പൽഷന്റെയോ സഹായമില്ലാതെ പ്രൊജക്‌റ്റൈലുകളെ വളരെ ദൂരത്തേക്ക് തൊടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ. പരമ്പരാഗത ആർട്ടിലറി സംവിധാനങ്ങളിൽ വെടിമരുന്നോ മറ്റ് പ്രൊപ്പല്ലന്റുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ, ഇലക്ട്രോ മാഗ്നറ്റിക് റെയിൽഗണ്ണിൽ വൈദ്യുതോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വൈദ്യുത കാന്തികബലം ഉപയോഗിച്ച് പ്രൊജക്ടൈലുകളെ വളരെ ദൂരേക്ക് തൊടുക്കാനാകും. ഈ സാങ്കേതികവിദ്യയിലൂടെ സെക്കൻഡിൽ ഏകദേശം 2,000 മീറ്റർ എന്ന അതിവേഗതയിൽ (muzzle velocity) പ്രൊജക്‌റ്റൈലുകളെ വിക്ഷേപിക്കാൻ സാധിക്കും. അതിനാൽ റോക്കറ്റുകളുടെയോ കെമിക്കൽ പ്രൊപ്പൽഷന്റെയോ സഹായമില്ലാതെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.

ഏകദേശം 50 കിലോഗ്രാം ഭാരമുള്ള പ്രൊജക്‌റ്റൈലുകളെ 200 കിലോമീറ്റർ ദൂരത്തേക്ക് തൊടുത്തുവിടാൻ സാധിക്കുന്ന സംവിധാനമാണ് ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിക്കുന്നതെന്നാണ് വിവരം. ഏകദേശം 11,000 വോൾട്ട് വൈദ്യുതിയും 2.5 മെഗാ ആംപിയർ കറന്റും ഉപയോഗിച്ച് പ്രൊജക്‌റ്റൈലുകളെ സെക്കൻഡിൽ 2,000 മീറ്റർ എന്ന വേഗതയിലാകും വിക്ഷേപിക്കുക. ഇത്രയും വലിയ വേഗമുള്ളതിനാൽ വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം ഭേദിക്കാനാകും.

സംഘർഷ സമയത്ത് എതിരാളികൾക്കെതിരെ അതിവേഗത്തിൽ കൃത്യമായി വലിയ ആഘാതമുണ്ടാക്കാൻ സാധിക്കും. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും, വടക്കും അതിർത്തികൾ സംഘർഷഭരിതമായി തുടരുമ്പോഴാണ് പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിൽ രാജ്യം അതിവേഗം മുന്നോട്ടുപോകുന്നത്.

രാസവസ്തുക്കൾ ഉൾക്കൊള്ളുന്ന പ്രൊപ്പല്ലന്റുകളോ വെടിമരുന്നുകളോ ഉപയോഗിക്കാത്തതിനാൽ ഇത്തരം ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗണ്ണുകൾ സുരക്ഷിതവും ദീർഘകാലാടിസ്ഥാനത്തിൽ പരിപാലനത്തിലുൾപ്പെടെ ചെലവ് കുറഞ്ഞവയുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ ഇവയെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് എളുപ്പമാകുമെന്നും കരുതപ്പെടുന്നു. ഡ്രോൺ ആക്രമണങ്ങളെയും ഹൈപ്പർ സോണിക് മിസൈലുകളെയും നേരിടാൻ ഇത്തരം സംവിധാനങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മിസൈലുകളെ അപേക്ഷിച്ച് ഇതിൽ ഉപയോഗിക്കുന്ന പ്രൊജക്‌റ്റൈലുകൾക്ക് ചെലവ് വളരെ കുറവായിരിക്കും. റെയിൽഗൺ പ്രൊജക്‌റ്റൈലുകൾക്ക് വലിപ്പം കുറവായതിനാൽ, കപ്പലുകളിലോ വാഹനങ്ങളിലോ കൂടുതൽ അളവിൽ സംഭരിക്കാൻ സാധിക്കും. ഇത് യുദ്ധസമയത്ത് കൂടുതൽ തവണ വെടിയുതിർക്കാൻ സൈന്യത്തെ സഹായിക്കും.

നിലവിൽ ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യയുടെ പരീക്ഷണ ഘട്ടങ്ങളിലാണ്. ചൈന ഇതിനകം കപ്പലുകളിൽ ഘടിപ്പിച്ച പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്ക അവരുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കാവുന്ന ഇലക്ട്രോ മാഗ്‌നറ്റിക് റെയിൽ ഗൺ പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഗവേഷണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ. എന്നാൽ ലോകത്തെവിടെയും ഇത്തരം ആയുധങ്ങൾ ഇതുവരെ പൂർണ്ണമായി സജ്ജമായിട്ടില്ല.

വരുന്ന 10 വർഷത്തിനുള്ളിൽ പൂർണ സജ്ജമായ ആയുധം സൈന്യത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. ഇതിനാവശ്യമായ പ്രധാന സബ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും ഇതിനകം തന്നെ ഇന്ത്യ വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇവയെ സംയോജിപ്പിച്ച് ഒറ്റ യൂണിറ്റായി മാറ്റുക എന്ന സങ്കീർണമായ ഘട്ടത്തിലാണ് ഇന്ത്യയിപ്പോഴുള്ളത്.