ഫ്രാന്‍സില്‍നിന്ന് 114 റഫാല്‍ വിമാനങ്ങള്‍ നേരിട്ട് വാങ്ങണമെന്ന് വ്യോമസേന. 114 മീഡിയം മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ ( എംആര്‍എഫ്എ) വാങ്ങാനുള്ള ആഗോള ടെന്‍ഡര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് സര്‍ക്കാരുകള്‍ തമ്മിലുള്ള ( ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ്- ജിടുജി) കരാര്‍ പ്രകാരം റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് മുമ്പാകെ എത്തിയത്. എട്ട് വര്‍ഷംമുമ്പ് തുടങ്ങിയ എംആര്‍എഫ്എ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറ്റം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് എംആര്‍എഫ്എ പദ്ധതിക്ക് തുടക്കമിട്ടത്.

To advertise here,

1.2 ലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാകാനായി വര്‍ഷങ്ങളാണ് വ്യോമസേന കാത്തിരിക്കുന്നത്. ചൈന- പാകിസ്താന്‍ ദ്വിമുഖ യുദ്ധസാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ വ്യോമസേനയ്ക്ക് കുറഞ്ഞത് യുദ്ധവിമാനങ്ങളുടെ 42.5 സ്‌ക്വാഡ്രണുകളെങ്കിലും വേണ്ടിവരും. എന്നാല്‍, നിലവില്‍ വ്യോമസേനയ്ക്ക് 31 സ്‌ക്വാഡ്രണുകളാണ് ഉള്ളത്. ഒരു സ്‌ക്വാഡ്രണ്‍ എന്നത് 18 മുതല്‍ 20 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യൂഹമാണ്. 

വരുംമാസങ്ങളില്‍ വ്യോമസേനയുടെ പക്കലുള്ള സോവിയറ്റ് കാലത്തെ മിഗ് -21 യുദ്ധവിമാനങ്ങളെ സേനയില്‍നിന്ന് ഒഴിവാക്കേണ്ടി വരും. ഇതോടെ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി 29 എന്ന നിലയിലേക്ക് കൂപ്പുകുത്തും. ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്. ഇനി കാലതാമസമുണ്ടാക്കുന്ന എംആര്‍എഫ്എ ഇടപാട് വേണ്ടെന്നും പകരം നിലവില്‍ കാര്യക്ഷമമെന്നും യുദ്ധസാഹചര്യത്തില്‍ മികവ് തെളിയിച്ചതും വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കുതകുന്നതുമായ ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങള്‍ ജി ടി ജി കരാര്‍ പ്രകാരം വാങ്ങാനാണ് നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. 

ചൈനയുടെ സ്റ്റെല്‍ത്ത് വിമാന ഭീഷണി ഇന്ത്യയുടെ കിഴക്കും വടക്കുമുള്ള അതിര്‍ത്തികളില്‍ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ സ്‌ക്വാഡ്രണ്‍ ശേഷി കുത്തനെ കുറയുന്നതിലുള്ള ആശങ്കയാണ് ഈ നീക്കങ്ങള്‍ക്ക് കാരണമായത്. 

ജിടുജി ഇടപാടാകുമ്പോള്‍ വളരെ പെട്ടെന്ന് നടപടികള്‍ പുരോഗമിക്കുമെന്നും ടെന്‍ഡര്‍ നടപടികളേക്കാള്‍ പെട്ടെന്ന് സേനയ്ക്ക് യുദ്ധവിമാനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ താത്കാലിക ആശ്വാസമെന്ന നിലയില്‍ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ ജിടുജി ഇടപാടിലൂടെ വാങ്ങിയിരുന്നു. ഇതിന് പുറമെ നാവികസേനയ്ക്ക് വേണ്ടി 26 റഫാല്‍- എം വിമാനങ്ങള്‍ക്കും സമാനമായ ഇടപാടില്‍ ഒപ്പുവെച്ചിട്ടുണ്ട്. റഫാല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ട്. മാത്രമല്ല വ്യോമസേന പൈലറ്റുമാര്‍ക്ക് ഇവയുപയോഗിച്ച് അനുഭവ പരിചയവുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരതാവളങ്ങളെ ആക്രമിച്ചതും റഫാല്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ്. അതിനാല്‍ റഫാല്‍ വിമാനങ്ങള്‍ തന്നെ മതിയെന്നാണ് വ്യോമസേന നിശ്ചയിച്ചത്. 

2001ല്‍ ആരംഭിച്ചതാണ് വ്യോമസേനയ്ക്ക് വേണ്ടി പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി. അന്ന് മീഡിയം മള്‍ട്ടിറോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എംഎംആര്‍സിഎ) എന്ന പേരിലാരംഭിച്ച പദ്ധതിയില്‍ റഫാലിനെ തിരഞ്ഞെടുത്തെങ്കിലും വിലയുടെയും സാങ്കേതിക വിദ്യ കൈമാറ്റത്തിന്റെയും പേരിലുള്ള അതൃപ്തിയെ തുടര്‍ന്ന് 2015ല്‍ ഉക്ഷിക്കപ്പെട്ടു.  പിന്നീട് 2018ലാണ് വ്യോമസേനയുടെ പ്രതിസന്ധി പരിഹരിക്കാന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ് ( എംആര്‍എഫ്എ) പദ്ധതി കൊണ്ടുവന്നത്. എംഎംആര്‍സിഎ പദ്ധതി പ്രകാരം 126 യുദ്ധവിമാനങ്ങളാണ് വാങ്ങാനുദ്ദേശിച്ചിരുന്നതെങ്കില്‍ എംആര്‍എഫ്എ പദ്ധതിയില്‍ അത് 114 ആയി കുറഞ്ഞു. 

എട്ട് വര്‍ഷമായിട്ടും ഇതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. റഫാലിന് പുറമെ യുഎസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-21, ബോയിങ്ങിന്റെ എഫ്എ 18 സൂപ്പര്‍ ഹോര്‍ണെറ്റ്, സ്വീഡിഷ് കമ്പനിയായ സാബിന്റെ ഗ്രിപ്പന്‍, യൂറോഫൈറ്റര്‍ കണ്‍സോര്‍ഷ്യത്തിന്റെ ടൈഫൂണ്‍, റഷ്യന്‍ എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ മിഗ്-35, എസ്.യു-35 എന്നിവയാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

നേരത്തെ 114 വിമാനങ്ങള്‍ക്ക് പകരം 60 റഫാലുകള്‍ അടിയന്തര പ്രാധാന്യമെന്ന നിലയില്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വ്യോമസേനയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമ്പത്തിക വിഷയങ്ങള്‍ പരിഗണിച്ച് ഏത് തരത്തിലുള്ള ഇടപാടാകും നടക്കുക എന്ന് പിന്നീടേ വ്യക്തമാകു. ഇതിന് പുറമെ രണ്ടോ മൂന്നോ സ്‌ക്വാഡ്രണ്‍ വരുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന ആവശ്യവും വ്യോമസേന മുന്നോട്ടുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് എസ്.യു-57 ഇ വാങ്ങുന്നതിലാണ് പ്രധാന മുന്‍ഗണന. റഷ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലാണ്.  ഇക്കാര്യത്തില്‍ സെപ്റ്റംബറിലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ കരുതുന്നത്.