ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ യൂറോപ്യൻ രാജ്യമായ സൈപ്രസ് താൽപ്പര്യം പ്രകടിപ്പിച്ചു. ഡൽഹിയിൽ നടന്ന ഉന്നതതല ഉച്ചകോടിയിലാണ് സൈപ്രസ് അധികൃതർ ഇന്ത്യയെ താല്പര്യം അറിയിച്ചത്. ബ്രഹ്‌മോസ് മിസൈലുകൾക്ക് പുറമേ ഇന്ത്യയുടെ നാഗാസ്ത്ര-1, സ്‌കൈസ്ട്രൈക്കർ എന്നീ ചാവേർ ഡ്രോണുകളും വാങ്ങാൻ സൈപ്രസ് ലക്ഷ്യമിടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ 'സെക്യൂരിറ്റി ആക്ഷൻ ഫോർ യൂറോപ്പ്' (SAFE) പദ്ധതി പ്രകാരം അനുവദിച്ച 1.18 ബില്യൺ യൂറോയുടെ വായ്പ ഉപയോഗിച്ചാണ് ഈ പ്രതിരോധ ഇടപാട് നടത്തുന്നത്.
ഇന്ത്യയുടെ അത്യാധുനിക മിസൈലുകൾ സൈപ്രസിന്റെ പക്കൽ എത്തുന്നത് അയൽരാജ്യമായ തുർക്കിയിൽ വലിയ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. മേഖലയിലെ സൈനിക സന്തുലിതാവസ്ഥ ഇത് തകർക്കുമെന്ന് തുർക്കി ഭയപ്പെടുന്നു. എന്നാൽ, സൈപ്രസിനേക്കാൾ ജനസംഖ്യയിൽ തങ്ങൾ എത്രയോ മടങ്ങ് മുന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഈ ഭീഷണിയെ ലഘൂകരിക്കാനാണ് തുർക്കി മാധ്യമങ്ങൾ ശ്രമിക്കുന്നത്. തുർക്കിയിലെ പ്രമുഖ വാർത്താ ശൃംഖലകളായ ടിആർടി ഹേബർ (TRT Haber), ഹേബർ ഗ്ലോബൽ (HaberGlobal) തുടങ്ങിയവ ഈ വിഷയത്തിൽ വലിയ തോതിലുള്ള വാർത്താ കവറേജ് നൽകുന്നുണ്ട്.
തുർക്കിയുടെ ജനസംഖ്യ ഏകദേശം 8.79 കോടിയാണെങ്കിൽ സൈപ്രസിന്റേത് വെറും 13.8 ലക്ഷം മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് തുർക്കി മാധ്യമങ്ങൾ ഈ സൈനിക ഇടപാടിനെ കുറച്ചുകാണാൻ ശ്രമിക്കുന്നത്. അതിനാൽ സൈപ്രസിന് തങ്ങളെ നേരിടാൻ കഴിയില്ലെന്നുമാണ് അവരുടെ വാദം. ജനസംഖ്യാബലവും മനുഷ്യശേഷിയും തങ്ങൾക്ക് അനുകൂലമാണെന്ന് സ്ഥാപിക്കാനാണ് തുർക്കി പ്രതിരോധ വിശകലന വിദഗ്ധർ ശ്രമിക്കുന്നത്. 1997-ൽ റഷ്യൻ എസ്-300 മിസൈലുകൾ വാങ്ങാൻ സൈപ്രസ് ശ്രമിച്ചപ്പോൾ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നു. അതിന് സമാനമായ ഒരു പ്രതിസന്ധി ഘട്ടത്തിലേക്കാണ് ഇപ്പോഴത്തെ നീക്കങ്ങളും വിരൽ ചൂണ്ടുന്നത്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈലുകൾ ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്നവയാണ്. സൈപ്രസിന്റെ തീരപ്രദേശങ്ങളിൽ കടന്നുകയറാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇവ വലിയ ഭീഷണിയാകും. പ്രധാനമായും സൈപ്രസിന് വെല്ലുവിളി ഉയർത്തുന്നത് തുർക്കിയുടെ നാവികസേനയാണ്. തീരസുരക്ഷ ഉറപ്പുവരുത്താൻ ബ്രഹ്‌മോസ് മിസൈലുകളെത്തുന്നതോടെ സൈപ്രസ് കൂടുതൽ ശക്തരാകും.
ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ സൈപ്രസും ഇന്ത്യൻ ആയുധങ്ങൾക്കായി രംഗത്തെത്തിയത് പ്രതിരോധ കയറ്റുമതിരംഗത്ത് ഇന്ത്യയുടെ വലിയ നേട്ടമാണ്. ഉടൻതന്നെ ഇൻഡൊനീഷ്യയും ബ്രഹ്‌മോസ് കരാരിൽ ഒപ്പവയ്ക്കുമെന്നാണ് വിവരം.
മെഡിറ്ററേനിയൻ മേഖലയിൽ ഗ്രീസുമായും ഇന്ത്യ സമാനമായ പ്രതിരോധ പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ട്. യൂറോപ്പിലെ ചെറുരാജ്യങ്ങളിൽ ഇന്ത്യൻ ആയുധങ്ങൾ വിൽക്കാനുള്ള അവസരമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ബ്രഹ്‌മോസിനെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്.
Content Highlights: Cyprus plans to acquire BrahMos supersonic cruise missiles and Nagastra-1 suicide drones., The purchase is funded by the EU's 1.18 billion Euro 'SAFE' initiative., The acquisition aims to counter maritime threats, specifically from the Turkish Navy., This deal marks a significant milestone in India's growing global defense export footprint., India is actively expanding its defense partnerships in the Mediterranean, including Greece.
Published: 05 Jun 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented