കാരക്കാസ്: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ശക്തമായ ആക്രമണങ്ങളെ തടയുന്നതിൽ പാരാജയപ്പെട്ടതിന് പ്രധാന കാരണം ചൈനയിൽനിന്ന് വാങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളുമായിരുന്നു. ഇപ്പോഴിതാ വെനസ്വേലയിൽ നടന്ന യു.എസ് ആക്രമണം കണ്ടെത്തി പ്രതിരോധിക്കാനാകാതെ പോയതിന് പിന്നിലെ ചൈനീസ് ബന്ധവും പുറത്തുവന്നു. ചൈനയിൽനിന്ന് വെനസ്വേല വാങ്ങിയ ജെ.വൈ.എൽ-1 (JYL-1) ലോംഗ് റേഞ്ച് എസ്-ബാൻഡ് 3ഡി എയർ സർവൈലൻസ് റഡാറുകൾ  അമേരിക്കൻ സൈനിക നീക്കത്തിനിടെ പൂർണ്ണമായും പരാജയപ്പെട്ടു. 450 കിലോ മീറ്റർ ദൂരെയുള്ള വിമാനങ്ങളെപ്പോലും കണ്ടെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഈ റഡാറുകൾക്ക് ഒരൊറ്റ യുഎസ് വിമാനത്തെയോ ഹെലികോപ്റ്ററിനെയോ തിരിച്ചറിയാൻ സാധിച്ചില്ലെന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

To advertise here,

യുഎസ് സൈന്യം ഉപയോഗിച്ച അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങളായ ഇ.എ-18ജി ഗ്രൗളറുകൾ (EA-18G Growler) റഡാർ സിഗ്‌നലുകളെ ജാം ചെയ്തതാണ് പരാജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ, രാജ്യത്തെ വൈദ്യുതി തടസ്സങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ ബാധിച്ചതും തിരിച്ചടിയായി. ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ വെനസ്വേലയുടെ കൈവശമുള്ള 50 ശതമാനത്തിലധികം ജെ.വൈ.എൽ-1 റഡാറുകളും സ്‌പെയർ പാർട്‌സുകളുടെ അഭാവം മൂലം പ്രവർത്തനരഹിതമായിരുന്നു. എഫ്-35 പോലുള്ള അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങളെ വേട്ടയാടാൻ ശേഷിയുള്ള 'സ്റ്റെൽത്ത് ഹണ്ടറുകൾ' എന്നാണ് ചൈനീസ് മാധ്യമങ്ങൾ ഇവയെ വിശേഷിപ്പിച്ചിരുന്നത്.

2025-ൽ പാകിസ്താന്റെ സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിന് സമാനമാണ് വെനസ്വേലയിലെ ഇപ്പോഴത്തെ സാഹചര്യം. അന്ന് പാകിസ്താന്റെ പത്തോളം ചൈനീസ് നിർമ്മിത റഡാറുകളെ (YLC-8E, HQ-9 എന്നിവ ഉൾപ്പെടെ) ഇന്ത്യൻ വ്യോമസേന വിജയകരമായി ജാം ചെയ്യുകയും തകർക്കുകയും ചെയ്തിരുന്നു. ഇന്ത്യ പ്രയോഗിച്ച മിസൈലുകളായ ഹാരോപ്പും (Harop) റാംപേജും (Rampage) കണ്ടെത്താൻ അന്ന് പാകിസ്താന്റെ കൈവശമുണ്ടായിരുന്ന ചൈനീസ് റഡാറുകൾക്ക് സാധിച്ചിരുന്നില്ല.

പാകിസ്താന് പിന്നാലെ വെനസ്വേലയിലും സമാനമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞതോടെ ചൈനീസ് ആയുധങ്ങളുടെ വിശ്വാസ്യതയിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. വിപണനത്തിനായി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ യുദ്ധമുഖത്ത് പാശ്ചാത്യ രാജ്യങ്ങളുടെയോ ഇന്ത്യയുടെയോ അത്യാധുനിക ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങൾക്ക് മുന്നിൽ ഇവ പരാജയപ്പെടുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ പശ്ചാത്തലത്തിൽ, പല രാജ്യങ്ങളും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പകരം തദ്ദേശീയമായോ മറ്റ് സഖ്യകക്ഷികളിൽ നിന്നുള്ളതോ ആയ പരീക്ഷിച്ചു തെളിയിക്കപ്പെട്ട റഡാർ സംവിധാനങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട്.