
ആഗോള എതിരാളികളെ ഞെട്ടിച്ച് ചൈനയുടെ പക്കൽ ആറാം തലമുറ യുദ്ധവിമാനങ്ങൾ ഉണ്ടെന്ന സൂചനകൾ പുറത്ത്. Y-20 ഹെവി ട്രാൻസ്പോർട്ട് വിമാനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചൈന മിലിറ്ററി ബ്യൂഗിൾ പുറത്തിറക്കിയ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഇതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങളുള്ളത്.
വീഡിയോയുടെ അവസാന ഭാഗത്ത്, വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായി "ആദ്യം 'മാസ്റ്റർ സിക്സ്', പിന്നീട് 'ലിറ്റിൽ സിക്സ്'" എന്നൊരു സംഭാഷണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 'മാസ്റ്റർ സിക്സ്' എന്നത് ചൈനയുടെ എച്ച്-6 (H-6) സ്ട്രാറ്റജിക് ബോംബറിനെയും, 'ലിറ്റിൽ സിക്സ്' എന്നത് അവരുടെ വരാനിരിക്കുന്ന അടുത്ത തലമുറ സ്റ്റെൽത്ത് ഫൈറ്റർ വിമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. ചൈനീസ് സൈന്യത്തിന്റെ (PLA) ഔദ്യോഗിക മാധ്യമത്തിൽ നിന്ന് ഈ പ്രൊജക്റ്റിനെക്കുറിച്ച് ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്.
മുമ്പ് 2024-ന്റെ അവസാനത്തിൽ ചെങ്ഡു ജെ-36, ഷെൻയാങ് ജെ-50 എന്നീ പേരുകളിൽ അറിയപ്പെടുന്ന വിമാനങ്ങളുടെ അവ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും അവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ചൈനയുടെ പുതിയ ആറാം തലമുറ വിമാനം പറക്കുന്നതിനിടയിൽ ഇന്ധനം നിറയ്ക്കാൻ സജ്ജമാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ഇത് വിമാനത്തിന്റെ യാത്രാപരിധിയും കൂടുതൽ സമയം പറക്കാനുള്ള ശേഷിയും വർധിപ്പിക്കുന്ന ഒരു നൂതന സാങ്കേതികവിദ്യയാണ്.
എന്തായാലും അമേരിക്ക, റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ സമാനമായ പ്രൊജക്റ്റുകളെക്കാൾ വേഗത്തിലാണ് ചൈനയുടെ ഈ വിമാന നിർമാണം പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
എന്താണ് ആറാം തലമുറ വിമാനങ്ങൾ
എഫ്-22, എഫ്-35, എസ്‌യു-57, ജെ-20 പോലുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അടുത്ത പരിണാമഘട്ടമാണ് ആറാം തലമുറ യുദ്ധവിമാനങ്ങൾ. പരമ്പരാഗത വ്യോമയുദ്ധത്തിൽ നിന്നും മാറി വായു, ബഹിരാകാശം, സൈബർ, ഇലക്ട്രോണിക് തുടങ്ങിയ വിവിധ യുദ്ധമേഖലകളെ (multi-domain warfare) യോജിപ്പിച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങളാണ് ഇവ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
നൂതന സാമഗ്രികളും കോട്ടിംഗുകളും എയറോഡൈനാമിക് രൂപകല്പനകളും ഉപയോഗിച്ച് റഡാറുകളിൽ നിന്നും കൂടുതൽ കാര്യക്ഷമമായി മറഞ്ഞിരിക്കാനുള്ള മെച്ചപ്പെട്ട സ്റ്റെൽത്ത് ശേഷി, എഐ അധിഷ്ഠിത സാങ്കേതിക വിദ്യകൾ, പൈലറ്റില്ലാതെ പ്രവർത്തിക്കുന്നതിനുള്ള കഴിവ്, ഹൈപ്പർസോണിക് വേഗത, ശത്രു മിസൈലുകളെയും വിമാനങ്ങളെയും കൃത്യതയോടെ തകർക്കുന്നതിന് ലേസർ സംവിധാനങ്ങൾ പോലുള്ള നൂതന ആയുധങ്ങൾ, അവയെ പ്രതിരോധിക്കാനുള്ള കഴിവുകൾ, ഉപഗ്രഹങ്ങളുമായും ഗ്രൗണ്ട് സ്റ്റേഷനുകളുമായി മികച്ച രീതിയിലുള്ള നെറ്റ്വർക്കിങ് സംവിധാനങ്ങൾ, നൂതന പ്രൊപ്പൽഷൻ സിസ്റ്റം ഉൾപ്പെടെ അതിനൂതനമായ ഭാവി സാങ്കേതിക വിദ്യകൾ ഇത്തരം വിമാനങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ വ്യോമസേനയുടെ F-47 (NGAD - Next Generation Air Dominance), നാവികസേനയുടെ F/A-XX എന്നിവ ആറാം തലമുറ വിമാനങ്ങളാണ്. Chengdu J-36, Shenyang J-50 എന്നീ വിമാനങ്ങളാണ് ചൈന വികസിപ്പിക്കുന്നത്. ബ്രിട്ടൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ആറാം തലമുറ വിമാനങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം (GCAP) എന്നാണ് ഇതിനെ വിളിക്കുന്നത്.
ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവരുടെ കൂട്ടായ്മയിൽ ആറാം തലമുറ വിമാനങ്ങൾ നിർമിക്കാൻ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) പദ്ധതിയുണ്ടായിരുന്നുവെങ്കിലും അത് ഉപേക്ഷിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ ഭാവി പതിപ്പുകളിൽ ആറാം തലമുറ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയേക്കുമെന്നും പൈലറ്റില്ലാതെ യുദ്ധം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകളും ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: An official Chinese military video has strongly hinted at the rapid development and mid-air refueling capabilities of their new 6th-generation stealth fighter jet, codenamed 'Little Six', suggesting China is making significant leaps ahead of its global rivals in future air warfare technology.
Published: 01 Jul 2026, 09:12 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented