കാണ്‍പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഡിആര്‍എസ് നല്‍കാന്‍ വൈകിയതു മൂലം ന്യൂസീലന്‍ഡിന് നഷ്ടപ്പെട്ടത് വിലപ്പെട്ട വിക്കറ്റ്. ഓപ്പണര്‍ വില്‍ യങ്ങിന്റെ വിക്കറ്റാണ് അശ്രദ്ധ മൂലം കിവീസിന് നഷ്ടമായത്.

നാലാം ദിനത്തിലെ അവസാന സെഷനിലാണ് യങ് പുറത്തായത്. നാലാം ഓവറില്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി യങ് പുറത്തായെന്ന് ഫീല്‍ഡ് അമ്പയര്‍ വിധിച്ചു. കുറച്ചു സമയത്തിന് ശേഷമാണ് യങ് റിവ്യൂ കൊടുത്തത്. ഡിആര്‍എസിനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ആവശ്യം നിരസിക്കപ്പെട്ടു. അശ്വിന്റെ പന്ത് ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് നീങ്ങിയതെന്ന് പിന്നീട് റീപ്ലേയില്‍ വ്യക്തമായി. ഇതോടെ ന്യൂസീലന്‍ഡിന് ഇരട്ടി നിരാശയായി. 

ഡിആര്‍എസ് വേണമെന്ന് 15 സെക്കന്റിനുള്ളില്‍ ഫീല്‍ഡ് അമ്പയറോട് പറയണമെന്നാണ് നിയമം. ആറു പന്തില്‍ രണ്ടു റണ്‍സായിരുന്നു യങ്ങിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ കിവീസ് ഓപ്പണര്‍ 89 റണ്‍സ് അടിച്ചിരുന്നു.

 Content Highlights: New Zealand Opener Will Young Gets Dismissed As He Fails To Review Decision In Time