
കഴിഞ്ഞ ദിവസം ബുദാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റിലേ ടീം പുതുചരിത്രമാണ് കുറിച്ചത്. പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയുടെ ആദ്യ ഹീറ്റില്‍ ഏഷ്യന്‍ റെക്കോഡോടെയായിരുന്നു ഇന്ത്യയുടെ ഫിനിഷിങ്. രണ്ട് മിനിറ്റ് 59.05 സെക്കന്റില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഓടിയെത്തി. ഇതോടെ ജപ്പാന്റെ പേരിലുണ്ടായിരുന്ന രണ്ട് മിനിറ്റ് 59.51 സെക്കന്റിന്റെ ഏഷ്യന്‍ റെക്കോഡ് പഴങ്കഥയുമായി.
ഇന്ത്യന്‍ റിലേ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഇതിന് മുമ്പ് 2021 ടോക്യോ ഒളിമ്പിക്‌സില്‍ കുറിച്ച മൂന്ന് മിനിറ്റ് 00.25 സെക്കന്റായിരുന്നു ദേശീയ റെക്കോഡ്. അതു മാത്രമല്ല, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ടീം ആദ്യമായാണ് ഇടം കണ്ടെത്തുന്നത്.
അത്‌ലറ്റിക്‌സിലെ കരുത്തരായ അമേരിക്കയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യന്‍ ടീം രണ്ടാമതെത്തിയതെന്നതും ശ്രദ്ധേയമാണ്. രണ്ട് മിനിറ്റ് 58.47 സെക്കന്റിലാണ് അമേരിക്ക ഫിനിഷ് ചെയ്തത്. അവസാന ലാപ്പില്‍ ഒരു ഘട്ടത്തില്‍ അമേരിക്കയ്ക്കെതിരേ ഇന്ത്യ ലീഡ് നേടിയതാണ്. എന്നാല്‍ അവര്‍ വീണ്ടും ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
കൊല്ലം നിലമേല്‍ സ്വദേശി അനസ് യഹിയ, മറുനാടന്‍ മലയാളിയും ഡല്‍ഹി സ്വദേശിയുമായ അമോജ് ജേക്കബ്, പാലക്കാട്ടുകാരനായ അജ്മല്‍, കോയമ്പത്തൂര്‍ സ്വദേശിയായ രാജേഷ് രമേഷ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ആദ്യ ലാപ്പില്‍ ഓടിയ അനസില്‍ നിന്ന് ബാറ്റണ്‍ വാങ്ങിയ അമോജ് ജേക്കബ് രണ്ടാം ലാപ്പ് അവസാനിച്ചപ്പോഴേക്കും ഇന്ത്യയെ രണ്ടാമതെത്തിച്ചിരുന്നു. ആ ലീഡ് മൂന്നാം ലാപ്പിലും അജ്മലും നാലാം ലാപ്പില്‍ രാജേഷും നിലനിര്‍ത്തി.
ആകെ 16 ടീമുകളാണ് റിലെ ഹീറ്റ്‌സില്‍ മത്സരിച്ചത്. ഫൈനലിലേക്ക് മുന്നേറിയ ഒമ്പത് ടീമുകളില്‍ മികച്ച രണ്ടാമത്തെ സമയവും ഇന്ത്യയുടേതാണ്. ഇന്ത്യയുടെ അതേ ഹീറ്റില്‍ മത്സരിച്ച ബ്രിട്ടനും രണ്ടാം ഹീറ്റില്‍ മത്സരിച്ച ജമൈക്കയുമെല്ലാം സമയത്തില്‍ ഇന്ത്യക്ക് പിന്നിലാണ്.
ഈ റെക്കോഡ് പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ടീം തന്നെ ഭയപ്പെടുത്തിയെന്നാണ് യുഎസ്എയ്ക്കായി റിലേയില്‍ മത്സരിച്ച ജസ്റ്റിന്‍ റോബിന്‍സണ്‍ മത്സരശേഷം പറഞ്ഞത്. അവസാന ലാപ്പില്‍ ജസ്റ്റിനെ ഇന്ത്യന്‍ താരം രാജേഷ് മറികടന്നിരുന്നു. 24-കാരനായ രാജേഷിന്റെ 400 മീറ്ററിലെ ഏറ്റവും മികച്ച സമയം 45.67 സെക്കന്റാണ്. എന്നാല്‍ ജസ്റ്റിന്റേത് 44.47 സെക്കന്റാണ്. അതു മാത്രമല്ല, ലോക ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ സ്വര്‍ണം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവും ജസ്റ്റിനുണ്ടായിരുന്നു. എന്നാല്‍ ഈ മാസം ആദ്യം നടന്ന ശ്രീലങ്ക നാഷണല്‍ ചാമ്പ്യന്‍പ്പിലാണ് രാജേഷ് അവസാനം മത്സരിച്ചത്. ഇതെല്ലാം തന്നെയാണ് താന്‍ ഭയപ്പെട്ടു എന്ന് ജസ്റ്റിന്‍ പറയാനുള്ള കാരണവും.
മികച്ച പ്രകടനം ആരും തങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ പ്രതീക്ഷയുടെ ഭാരമില്ലാതെ ഓടാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ താരം അമോജ് ജേക്കബ് പറയുന്നു. 'നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഞങ്ങളെ ദുര്‍ബലരെന്ന് വിളിച്ചോളൂ. പക്ഷേ ഞങ്ങള്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. ഞായറാഴ്ച്ച രാത്രി നടക്കുന്ന ഫൈനലില്‍ മെഡലിനായി പരിശ്രമിക്കും. ഇതിലും മികച്ച സമയം കുറിക്കാനായി ശ്രമിക്കും.' അമോജ് പറയുന്നു.
Content Highlights: world athletics championship indian relay team challenge mighty usa
Published: 27 Aug 2023, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented