ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കരുത്തരുടെ പോരാട്ടം. ഒന്നാം സീഡ് ആര്യാന സബലേങ്കയും രണ്ടാം സീഡ് എലെന റൈബാക്കിനയും കിരീടത്തിനായി ഏറ്റുമുട്ടും. തുടർച്ചയായ മൂന്നാം കിരീടമാണ് സബലേങ്കയുടെ ലക്ഷ്യം.

To advertise here,

അമേരിക്കൻ താരം കോകോ ഗൗഫിനെ പരാജയപ്പെടുത്തിയാണ് റൈബാക്കിന ഫൈനൽ ബെർത്തുറപ്പിച്ചത്. സെമിയിൽ ഒരു സെറ്റ് നഷ്ടമായതിന് ശേഷം റൈബാക്കിന ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു. ആദ്യ സെറ്റ് 6-3 എന്ന സ്‌കോറിന് അനായാസം ഗൗഫ് സ്വന്തമാക്കി. എന്നാൽ വിട്ടുകൊടുക്കാതെ റൈബാക്കിന പോരാടി. രണ്ടാം സെറ്റിൽ 6-4 ന് വിജയിച്ച് കസാക്കിസ്ഥാൻ താരം തിരിച്ചുവന്നു. നിർണായകമായ മൂന്നാം സെറ്റിലും മികവോടെ റാക്കറ്റേന്തിയ റൈബാക്കിന 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കി.

അതേസമയം രണ്ടാം സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് സബലേങ്ക ഫൈനലിലേക്ക് യോഗ്യത നേടിയത്. അമേരിക്കൻ താരം ജെസിക്ക പെഗുലയെയാണ് സബലേങ്ക കീഴടക്കിയത്. ആദ്യ സെറ്റിൽ മാത്രമാണ് ജെസിക്ക പോരാട്ടം കാഴ്ചവെച്ചത്. 7-5 നാണ് ആദ്യ സെറ്റിൽ സബലേങ്ക വിജയിക്കുന്നത്. രണ്ടാം സെറ്റാകട്ടെ 6-2 ന് അനായാസം സ്വന്തമാക്കിയ സബലേങ്ക ഫൈനലിലേക്ക് മുന്നേറി.