ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ചനംബാം ഋഷികാന്ത സിങ്ങ് വെള്ളി നേടി. പുരുഷൻമാരുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് 28-കാരൻ രണ്ടാമതെത്തിയത്. ഈ വിഭാഗത്തിൽ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖിനാണ് സ്വർണം. കെനിയയുടെ ജോഷ്വ അമുൻഗ എംബോയയ്ക്കാണ് വെങ്കലം. നേരത്തെ പാരാ പവർ ലിഫ്റ്റിങ്ങിൽ ഝണ്ഡു കുമാർ വെങ്കലം നേടിയിരുന്നു.

To advertise here,

സ്‌നാച്ച് വിഭാഗത്തിൽ ഋഷികാന്ത 116 കിലോയാണ് ആദ്യ ശ്രമത്തിൽ ഉയർത്തിയത്. രണ്ടാം ശ്രമത്തിൽ 119 കിലോയും മൂന്നാം ശ്രമത്തിൽ 121 കിലോയും ഉയർത്തി. സ്‌നാച്ച് വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിലെ റെക്കോർഡാണിത്. ഋഷികാന്തയുടേയും ഏറ്റവും മികച്ച പ്രകടനമാണിത്. സ്‌നാച്ച് വിഭാഗം കഴിഞ്ഞപ്പോൾ 121 കിലോയുമായി ഋഷികാന്തയും മലേഷ്യയുടെ ബിൻ ക്‌സദാനുമായിരുന്നു ഒന്നാമത്.

എന്നാൽ ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 143 കിലോ ഉയർത്താനെ ഋഷികാന്തിന് കഴിഞ്ഞുള്ളൂ. 148 കിലോ ഉയർത്താനുള്ള രണ്ടാം ശ്രമം പരാജയപ്പെട്ടു. എന്നാൽ, കസ്ദാൻ രണ്ടാം ശ്രമത്തിൽ 149 കിലോയും മൂന്നാം ശ്രമത്തിൽ 151 കിലോയും ഉയർത്തിയതോടെ സ്വർണം ഉറപ്പാക്കി. ഋഷികാന്ത വെള്ളിയും നേടി. ഋഷികാന്ത ആകെ 264 കിലോ ഉയർത്തിയപ്പോൾ കസ്ദാൻ 273 കിലോയാണ് ഉയർത്തിയത്.

ഇംഫാലിലെ നാഷണൽ സ്‌പോർട്‌സ് അക്കാദമിയിലൂടെയാണ് ഋഷികാന്ത വളർന്നുവന്നത്. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കോമൺവെൽത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടി. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ 11-ാം സ്ഥാനത്താണ് ഇന്ത്യൻ താരമെത്തിയത്. ബെർമിങ്ഹാമിൽ നടന്ന 2022-ലെ കോമൺവെൽത്ത് ഗെയിംസിലും ഋഷികാന്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.