
അപൂർവം ചിലരുണ്ട്, അന്തിമഫലം എന്തുതന്നെയാകട്ടെ, അവസാനതുള്ളി രക്തവും വിയർപ്പും ഒഴുക്കി ലക്ഷ്യത്തിനായി പോരാടും. തോറ്റാലും ജയിച്ചാലും തലയുയർത്തിത്തന്നെ നിൽക്കും. അങ്ങനെയൊരു ജനുസ്സായിരുന്നു റാഫേൽ നഡാൽ. ടെന്നീസിലെന്നല്ല കായികലോകത്തുതന്നെ ഇങ്ങനെ അധികമാളുകളെ കാണാനാകില്ല. തളരാത്ത പോരാളിയെന്ന വിശേഷണം ഏറ്റവും ചേരുന്ന കളിക്കാരൻ.
കളിമൺ കോർട്ട് സ്പെഷ്യലിസ്റ്റുകളുടെ ഫാക്ടറിയാണല്ലോ സ്‌പെയിൻ. 2005-ൽ 19-ാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ നേടി ടെന്നീസ് ലോകത്ത് റാഫ വരവറിയിച്ചപ്പോൾ സ്‌പെയിനിലെ വേറൊരു ക്ലേ കോർട്ടുകാരൻ എന്നേ പലരും കരുതിയുള്ളൂ. റോജർ ഫെഡറർ എന്ന സുന്ദരപുരുഷൻ തന്നെക്കാളും സൗന്ദര്യമുള്ള കേളീശൈലിയിലൂടെ ടെന്നീസ് പ്രേമികളുടെ ഹൃദയം കീഴടക്കിയ കാലം. അവിടേക്കാണ് കാളപ്പോരുകാരൻറെയും കപ്പലോട്ടക്കാരന്റെയും കരുത്തോടെ ആ കൗമാരക്കാരൻ കയറിവന്നത്. ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ചക്കവീണപ്പോൾ ചത്ത മുയലല്ലെന്ന് അവൻ തെളിയിച്ചു. അടുത്ത മൂന്നുവർഷവും ഫൈനലിൽ സാക്ഷാൽ റോജർ ഫെഡററെ കീഴടക്കി കിരീടം നേടി. അതിനിടെ രണ്ടു വിംബിൾഡൺ ഫൈനലുകളിൽ ഫെഡററോട് മുട്ടി വെറുമൊരു ക്ലേ കോർട്ട് താരമായി എഴുതിത്തള്ളരുതെന്ന മുന്നറിയിപ്പും നൽകി.
നഡാലും ബ്രിട്ടീഷ് പത്രപ്രവർത്തകൻ ജോൺ കാർലിനും ചേർന്നെഴുതിയ ആത്മകഥയുടെ പേര് ‘റാഫ മൈ സ്റ്റോറി’ എന്നാണ്. 2008-ലെ വിംബിൾഡൺ ഫൈനലിനെക്കുറിച്ച് റാഫ വിവരിക്കുന്നിടത്തുനിന്നാണ് പുസ്തകം തുടങ്ങുന്നത്. കഴിഞ്ഞ വർഷം വിംബിൾഡണിൽ ഫെഡററെ തോൽപ്പിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചതിന്റെ സങ്കടം റാഫ വിവരിക്കുന്നു. ‘തോൽവികൾ എപ്പോഴും നിങ്ങളെ വേദനിപ്പിക്കും. പക്ഷേ, ജയിക്കാനുള്ള അവസരമുണ്ടായിട്ടും അത് നഷ്ടപ്പെടുത്തുമ്പോൾ തോൽവി ഏറെ വേദനിപ്പിക്കുന്നതാകും.’ - റാഫ എഴുതുന്നു. അന്നത്തെ തോൽവിയിൽനിന്ന് പാഠംപഠിച്ചാണ് 2008-ലെ അവിസ്മരണീയ ഫൈനലിൽ ഫെഡററെ സിംഹാസനത്തിൽനിന്ന് മറിച്ചിട്ട് റാഫ വിംബിൾഡൺ കിരീടമുയർത്തിയത്. പിന്നീടങ്ങോട്ട് റാഫയുടെ കുതിപ്പായിരുന്നു.
ബെയ്ജിങ് ഒളിമ്പിക്‌സ് സ്വർണം, ലോക ഒന്നാം നമ്പർ പദവി. അടുത്തവർഷം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും. പക്ഷേ, ഫ്രഞ്ച് ഓപ്പണിൽ റാഫയുടെ ലോകം കീഴ്‌മേൽമറിഞ്ഞു. റോബിൻ സോഡർലിങ്ങെന്ന സ്വീഡിഷ് താരത്തിനുമുന്നിൽ പ്രീ-ക്വാർട്ടറിൽ തോറ്റ് റാഫ മടങ്ങിയപ്പോൾ ടെന്നീസ് ലോകം ഞെട്ടി. വ്യക്തിപരമായ പ്രശ്നങ്ങളുയർത്തിയ സമ്മർദമാണ് ആ തോൽവിക്കു കാരണമായതെന്ന് പിന്നീടറിഞ്ഞു. മാതാപിതാക്കളായ സെബാസ്റ്റ്യനും അന മരിയയും അതിനിടെ വേർപിരിഞ്ഞിരുന്നു.
തിരിച്ചടികളിൽനിന്ന് തിരിച്ചുവരുന്നതാണ് ചാമ്പ്യന്മാരുടെ ലക്ഷണം. അടുത്തസീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടി റാഫ നാലു ഗ്രാൻഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന താരങ്ങളുടെ ഗണത്തിലേക്കുയർന്നു. 2008-ലെ ഓസ്‌ട്രേലിയൻ ഓപ്പണോടെ നൊവാക് ജോക്കോവിച്ച് ഉദിച്ചു. കുറെവർഷം ഫെഡററുടെയും നഡാലിന്റെയും നിഴലിലായിരുന്ന ജോക്കോ കെട്ടുപൊട്ടിച്ച് കുതിക്കാൻ തുടങ്ങി. ടെന്നീസ് ലോകത്തെ പകരംവെക്കാൻ കഴിയാത്ത ത്രിമൂർത്തികളുടെ -ഫെഡറർ, നഡാൽ, ജോക്കോ- യുഗം കായികലോകത്തെയാകെ സന്തോഷിപ്പിച്ച കാലം.
റാഫയെന്ന പോരാളിക്ക് എതിരാളികൾക്കൊപ്പം പരിക്കുകളോടും പോരാടണമായിരുന്നു. പല ടൂർണമെന്റുകളും നഷ്ടമായി. അതിനിടെ കരുത്തനായി ജോക്കോ മുന്നോട്ടുപോയി. റാഫയുടെ കാലം കഴിഞ്ഞെന്ന് പലരും കരുതി. അപ്പോഴൊക്കെ വർധിതവീര്യത്തോടെ എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി തിരിച്ചുവന്നു. സിംഗിൾസിൽ 22 ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യത്തെയാളായി.
കളിക്കളത്തിലെ പോരാളി മാത്രമല്ല റാഫ. ടെന്നീസ് കണ്ട ഏറ്റവും മാന്യരായ താരങ്ങളിലൊരാളെന്ന വിശേഷണവും നേടി. ഷോട്ടുകൾ പിഴയ്ക്കുമ്പോഴും പോയിന്റുകൾ നഷ്ടമാകുമ്പോഴും അമ്പയറുടെ ഒരു തീരുമാനം തെറ്റുമ്പോഴും റാക്കറ്റ് തല്ലിത്തകർക്കുന്നവരുടെയും ശാപവാക്കുകൾ ഉരുവിടുന്നവരുടെയുമിടയിൽ മാന്യരിൽ മാന്യനായി റാഫ നിന്നു. ഇപ്പോൾ ഗ്രാൻസ്ലാം കിരീടങ്ങളിൽ മുന്നിൽ ജോക്കോവിച്ചാണ്. എന്നാൽ, കാണികളുടെ ഹൃദയം കീഴടക്കിയതിൽ എന്നും മുന്നിൽ റാഫയായിരുന്നു.
Content Highlights: rafael nadal retirement
Published: 11 Oct 2024, 07:37 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented