റാഫേൽ നഡാൽ ജനിച്ചത് സ്‌പെയിനിലാണെങ്കിലും ഫ്രാൻസിലെ പാരീസ് നഗരത്തിന്റെ പൊന്നോമനയായാണ് വളർന്നത്. 2005 ജൂൺ മൂന്നിന്, പത്തൊൻപതാം ജന്മദിനത്തിൽ പാരീസിലെ ചരിത്രപ്രസിദ്ധമായ റൊളാങ് ഗാരോസിൽ റോജർ ഫെഡററെ തോൽപ്പിച്ചുകൊണ്ടാണ് നഡാൽ ടെന്നീസിലെ പുതിയൊരു യുഗത്തിന് തുടക്കമിട്ടത്. ആവർഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി. പിന്നെ തുടർച്ചയായി മൂന്നുതവണകൂടി. അതോടെ നഡാലിനെ ഫ്രാൻസ് ഏറ്റെടുത്തു. അവിടെ തീർന്നില്ല, ഫ്രഞ്ച് ഒാപ്പണിൽ 14 കിരീടങ്ങൾക്കുടമയായി. ‘പിറക്കാതെപോയ ഫ്രഞ്ചുതാര’മായി വളർന്നു.

To advertise here,

ഇക്കുറി പാരീസിൽ നടന്ന ഒളിമ്പിക്‌സ് റിപ്പോർട്ടുചെയ്യാൻ പോയപ്പോൾ നഡാലും പാരീസും തമ്മിലുള്ള സിംഫണി അടുത്തുനിന്നു കാണാനായി. ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഫ്രഞ്ചുകാരനായ സിനദിൻ സിദാനിൽനിന്ന് നഡാൽ ദീപം ഏറ്റുവാങ്ങിയപ്പോൾ അത് അടുത്തുനിന്നു കാണാനായി.

നാലുദിവസത്തിനുശേഷം റൊളാങ് ഗാരോസിൽ നഡാലിന്റെ കളികാണാനായി. ഈ ഗ്രൗണ്ടിൽ നഡാലിന്റെ അവസാനത്തേതാകുമെന്ന് എല്ലാവരും പേടിച്ചിരുന്ന കളി. രണ്ടുവർഷത്തോളമായി പരിക്കുകൾ വേട്ടയാടുന്ന കരിയറിന്റെ അവസാനം, വിരമിക്കുന്നതിനുമുൻപ്‌ ഒരു ഒളിമ്പിക് മെഡൽ നേടണമെന്ന് നഡാൽ അതിയായി ആഗ്രഹിച്ചിരിക്കണം. കാണികളിലേറെയും അതാണ് ആഗ്രഹിച്ചിരുന്നത്. സിംഗിൾസിലെ രണ്ടാംറൗണ്ടിൽ ലോക ഒന്നാംറാങ്കുകാരനായ നൊവാക് ജോക്കോവിച്ചിനോട് തോറ്റ് അതിനകം നഡാൽ പുറത്തായിരുന്നു. പിന്നെ പ്രതീക്ഷകളെല്ലാം പുരുഷ ഡബിൾസിലായി. ക്വാർട്ടർഫൈനലിൽ കാർലോസ് അൽക്കരാസും നഡാലും ചേർന്ന സഖ്യം യു.എസിന്റെ ഓസ്റ്റൻ ക്രജിസെക്കും രാജീവ് റാമും ചേർന്ന സഖ്യത്തെ നേരിടുന്നതുകാണാൻ സ്റ്റേഡിയത്തിലെത്തുമ്പോൾ റൊളാങ് ഗാരോസ് തിങ്ങിനിറഞ്ഞിരുന്നു.

തുടക്കംതൊട്ടേ അമേരിക്കൻ സഖ്യത്തിന്റെ മുന്നേറ്റമായിരുന്നെങ്കിലും നഡാലിന്റെ ഓരോ ചലനങ്ങളെയും കാണികൾ ആരവങ്ങളോടെ എതിരേറ്റു. കാരണം ടെന്നീസ് ഗ്രൗണ്ടിലെ ഈ ‘സ്പാനിഷ് നൃത്തം’ ഇനി അധികകാലമില്ലെന്ന് എല്ലാവർക്കുമറിയാമായിരുന്നു. ഒടുവിൽ 6-2, 6-4ന് യു.എസ്. സഖ്യത്തോടു തോറ്റു മടങ്ങുമ്പോൾ കാണികളോടെല്ലാം നഡാൽ ഹൃദ്യമായി യാത്രപറഞ്ഞു. ഇനിയൊരു യാത്രപറച്ചിലില്ലെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നിരിക്കണം. മാധ്യമസമ്മേളനത്തിൽ വിരമിക്കലിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ ‘‘കുറച്ചുകൂടി സമയംവേണം. എല്ലാം ആലോചിച്ചശേഷം അറിയിക്കാം’’ എന്നായിരുന്നു മറുപടി. ആലോചിച്ച് ഒടുവിൽ ഇപ്പോൽ ഉത്തരം കിട്ടിയിരിക്കുന്നു. ചെമ്മൺകോർട്ടിലെ ആധുനിക ചരിതത്തിനും ഇതോടെ അവസാനമായിരിക്കുന്നു.