പാരീസ്: സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച് 2023 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക ഒന്നാം നമ്പര്‍ താരവും സ്പാനിഷ് യുവതാരവുമായ കാര്‍ലോസ് അല്‍ക്കാരസിനെ കീഴടക്കിയാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. മത്സരത്തിനിടെ പരിക്കേറ്റതാണ് സ്പാനിഷ് താരത്തിന് വെല്ലുവിളിയായത്. അവസാന രണ്ടുസെറ്റുകള്‍ ജോക്കോ അനായാസം സ്വന്തമാക്കി.

To advertise here,

കടുത്ത ആവേശം നിറഞ്ഞതായിരുന്നു മത്സരത്തിന്റെ ആദ്യ സെറ്റുകള്‍. ഒരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന്റെ എല്ലാ ആവേശവുമുണ്ടായിരുന്നു. ആദ്യ സെറ്റ് ജോക്കോവിച്ച് 6-3 നാണ് സ്വന്തമാക്കിയത്. എന്നാല്‍ അല്‍ക്കാരസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടാം സെറ്റില്‍ ശക്തമായി അല്‍ക്കാരസ് തിരിച്ചുവന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സെറ്റ് 5-3ന് അല്‍ക്കാരസ് മുന്നിട്ടുനിന്നെങ്കിലും ജോക്കോ സ്‌കോര്‍ 5-5 ആക്കി തിരിച്ചടിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് ഗെയിമുകളും നേടി 7-5 ന് സ്പാനിഷ്താരം സെറ്റ് കയ്യിലാക്കി. 

മൂന്നാം സെറ്റിലാണ് നാടകീയമായ രംഗങ്ങള്‍ക്ക് റോളണ്ട് ഗാരോസ് സാക്ഷ്യം വഹിക്കുന്നത്. മൂന്നാം സെറ്റില്‍ ഗെയിം 1-1 ല്‍ നില്‍ക്കുമ്പോഴാണ് അല്‍ക്കാരസിന് പരിക്കേറ്റത്. പിന്നീട് അടുത്ത ഗെയിമില്‍നിന്ന് പിന്മാറിയാണ് താരം ചികിത്സ നേടിയത്. ഗ്രാന്‍ഡ്സ്ലാം ചട്ടപ്രകാരം സെറ്റ് ബ്രേക്കായാലോ എന്‍ഡ് മാറുമ്പോഴോ മാത്രമേ ചികിത്സ സഹായം തേടാനാകൂ. അതിനാലാണ് അല്‍ക്കാരസിന് ഗെയിമില്‍നിന്ന് പിന്മാറി ചികിത്സ തേടേണ്ടതായി വന്നത്. 

ചികിത്സ തേടി കളത്തിലേക്ക് മാറി വന്നെങ്കിലും പിന്നീട് താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. മൂന്നാം സെറ്റും നാലാം സെറ്റും 6-1 ന് സ്വന്തമാക്കി ജോക്കോവിച്ച് അനായാസം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി. 

കാസ്പര്‍ റൂഡും അലക്‌സാണ്ടര്‍ സ്വരേവും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയേയാണ് ജോക്കോവിച്ച് ഫൈനലില്‍ നേരിടുക. കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷതാരമെന്ന ചരിത്രനേട്ടം സെര്‍ബിയന്‍ താരത്തിന് സ്വന്തമാക്കാം. നിലവില്‍ ജോക്കോവിച്ചിനും നദാലിനും 22-ഗ്രാന്‍ഡസ്ലാം കിരീടങ്ങളാണുള്ളത്.