പാരീസ്: 2023 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ തീപാറും പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ യുവതാരം കാര്‍ലോസ് അല്‍ക്കാരസ് ടെന്നീസ് ഇതിഹാസം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. 

To advertise here,

ക്വാര്‍ട്ടറില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് അല്‍ക്കാരസ് സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ വിജയം. സ്‌കോര്‍: 6-2, 6-1, 7-6. 2007-ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും അല്‍ക്കാരസ് സ്വന്തമാക്കി. വെറും 20 വയസ്സ് മാത്രമാണ് അല്‍ക്കാരസിന്റെ പ്രായം. 2007-ല്‍ ജോക്കോവിച്ചും സമാനനേട്ടം സ്വന്തമാക്കിയിരുന്നു. 

ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ റഷ്യയുടെ കാരെന്‍ ഖച്ചനോവിനെ കീഴടക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കി. സ്‌കോര്‍: 4-6,7-6,6-2,6-4. 12-ാം തവണയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്തുന്നത്. മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് താരം ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ അക്കൗണ്ടിലുള്ളത്. 

വനിതാ വിഭാഗം സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവ ബെലാറസിന്റെ ആര്യാന സബലെങ്കയെ നേരിടും. ക്വാര്‍ട്ടറില്‍ സബലെങ്ക എലീന സ്വിറ്റോലിനയെയും (6-4,6-4) മുച്ചോവ അനസ്താസ്യ പാവ്‌ല്യുചെന്‍കോവയെയും (7-5,6-2) കീഴടക്കിയാണ് സെമിയിലെത്തിയത്.