പാരീസ്: ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും ജോക്കോയുടെ തേരോട്ടം. 2023 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പുതുചരിത്രമെഴുതിയത്. നേരിട്ടു സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ കാസ്പര്‍ റൂഡ് നിരാശയോടെ മടങ്ങി. സ്‌കോര്‍: 7-6, 6-3, 7-5

To advertise here,

ഫ്രഞ്ച് ഓപ്പണ്‍ വിജയത്തോടെ സെര്‍ബിയന്‍ താരം പുതിയ റെക്കോഡ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന നേട്ടമാണ് ജോക്കോവിച്ച് കരസ്ഥമാക്കിയത്. നിലവില്‍ 23- ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ജോക്കോയ്ക്കുള്ളത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനേയാണ് ജോക്കോവിച്ച് പിന്തള്ളിയത്. 

റോളണ്ട് ഗാരോസിലെ കലാശപ്പോരില്‍ സെര്‍ബിയന്‍ താരത്തെ ഞെട്ടിച്ചാണ് കാസ്പര്‍ റൂഡ് തുടങ്ങിയത്. ആദ്യസെറ്റിന്റെ തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സര്‍വ്വ് ബ്രേക്ക് ചെയ്ത് റൂഡ് മുന്നേറി. 3-0 ന് മുന്നിട്ടു നിന്നു. പക്ഷേ ജോക്കോ തിരിച്ചടിച്ചു. സ്‌കോര്‍ 4-4 ആക്കി. പിന്നീടങ്ങോട്ട് ഇരുവരും വിട്ടുകൊടുക്കാതെ പോരാടിയതോടെ ആദ്യ സെറ്റ് തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ പക്ഷേ റൂഡിന് കാലിടറി. ആധികാരിക പ്രകടനത്തോടെ 7-1ന് ടൈബ്രേക്കര്‍ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. 

രണ്ടാം സെറ്റിലും ജോക്കോവിച്ചിന് മുന്നില്‍ നോര്‍വേ താരത്തിന് മറുപടിയുണ്ടായിരുന്നില്ല. രണ്ടാം സെറ്റിന്റെ ആരംഭത്തില്‍ 3-0 ന് ജോക്കോവിച്ച് മുന്നിട്ടുനിന്നു. പിന്നീട് റൂഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 6-3 ന് സെറ്റ് സ്വന്തമാക്കി സെര്‍ബിയന്‍ താരം മുന്നേറി. മൂന്നാം സെറ്റിലും ഇതേ പ്രകടനം തുടര്‍ന്ന ജോക്കോയ്ക്ക് മുന്നില്‍ നോര്‍വേ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 7-5 ന് ജോക്കോ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി.

ജോക്കോവിച്ചിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2016, 2021 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജോക്കോ ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.