കൊൽക്കത്ത: മഹാസങ്കടത്തിൽ മനസ്സുലഞ്ഞെങ്കിലും തെല്ലിട പിഴയ്ക്കാതെ കരുനീക്കങ്ങളുമായി ചാമ്പ്യൻപട്ടം സ്വന്തമാക്കിയശേഷം നിഹാൽ സരിൻ പറഞ്ഞു: ‘‘ഈ കിരീടം എന്റെ മുത്തച്ഛനുള്ളതാണ്’’. ചെസ്സിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മുത്തച്ഛന്റെ വിയോഗവാർത്തയറിഞ്ഞ് ഉള്ളുലഞ്ഞു കളിച്ച നിഹാൽ ആ കിരീടം മറ്റാർക്ക് സമർപ്പിക്കാൻ?
ചെസ്സിലെ വമ്പൻതാരങ്ങൾ അണിനിരന്ന ടാറ്റ സ്റ്റീൽ റാപ്പിഡ് ചെസ്സിലാണ് തൃശ്ശൂർ സ്വദേശിയായ നിഹാൽ സരിൻ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. അഞ്ചുവട്ടം ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദുമായി അവസാനറൗണ്ടിൽ സമനിലപാലിച്ച് 6.5 പോയിന്റുമായാണ് 21-കാരൻ ഗ്രാൻഡ് മാസ്റ്ററുടെ നേട്ടം.
നിഹാലിന്റെ മുത്തച്ഛൻ എടവനക്കാട് അമ്മനാംവീട്ടിൽ എ.എ. ഉമ്മർ കഴിഞ്ഞദിവസമാണ് അന്തരിച്ചത്.
നിഹാലിനെ ചെസ്സിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് മുത്തച്ഛനായിരുന്നു. ടൂർണമെന്റിൽ കളിക്കുകയായിരുന്നതിനാൽ നിഹാലിന് നാട്ടിലേക്ക് വരാനുമായില്ല. മുത്തച്ഛനുവേണ്ടി കിരീടം നേടണമെന്ന വാശിയിൽ കളിച്ച താരം അവസാനദിവസം ആർ. പ്രഗ്നാനന്ദയെ സമനിലയിൽ തളച്ചും യുഎസിന്റെ വെസ്‌ലി സോയെ തോൽപ്പിച്ചുമാണ് കിരീടത്തിലേക്കെത്തിയത്. നിഹാലിന്റെ അമ്മ ഡോ. ഷിജിന്റെ പിതാവാണ് ഉമ്മർ. പിഡബ്ല്യുഡി റിട്ട. അസി. എക്‌സിക്യുട്ടീവ് എൻജിനിയറായിരുന്ന അദ്ദേഹം വ്യാഴാഴ്ച തൃശ്ശൂരിലാണ് അന്തരിച്ചത്.
പകരക്കാരനായിവന്ന് കിരീടം
പത്തുതാരങ്ങൾ മത്സരിച്ച ടൂർണമെന്റിൽ നിഹാലിന് ആദ്യം അവസരമുണ്ടായിരുന്നില്ല. ലോകചാമ്പ്യൻ ഡി. ഗുകേഷ് പിന്മാറിയതോടെയാണ് കളിക്കാൻ അവസരം ലഭിച്ചത്. തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ഫോമിലേക്കുയർന്ന് കിരീടം നേടി. അഞ്ചു ജയവും മൂന്നു സമനിലയുമാണുള്ളത്. ആറു പോയിന്റുമായി വിശ്വനാഥൻ ആനന്ദ് രണ്ടാംസ്ഥാനത്തെത്തി. അഞ്ചുപോയിന്റുള്ള അർജുൻ എരിഗാസി മൂന്നാമതാണ്.
Content Highlights: nihal sarin tata chess rapid title
Published: 10 Jan 2026, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented