രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ഏറ്റവും കൂടുതല്‍ ബോംബുകള്‍ വര്‍ഷിച്ച ജപ്പാന് നഗരമാണ് നഗോയ. അതിനെയെല്ലാം അതിജീവിച്ച് രാജ്യത്തെ വ്യവസായകേന്ദ്രമായി ഉയര്‍ത്തെഴുന്നേറ്റ ഈ നഗരത്തിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

ബോംബുവർഷങ്ങളെ അതിജീവിച്ച് വികാസപാതയിലെത്തിയ രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ ബോംബുവർഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഹിരോഷിമ, നാഗസാക്കി എന്നീ പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ, അതിനും മൂന്നുവർഷങ്ങൾക്കുമുമ്പ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ചുട്ടുചാമ്പലാക്കിയ ജപ്പാനിലെ പ്രധാന ഇടങ്ങളിലൊന്നാണ് നഗോയ നഗരം.
1941-ൽ പേൾഹാർബറിൽ അമേരിക്കൻ നാവികകേന്ദ്രത്തിൽ ജപ്പാൻ ആക്രമണം നടത്തി. നാലുമാസം പിന്നിട്ടപ്പോഴേക്കും അമേരിക്കൻ യുദ്ധവിമാനങ്ങൾ നഗോയയിൽ ആദ്യത്തെ ആക്രമണം നടത്തി. 1942 ഏപ്രിൽ പതിനെട്ടിലായിരുന്നു അത്. 'ഡൂലിറ്റിൽ റെയ്ഡ്' എന്നാണ് ഈ യുദ്ധം അറിയപ്പെട്ടത്. പിന്നീട് അങ്ങോട്ട് മൂന്നുവർഷം നഗോയ ലക്ഷ്യമിട്ടാണ് എണ്ണമറ്റ ബോംബുവർഷമുണ്ടായത്. ഹിരോഷിമയിൽ ആറ്റംമ്പോംബ് വർഷിക്കുന്നതിന് ഒമ്പതുദിവസംമുമ്പും നഗോയയിൽ അമേരിക്ക ബോംബിട്ടു.
തുറമുഖകേന്ദ്രമെന്ന നിലയിൽ നഗോയയ്ക്കുണ്ടായിരുന്ന പ്രാധാന്യവും യുദ്ധസാമഗ്രികളും യുദ്ധവിമാനങ്ങളും നിർമിച്ചിരുന്ന ഇടമെന്ന നിലയിലുമാണ് നഗോയ അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നത്. ജപ്പാന്റെ യുദ്ധവിമാനങ്ങളിൽ പകുതിയോളവും നിർമിച്ചിരുന്നത് നഗോയയിലായിരുന്നു. യുദ്ധവിമാനങ്ങളായ 'മിറ്റ്‌സുബിഷി എ-6എം സീറോ' ഉൾപ്പെടെ ഇവിടെയാണ് നിർമിച്ചിരുന്നത്. അതുകൊണ്ടുതന്നെ നഗോയ തകർക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു.
ബി-25 എന്ന ഇരട്ട എൻജിൻ വിമാനമാണ് നഗോയയിൽ ആദ്യം ബോംബ് വർഷിച്ചത്. മിറ്റ്‌സുബിഷിയുടെ സൈനിക ഫാക്ടറി, വിമാന നിർമാണശാല എന്നിവ ആക്രമിക്കപ്പെട്ടു. സൈനികകേന്ദ്രമായിരുന്ന നഗോയ കാസിൽ, യുദ്ധസാമഗ്രികൾ നിർമിച്ചിരുന്ന ഇടങ്ങൾ എന്നിവയും ആക്രമണത്തിനിരയായി.
1945 മാർച്ച് 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ നഗോയയിൽ മാരക ആക്രമണമുണ്ടായി. മിറ്റ്‌സുബിഷി വിമാനനിർമാണ കമ്പനി പൂർണമായി തകർക്കപ്പെട്ടു. 1945 മേയ് പകുതിയോടെയുണ്ടായ ആക്രമണത്തിൽ, സൈനികകേന്ദ്രമായിരുന്ന നഗോയ കോട്ട തകർന്നു. 1945 ജൂലായ് 26-ന് ഇവിടെ അന്ത്യബോംബ് വർഷിച്ചു.
വിവിധ ആക്രമണങ്ങളിലായി 14,054 ടൺ ബോംബ് നഗോയയിൽ മാത്രം വർഷിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കണക്കാക്കലുകൾ. ഒരു സ്ഥലത്ത് ഒറ്റത്തവണയായി അമേരിക്ക ഏറ്റവും കൂടുതൽ അളവിൽ ബോംബുവർഷിച്ചത് നഗോയയിലാണ്-3162 ടൺ. ജപ്പാനിൽ ടോക്കിയോ യുദ്ധശേഷം ഏറ്റവും കൂടുതൽ ആക്രമണമുണ്ടായ സ്ഥലവും നഗോയതന്നെ. 1.13 ലക്ഷം കെട്ടിടങ്ങൾ തകർന്നു. 3800-ഓളം പേർ മരിച്ചു. 4.71 ലക്ഷം പേർ ഭവനരഹിതരായി.
ഇന്ന് ജപ്പാന്റെ എട്ടു മേഖലയിലൊന്നായ ച്യൂബുവിലെ ഏറ്റവും വലിയ നഗരമാണ് നഗോയ. ഐച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനവും ഹെവിലൈൻ എണ്ണപ്പെടുന്നതുമായ നഗരവും നഗോയതന്നെ. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന തുറമുഖമെന്നത് നഗോയയുടെ അതിവേഗം വളരുന്ന വ്യവസായകേന്ദ്രമാക്കി. കാർ, മോട്ടോറുകൾ, വിമാനഭാഗങ്ങൾ, സെറാമിക്‌സ്, വിവിധ യന്ത്രങ്ങളുടെ ഭാഗങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങി ഒട്ടേറെ വ്യവസായങ്ങളുടെ കേന്ദ്രമാണിന്ന് നഗോയ. നിലവിൽ 24 ലക്ഷത്തോളമാണ് ജനസംഖ്യ. യുദ്ധത്തിന്റെ ഓർമകളെ കൂടഞ്ഞെറിഞ്ഞ് കായികമാമാങ്കത്തിന് കാതോർക്കുകയാണിന്ന് നഗോയ.
Content Highlights: Nagoya history, Nagoya World War II bombings, Asian Games host city Nagoya, Nagoya industrial hub Japan, Doolittle Raid Nagoya
Published: 17 Sept 2026, 09:19 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented