സിങ്കപ്പുര്‍ സിറ്റി: ഫോര്‍മുലവണ്‍ കാറോട്ടത്തിലെ സിങ്കപ്പുര്‍ ഗ്രാന്‍പ്രീക്ക് ഇറങ്ങുമ്പോള്‍ റെഡ്ബുളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ മോഹിക്കുന്നത് രണ്ടാം ലോകകിരീടം. കാര്യങ്ങള്‍ അനുകൂലമായാല്‍ അഞ്ച് റേസുകള്‍ ബാക്കിനില്‍ക്കെ ഡച്ച് ഡ്രൈവര്‍ക്ക് ലോകകിരീടത്തില്‍ തുടര്‍ച്ചയായ രണ്ടാംതവണ മുത്തമിടാം.

To advertise here,

സിങ്കപ്പൂരില്‍ കിരീടം നേടുന്നതിനൊപ്പം എതിരാളികളായ ചാള്‍സ് ലെക്ലര്‍ക്കും സെര്‍ജിയോ പെരസും ആദ്യ സ്ഥാനങ്ങളില്‍ എത്താതിരിക്കുകയും ചെയ്താല്‍ വെസ്റ്റപ്പന് കിരീടം സ്വന്തമാകും. ഇപ്പോള്‍ വെസ്റ്റപ്പന് 335 പോയന്റുണ്ട്. ഫെരാരിയുടെ ലെക്ലര്‍ക്ക് 219 പോയന്റുമായി രണ്ടാമതും റെഡ്ബുളിന്റെതന്നെ സെര്‍ജിയോ പെരസ് 210 പോയന്റുമായി മൂന്നാമതുമാണ്.

വേഗമേറിയ ലാപ്പ് സ്വന്തമാക്കി വെസ്റ്റപ്പന്‍ ജയിക്കുകയും ലെക്ലര്‍ക്ക് എട്ടോ അതില്‍താഴെയോ സ്ഥാനത്തും പെരസ് നാലോ അതില്‍ താഴെ സ്ഥാനത്തോ ഫിനിഷ് ചെയ്യുകയും ചെയ്താല്‍ ലോക കിരീടം ഡച്ച് ഡ്രൈവര്‍ ഉറപ്പിക്കും. വേഗമേറിയ ലാപ്പില്ലാതെയാണ് വെസ്റ്റപ്പന്‍ ഒന്നാമതെത്തുന്നതെങ്കില്‍ ലെക്ലര്‍ക്ക് ഒമ്പതാം സ്ഥാനത്തും പെരസ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്താലും മതി. അവശേഷിക്കുന്ന അഞ്ച് റേസുകളില്‍നിന്ന് പരമാവധി നേടാന്‍ കഴിയുന്നത് 138 പോയന്റാണ്.

അവസാന അഞ്ച് ഗ്രാന്‍പ്രീകളിലും വെസ്റ്റപ്പനാണ് ജയിച്ചത്. സീസണില്‍ 11 ഗ്രാന്‍പ്രീകളില്‍ കിരീടം നേടിയിട്ടുണ്ട്.