ഒഡിനീസ്: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ശ്രീകാന്ത് ഹോങ് കോങ്ങിന്റെ എന്‍ജി കാ ലോങ് ആംഗസിനെ കീഴടക്കി.

To advertise here,

മൂന്ന് ഗെയിം നീണ്ട ഉശിരന്‍ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ഇന്ത്യന്‍ താരം പിന്നീടുള്ള രണ്ട് ഗെയിമുകളും നേടിയാണ് മത്സരം സ്വന്തമാക്കിയത്. മത്സരം 56 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 17-21, 21-14, 21-12. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് ആംഗസ്.

മുന്‍ ലോക ഒന്നാം നമ്പറും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയ ശ്രീകാന്ത് രണ്ടാം ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് താരം ഈ കിരീടം സ്വന്തമാക്കിയിരുന്നു. അടുത്ത റൗണ്ടില്‍ 2021-ലെ ലോകചാമ്പ്യന്‍ സിങ്കപ്പൂരിന്റെ ലോഹ് കീനാണ് ശ്രീകാന്തിന്റെ എതിരാളി.