ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ്.പ്രണോയ് ഒന്‍പതാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഒന്‍പതാം റാങ്കിലെത്തിയത്. 

To advertise here,

ഈയിടെ അവസാനിച്ച ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 സീരിസില്‍ പ്രണോയ് ക്വാര്‍ട്ടറിലെത്തിയിരുന്നു. മറ്റൊരു താരമായ ഇന്ത്യയുടെ ലക്ഷ്യ സെന്‍ 11-ാം റാങ്കിലെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ലക്ഷ്യ 11-ാം സ്ഥാനത്തെത്തിയത്. താരവും ജപ്പാന്‍ ഓപ്പണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സെമി ഫൈനല്‍ വരെ മുന്നേറാനും ലക്ഷ്യയ്ക്ക് സാധിച്ചു. 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കിഡംബി ശ്രീകാന്ത് 19-ാം റാങ്കിലാണുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ പി.വി.സിന്ധു വനിതാ വിഭാഗം സിംഗിള്‍സില്‍ 17-ാം സ്ഥാനത്താണ്. പുരുഷ ഡബിള്‍സില്‍ അത്ഭുതപ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റാങ്കില്‍ തുടരുന്നു. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ-ഗായത്രി സഖ്യം 17-ാം സ്ഥാനത്താണ്.