ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തിൽ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻ ഡിങ് ലിറൻ, ​ഗുകേഷിനോട് തോൽവി സമ്മതിച്ചത്.  

To advertise here,

വിജയത്തോടെ,​ ഗുകേഷിന് ആറും ഡിങ് ലിറന് അഞ്ചു പോയിന്റുമാണ് ഉള്ളത്. പതിനാല് പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒന്നര പോയിന്റുകൂടി സ്വന്തമാക്കിയാൽ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാം. 

ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചറാണ് ഗുകേഷ്.  മത്സരം ജയിച്ചാൽ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കും. എന്നാൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് പ്രവചനങ്ങൾക്കപ്പുറമുള്ള സങ്കീർണയാഥാർഥ്യമായതിനാൽ ഉദ്വേഗജനകങ്ങളായ മൂന്ന് പോരാട്ടദിനങ്ങളാണ് ചെസ് പ്രേമികളെ കാത്തിരിക്കുന്നത്.