മഡ്രിഡ്: സ്പാനിഷ് ഗ്രാൻപ്രീക്ക് മുന്നോടിയായി നടന്ന അവസാന പരിശീലനമത്സരത്തിൽ ഫെരാരിയുടെ നിർദേശം അവഗണിച്ച് ലൂയിസ് ഹാമിൽട്ടൺ. റേസിങ്ങിനിടെ ഹാമിൽട്ടണിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് കാർ നിർത്താൻ ഫെരാരി ടീം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് ഡ്രൈവർ ആദ്യഘട്ടത്തിൽ അതിന് തയ്യാറായില്ല. മൂന്ന് തവണ തുടർച്ചയായി നിർദേശം നൽകിയതിന് പിന്നാലെയാണ് ഹാമിൽട്ടൺ കാർ നിർത്തിയത്.

To advertise here,

പുതിയ മാഡ്രിഡ് സർക്യൂട്ടിലെ പരിശീലന റേസിങ്ങിലാണ് നാടകീയനിമിഷങ്ങൾ അരങ്ങേറിയത്. റേസിങ്ങിനിടെ ഹാമിൽട്ടണിന്റെ വാഹനം അപകടത്തിൽപ്പെടുകയും കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ, ഇത് വകവെയ്ക്കാതെ ബ്രീട്ടീഷ് ഡ്രൈവർ റേസിങ് തുടർന്നു. ഉടൻ തന്നെ ഫെരാരി ടീം ഹാമിൽട്ടണിന് കാർ നിർത്താനുള്ള നിർദേശം നൽകുകയായിരുന്നു. എന്നാൽ,  അതും ഹാമിൽട്ടൺ ഗൗനിച്ചില്ല. ഫെരാരി ടീമും ഹാമിൽട്ടണും തമ്മിൽ നടന്ന സംഭാഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് കാർ നിർത്തൂവെന്ന് റേസ് എൻജിനീയർ ഹാമിൽട്ടണിനോട് പറഞ്ഞു. എന്നാൽ ‘തിരികെയെത്താൻ സാധിക്കുമെങ്കിൽ ഞാൻ വരാം, ഇല്ലെങ്കിൽ സുരക്ഷിതമായി നിർത്താം’, ഹാമിൽട്ടൺ മറുപടി പറഞ്ഞു. അതോടെ വീണ്ടും ഫെരാരി ടീം നിർദേശം നൽകി. കാറിന്റെ വലതുവശത്തെ ടയർ പഞ്ചറായെന്നും കാർ നിർത്തൂവെന്നും ആവർത്തിച്ചു. എന്നാൽ തനിക്കത് കാണാൻ സാധിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് ഹാമിൽട്ടൺ നൽകിയത്. പിന്നാലെ ഹാമിൽട്ടൺ റേസ് തുടരുകയായിരുന്നു. ഒടുവിൽ അൽപ്പം കഴിഞ്ഞാണ് ഹാമിൽട്ടൺ കാർ നിർത്താൻ തയ്യാറായത്.

തകർന്ന കാറുമായി അപകടകരമായ രീതിയിലാണ് ഹാമിൽട്ടൺ ട്രാക്കിലൂടെ സഞ്ചരിച്ചതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാർ നിർത്താൻ തയ്യാറാവാത്തതും നിർദേശങ്ങൾ അവഗണിച്ചതും ബ്രിട്ടീഷ് ഡ്രൈവർക്ക് തിരിച്ചടിയായേക്കും. മാത്രമല്ല, തകർന്ന കാറുമായി സഞ്ചരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പിഴയടക്കം ലഭിച്ചേക്കാം. എന്നാൽ നിലവിൽ സംഭവത്തെ കുറിച്ച് മറ്റ് അന്വേഷണങ്ങളൊന്നും നടക്കുന്നില്ല.

സ്പെയിനിലെ മാഡ്രിഡിൽ അരങ്ങേറാനിരിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വേദിയാകുന്ന പുതിയ 'മാഡ്രിംഗ് സർ' സർക്യൂട്ട് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഈ ട്രാക്കിൽ അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോർമുല വൺ ഡ്രൈവർമാർ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും അപകടസാധ്യതയേറിയ സർക്യൂട്ടുകളിൽ ഒന്നാണിതെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഡ്രൈവർ ജോർജ്ജ് റസ്സൽ പ്രതികരിച്ചത്.