പാരീസ്: തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലേക്ക് മുന്നേറി പോളണ്ടിന്റെ ഒന്നാം സീഡ് ഇഗ സ്വിയാടെക്. സെമിയില്‍ യു.എസിന്റെ മൂന്നാം സീഡ് കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-4) കീഴടക്കിയാണ് ഇഗയുടെ ഫൈനല്‍ പ്രവേശനം. ഫ്രഞ്ച് ഓപ്പണില്‍ താരത്തിന്റെ തുടര്‍ച്ചയായ 20-ാം വിജയം കൂടിയായിരുന്നു ഇത്. താരത്തിന്റെ കരിയറിലെ അഞ്ചാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്.

To advertise here,

ഒരു മണിക്കൂര്‍ 37 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ആധികാരിക ജയം നേടിയാണ് ഇഗ ഫൈനലില്‍ കടന്നത്. 2012, 2013, 2014 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിച്ച മരിയ ഷറപ്പോവയ്ക്കു ശേഷം തുടര്‍ച്ചയായി മൂന്നു വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്ന വനിതാ താരമാണ് ഇഗ സ്വിയാറ്റെക്. ഇതോടൊപ്പം കിരീടം നേടിയാല്‍ 2005 മുതല്‍ 2007 വരെ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ബെല്‍ജിയത്തിന്റെ ജസ്റ്റിന്‍ ഹെനിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡും ഇഗയെ കാത്തിരിപ്പുണ്ട്.

ഇറ്റാലിയന്‍ താരം ജാസ്മിന്‍ പയോലിനി, റഷ്യയുടെ മിറ ആന്‍ഡ്രീവ മത്സര വിജയികളെ ഫൈനലില്‍ ഇഗ നേരിടും.